കണ്ണൂർ: റിപ്പബ്‌ളിക്ക് ദിനത്തിൽ കർഷക സമരത്തെ നയിച്ച് ട്രാക്ടർ ഓടിച്ചും ഷാജഹാൻപൂരിൽ കൊടും മഞ്ഞും വെയിലും കൊണ്ട് കർഷകസമരത്തിന്റെ തീപ്പൊരി അണയാതെ നോക്കുകയും ചെയ്ത കെ.കെ രാഗേഷ് ഡൽഹിയിൽ നിന്നും വീണ്ടും സംസ്ഥാന രാഷ്ട്രീയത്തിൽ സജീവമായേക്കും. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവായ ജോൺ ബ്രിട്ടാസും എസ്.എഫ്.ഐ മുൻ അഖിലേന്ത്യാ നേതാവായ ടി.ശിവദാസനും രാജ്യസഭാ ടിക്കറ്റും വാങ്ങി ഡൽഹിയിലേക്ക് വണ്ടി കയറുമ്പോൾ ഏപ്രിൽ 30ന് തന്റെ ഡൽഹി ദൗത്യം കഴിഞ്ഞ് ബാറ്റൺ കൈമാറി അതേ വണ്ടിയിൽ കെ.കെ രാഗേഷ് തിരിച്ചെത്തും. സിപിഎമ്മിലെ താക്കോൽ സ്ഥാനമാണ് കണ്ണൂർ ജില്ലാ സെക്രട്ടറി. ഇത് രാഗേഷിന് കിട്ടുമെന്നാണ് വിലയിരുത്തൽ. പിജെ ആർമിയെ പ്രതിരോധിക്കാന് അതിവിശ്വസ്തനെ പിണറായി രംഗത്തിറക്കുമെന്നാണ് സൂചന.

കർഷക സമരത്തിന് നേതൃത്വം നൽകിയ രാഗേഷിനെ ഡൽഹിയിലെ ദേശീയ രാഷ്ട്രീയത്തിൽ തന്നെ നിലനിർത്തണമെന്ന താൽപ്പര്യം സിപിഎം കേന്ദ്ര നേതൃത്വത്തിനുണ്ടായിരുന്നുവെങ്കിലും കേരളത്തിലെ പാർട്ടി പുതുമുഖങ്ങൾ തൽസ്ഥാനത്തേക്ക് വരട്ടെയെന്ന നിലപാടാണ് സ്വീകരിച്ചത്. മുഖ്യമന്ത്രിയുടെ മാധ്യമ ഉപദേഷ്ടാവ് ജോൺ ബ്രിട്ടാസിന്റെയും ശിവദാസിന്റെയും പേരുകൾ മുൻനിരയിലേക്ക് വന്നപ്പോൾ കെ.കെ രാഗേഷും വിജു കൃഷ്ണനും എ.എ റഹിമും തഴയപ്പെടുകയായിരുന്നു. മന്ത്രി തോമസ് ഐസക്ക്, പി.ജയരാജൻ, സഹോദരി പി.സതീദേവി എന്നിവരുടെ പേരുകളും സാധ്യതാ പട്ടികയിലുണ്ടായിരുന്നുവെങ്കിലും ഒടുവിൽ തഴയപ്പെട്ടു.

മുഖ്യ മന്ത്രി പിണറായി വിജയന്റെ അതീവ വിശ്വസ്തനായ രാഗേഷിനായി കണ്ണൂരിൽ നിന്നും വേണ്ടത്ര പിൻതുണ ലഭിച്ചില്ലെന്നാണ് ഇപ്പോൾ പുറത്തു വരുന്ന വിവരം. കണ്ണുരിലെ നേതാക്കൾ താൽപര്യം പ്രകടിപ്പിച്ചത് ഡോ.ശിവദാസനെ സ്ഥാനാർത്ഥിയാക്കാനായിരുന്നു കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ കല്യാശേരി യിൽ ശിവദാസൻ മത്സരിക്കുമെന്ന അഭ്യൂഹമുണ്ടായിരുന്നുവെങ്കിലും താരതമ്യേനെ ജൂനിയറായ എം.വി ജിനിനാണ് നറുക്ക് വീണത്. ഇതിനു മുൻപ് കണ്ണുർ ലോകസഭാ മണ്ഡലത്തിൽ പി.കെ ശ്രീമതിക്കു പകരം പാർട്ടിയിൽ സ്ഥാനാർത്ഥിയായി ഉയർന്നു വന്ന പേരും ശിവദാസന്റെത് തന്നെയായിരുന്നു. ഇപ്പോൾ സിപിഎം സംസ്ഥാന കമ്മിറ്റിയംഗമായി തിരുവനന്തപുരം കേന്ദ്രീകരിച്ച് പ്രവർത്തിച്ചു വരികയാണ് ശിവദാസൻ.

