കാസർകോട്: കിഴക്കമ്പലത്ത് കിറ്റെക്സ് തൊഴിലാളികളായ ഇതരസംസ്ഥാനക്കാർ പൊലീസിന് നേർക്ക് അക്രമം നടത്തിയ സംഭവത്തിൽ ലേബർ കമ്മീഷണറോട് അന്വേഷിച്ച് റിപ്പോർട്ട് നൽകാൻ ആവശ്യപ്പെട്ടതായി തൊഴിൽ മന്ത്രി വി ശിവൻകുട്ടി. പുതിയ വിവരങ്ങളുടെ അടിസ്ഥാനത്തിൽ വിശദമായ പരിശോധന നടത്താനും, എത്രയും പെട്ടെന്ന് റിപ്പോർട്ട് നൽകാനുമാണ് ആവശ്യപ്പെട്ടിട്ടുള്ളത്. എന്താണ് കിഴക്കമ്പലത്തെ തൊഴിലാളികൾക്ക് ഇടയിൽ സംഭവിച്ചതെന്നാണ് പ്രധനമായും പരിശോധിക്കുന്നത്.

ലേബർ ക്യാമ്പുകളെ സംബന്ധിച്ചും, തൊഴിൽ നിയമങ്ങൾ പാലിക്കുന്നുണ്ടോ, തൊഴിൽ നിയമങ്ങൾ ലംഘിക്കപ്പെട്ടിട്ടുണ്ടോ തുടങ്ങിയ കാര്യങ്ങളാണ് അന്വേഷിക്കേണ്ടത്. മുമ്പ് കിറ്റെക്സിൽ ലേബർ വകുപ്പിന്റെ എൻഫോഴ്സ്മെന്റ് പരിശോധനയ്ക്ക് പോയതുമായി ബന്ധപ്പെട്ട് ചില പ്രശ്നങ്ങൾ ഉണ്ടായിരുന്നു.

അതും ഇതുമായി കൂട്ടിക്കുഴയ്ക്കേണ്ടതില്ലെന്ന് മന്ത്രി പറഞ്ഞു. കിറ്റെകിസിലെ അക്രമവുമായി ബന്ധപ്പെട്ട് ജില്ലാ ലേബർ ഓഫീസർ ഇന്നലെ സർക്കാരിന് പ്രാരംഭ റിപ്പോർട്ട് നൽകിയിരുന്നു. രണ്ട് ബ്ലോക്കുകളിലായി 1758 തൊഴിലാളികൾ ഉള്ളതായാണ് വിവരം. എന്നാൽ 500 തൊഴിലാളികൾ മാത്രമേ ഉള്ളൂ എന്നാണ് കിറ്റെക്സ് മാനേജ്മെന്റ് പറയുന്നത്. കിഴക്കമ്പലത്തെ അക്രമവുമായി ബന്ധപ്പെട്ട് തൊഴിൽ വകുപ്പിന് പുറമേ, പൊലീസും അന്വേഷിക്കുന്നുണ്ട്. ക്രമസമാധാനവുമായി ബന്ധപ്പെട്ട, പൊലീസിനെതിരായ അക്രമങ്ങളുമായി ബന്ധപ്പെട്ട കാര്യങ്ങളാണ് പൊലീസ് അന്വേഷിക്കുന്നതെന്നും മന്ത്രി പറഞ്ഞു.

അതേസമയം ലേബർ ഡിപ്പാർട്ട് മെന്റിൽ രജിസ്റ്റർ ചെയ്തിട്ടുള്ള 50 ലക്ഷം വരുന്ന തൊഴിലാളികൾക്ക് ഹെൽത്ത് കം ലൈഫ് ഇൻഷുറൻസ് ഏർപ്പെടുത്തുന്നത് സർക്കാരിന്റെ പരിഗണനയിലുണ്ട്. നോക്കുകൂലിക്കെതിരെ ശക്തമായ നടപടിയാണ് സർക്കാർ കൈക്കൊണ്ടിട്ടുള്ളത്. എവിടെയെങ്കിലും സംഭവിച്ച ചെറിയ കാര്യമാണ് പർവതീകരിച്ച് വരുന്നത്. നോക്കുകൂലിക്കെതിരെ പ്രചാരണം നടത്താൻ ലേബർ വകുപ്പ് തീരുമാനിച്ചിട്ടുണ്ട്.

തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം

18 മേഖലകളിൽ മികച്ച തൊഴിലാളികൾക്ക് തൊഴിലാളി ശ്രേഷ്ഠ പുരസ്‌കാരം നൽകുമെന്നും മന്ത്രി പറഞ്ഞു. ഒരു ലക്ഷം രൂപയാണ് സമ്മാനത്തുക. ജനുവരി 31 നകം സമ്മാനം വിതരണം ചെയ്യും. മികച്ച തൊഴിലാളികളെ കണ്ടെത്തുന്ന സ്ഥാപനങ്ങൾക്ക് ഗ്രേഡ് നൽകാനും സർക്കാർ തീരുമാനിച്ചു. വജ്ര, സുവർണ, രജത തുടങ്ങിയ മൂന്നു തരത്തിലാണ് ഗ്രേഡുകൾ നൽകുക. തൊഴിൽ രംഗത്തെ പ്രശ്നങ്ങൾ പരിഹരിക്കാനായി തൊഴിൽ അദാലത്ത് നടത്താനും തീരുമാനിച്ചിട്ടുണ്ടെന്ന് മന്ത്രി വി ശിവൻകുട്ടി പറഞ്ഞു.