സിപിഎം ജില്ലാ സെക്രട്ടറിയേറ്റംഗം വത്സൻ പനോളിയുടെ മരുമകൻ കൂടിയാണ്. പി.ജയരാജനുമായുള്ള അകൽച്ചയ്ക്കുശേഷം കുത്തുപറമ്പ് മേഖലയിൽ മുഖ്യമന്ത്രിയുടെ സ്വാധീനത്തിന് വിള്ളൽ വീഴാതെ അരക്കെട്ടുറപ്പിക്കുന്ന മന:സാക്ഷി സൂക്ഷിപ്പുകാരന്റെ റോളാണ് വത്സൻ പനോളി നിർവഹിക്കുന്നത്. പാർട്ടി കണ്ണൂർ ജില്ലാ നേതൃത്വത്തിൽ വത്സൻ പനോളിക്കുള്ള ആഴത്തിലുള്ള സ്വാധീനവും ശിവദാസിന് അനുകൂലമായ ഘടകമായി. മുഖ്യമന്ത്രിയുടെ അതീവ വിശ്വസത്‌നായ കെ.കെ രാഗേഷിന്റെ അതിവേഗത്തിലുള്ള രാഷ്ട്രിയ വളർച്ച ഏറെ കരുത്തരായ നേതാക്കളുള്ള കണ്ണൂർ പാർട്ടിയിൽ അസ്വാരസ്യങ്ങൾ സൃഷ്ടിച്ചിരുന്നു.

കണ്ണൂരിലെ കൂടാളി കാഞ്ഞിരോട് തലമുണ്ടയിലെ സാധാരണ പാർട്ടി പ്രവർത്തകനായ കെ.കെ രാഗേഷ് വളരെ പെട്ടെന്നാണ് എസ്.എഫ്.ഐ ദേശീയ ഭാരവാഹിയാകുന്നത്. പിണറായി വിജയന്റെ അനുഗ്രഹാശിസുകളോടെ കെ.സുധാകരനെതിരെ കണ്ണുർ ലോക്‌സഭാ മണ്ഡലത്തിൽ തെരഞ്ഞെടുപ്പ് അങ്കത്തിനിറങ്ങിയപ്പോഴാണ് രാഗേഷ് സ്വന്തം പാർട്ടിക്കാർക്കു പോലും സുപരിചിതനാകുന്നത്. എന്നാൽ തെരഞ്ഞെടുപ്പിൽ സുധാകരനോട് 45,000 വോട്ടുകൾക്ക് പരാജയപ്പെട്ടതോടെ രാഗേഷിനെതിരെ പാർട്ടിക്കുള്ളിൽ നിന്നു പോലും വിമർശനം ഉയർന്നു. അപ്പോഴും ആശ്രിതവത്സലനായ പിണറായി കൈവിടാൻ തയ്യാറായിരുന്നില്ല.

ജനങ്ങൾ തോൽപ്പിച്ചു വിട്ട യുവനേതാവിനെ രാജ്യസഭാ ടിക്കറ്റ് നൽകി ഡൽഹിയിലേക്ക് അയച്ചു. ഇതിനിടെയിൽ സംസ്ഥാന സമിതിയിലേക്കും രാഗേഷ് പ്രവേശിച്ചു. നവ മാധ്യമങ്ങൾ വഴി രാഗേഷ് നടത്തിയ ഇടപെടലുകളും അനായസം കാര്യങ്ങൾ പഠിച്ച് ഇംഗ്ലീഷിൽ നന്നായി അവതരിപ്പിക്കാനുള്ള കഴിവും രാഗേഷിനെ രാജ്യസഭയിൽ സിപിഎമ്മിന്റെ മുന്നണി പോരാളിയാക്കി. ഇതിനോടൊപ്പം നാട്ടിൽ ഒട്ടേറെ വികസന പ്രവർത്തനങ്ങളിൽ എംപി ഫണ്ട് ചെലവഴിക്കാനും കഴിഞ്ഞു. സ്വന്തം നാട്ടിലെ സ്‌കൂളായ മുണ്ടേരി ഗവ.ഹയർ സെക്കൻഡറി സ്‌കൂളിനെ അന്താരാഷ്ട്ര നിലവാരമുള്ള ഹൈടെക്ക് സൗകര്യമൊരുക്കിയത് രാഗേഷിന്റെ പ്രധാന നേട്ടങ്ങളിലൊന്നാണ്.

ഇതിനിടെയിൽ പി.ജയരാജന്റെ വ്യക്തിപൂജാ വിവാദം ഉയർന്നു വന്നപ്പോൾ പാർട്ടി കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് പരിഗണിക്കപ്പെട്ട പേരുകളിലൊന്ന് കെ കെ രാഗേഷിന്റെതായിരുന്നു.എന്നാൽ കണ്ണുരിലെ താപ്പാനകളായ നേതാക്കളുടെ എതിർപ്പു കാരണം എം.വി ജയരാജനായി വഴിമാറികൊടുക്കേണ്ടി വന്നു. എൽ.ഡി.എഫ് തുടർ ഭരണം വരികയാണെങ്കിൽ എം.വി ജയരാജൻ വീണ്ടും മുഖ്യമന്ത്രിയുടെ ഓഫീസിലേക്ക് തന്നെ മടങ്ങുമെന്നാണ് കരുതുന്നത്. അതു കൊണ്ടു തന്നെ വരുന്ന പാർട്ടി സമ്മേളനത്തോടെ കെ.കെ രാഗേഷ് കണ്ണൂർ ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് വരാൻ സാധ്യതയേറിയിട്ടുണ്ട്.

ജയിംസ് മാത്യു എംഎ‍ൽഎയുടെ പേരും ജില്ലാ സെക്രട്ടറി സ്ഥാനത്തേക്ക് ഉയർന്നു കേൾക്കുന്നുണ്ടെങ്കിലും മുഖ്യമന്ത്രിയുടെ താൽപ്പര്യത്തിനായിരിക്കും മുൻഗണന ലഭിക്കുക. നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റു നിഷേധിക്കപ്പെട്ട പി.ജയരാജന് രാജ്യസഭാ സീറ്റു നൽകുമെന്ന അഭ്യൂഹം പാർട്ടിയിൽ പരന്നിരുന്നുവെങ്കിലും ഒടുവിൽ വീണ്ടും അവഗണിക്കുക തന്നെയായിരുന്നു. ജയരാജന് രാജ്യസഭാ സീറ്റ് നൽകിയില്ലെന്ന് മാത്രമല്ല ഈ വിഷയം ചർച്ചയായിപ്പോലും സംസ്ഥാന സെക്രട്ടറിയേറ്റിൽ വന്നില്ലെന്നാണ് സൂചന. അദ്ദേഹത്തിന്റെ സഹോദരിയും ജനാധിപത്യ മഹിളാ അസോസിയേഷൻ നേതാവുമായ പി.സതീദേവിയുടെ സ്ഥാനാർത്ഥിത്വവും വനിതാ പ്രാതിനിധ്യത്തിന്റെ പേരിൽ ഉയർന്നു വന്നു വെങ്കിലും അതും പരിഗണിക്കപ്പെട്ടിട്ടില്ല.

മന്ത്രി ജി.സുധാകരൻ, ഡോ.ടി.എൻ സീമ എന്നീ നേതാക്കളുടെ പേരും ഇക്കുറി രാജ്യസഭാ സിറ്റി നായി പരിഗണിക്കപ്പെട്ടിരുന്നു. കെ.പി ഉണ്ണികൃഷ്ണനും കെ.മോഹനനും ശേഷം മാധ്യമ പ്രവർത്തനമേഖലയിൽ നിന്നും രാജ്യസഭയിലേക്ക് എത്തുന്നവരിൽ ഒരാളാണ് കൈരളി എം.ഡിയായ ജോൺ ബ്രിട്ടാസ് ' മറ്റൊരു മത്സരാർത്ഥി ഡോ.ശിവദാസും ബ്രിട്ടാസും കണ്ണുർ ജില്ലക്കാരാണ്.