തിരുവനന്തപുരം: വടകരയിലെ യുഡിഎഫ് സ്ഥാനാർത്ഥി നിർണയത്തിൽ വീണ്ടും ട്വിസ്റ്റ്. വടകരയിൽ ഇക്കുറി കോൺ​ഗ്രസ് സ്ഥാനാർത്ഥി ഉണ്ടാകില്ലെന്ന് ഉറപ്പായി. ആർഎംപി നേതാവ് കെ കെ രമ വ‌‌ടകരയിൽ മത്സരിക്കാൻ സന്നദ്ധയായതോടെയാണ് യുഡിഎഫ് സ്ഥാനാർത്ഥിയെ നിർത്തേണ്ട എന്ന് വീണ്ടും തീരുമാനിച്ചത്. പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയാണ് ഇക്കാര്യത്തിൽ വ്യക്തത വരുത്തിയത്.

വടകരയിൽ കെ.കെ.രമ മൽസരിക്കാൻ സന്നദ്ധത അറിയിച്ചെന്ന് രമേശ് ചെന്നിത്തല വ്യക്തമാക്കി. കെ.കെ.രമയ്ക്ക് യുഡിഎഫ് പിന്തുണ നൽകുമെന്നും ചെന്നിത്തല പറഞ്ഞു. അതേസമയം, പിന്തുണ ആർഎംപിക്കല്ല, കെ കെ രമയ്ക്കാണ് എന്ന നിലപാടാണ് കോൺ​ഗ്രസിന്റേത്. രമ മൽസരിക്കില്ലെന്ന് അറിയിച്ചതിനാൽ കോൺഗ്രസ് വടകര സീറ്റ് തിരിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ നടത്തിയ ഇടപെടലാണ് ഫലം കണ്ടത്. സ്ഥാനാർത്ഥിപ്പട്ടികയുടെ പേരിലുള്ള പ്രതിഷേധങ്ങൾ രണ്ടുദിവസം കൊണ്ട് അവസാനിക്കുമെന്നും രമേശ് ചെന്നിത്തല. ബിജെപി ഇത്തവണ ഒരു സീറ്റുപോലും നേടില്ല. നേമത്ത് കോൺഗ്രസ് പുലിമടയിൽ ചെന്ന് പുലിയോട് ഏറ്റുമുട്ടുകയാണെന്നും ചെന്നിത്തല പറഞ്ഞു.

വടകര സീറ്റിൽ കോൺഗ്രസ് തന്നെ മത്സരിക്കുമെന്ന് യു.ഡി.എഫ്. കൺവീനർ എം.എം. ഹസൻ ഇന്ന് വ്യക്തമാക്കിയിരുന്നു. കെ.കെ. രമ മത്സരിക്കുന്നില്ലെന്ന് അറിയിച്ചതിനാൽ സീറ്റ് തിരിച്ചെടുക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. കെ.കെ. രമ മത്സരിക്കണം എന്ന അഭ്യർത്ഥനയോടെയാണ് വടകര സീറ്റ് ആർ.എംപി.ക്ക് നൽകിയത്. രമ മത്സരിക്കുന്നില്ല എന്ന് അറിയിച്ച സ്ഥിതിക്ക് വടകരയിൽ യു.ഡി.എഫിന്റെ മറ്റൊരു സ്ഥാനാർത്ഥിയെ നിർത്താനായിരുന്നു കോൺ​ഗ്രസിന്റെ പദ്ധതി. എന്നാൽ, പിന്നീട് ആർഎംപി നേതൃത്വം നടത്തിയ തിരക്കിട്ട ചർച്ചകൾക്കൊടുവിലാണ് രമ മത്സരിക്കാനുള്ള സന്നദ്ധത അറിയിച്ചത്.

കെകെ രമ മത്സരിക്കാൻ ഇല്ലെന്ന് അറിയിച്ചതോടെ വേണുവിനെ മത്സരിപ്പിക്കാനായിരുന്നു ആർഎംപിയുടെ തീരുമാനം. ഇതിന്റെ അടിസ്ഥാനത്തിൽ കോൺഗ്രസ് പിന്തുണയ്ക്കില്ലെന്നും സ്വന്തം സ്ഥാനാർത്ഥിയെ നിർത്തുമെന്നും അറിയിച്ചിരുന്നു. ധർമ്മടത്ത് പിണറായി വിജയനെതിരെ കോൺഗ്രസ് തന്നെ മൽസരിക്കും. ഇതോടെ കോൺഗ്രസ് മൽസരിക്കുന്ന സീറ്റുകളുടെ എണ്ണം 93ആയി. യുഡിഎഫിന്റെ പ്രകടനപത്രികശനിയാഴ്ച പുറത്തിറക്കും

നിലവിൽ ഇടതുപക്ഷത്തിന്റെ കൈയിലാണ് വടകര മണ്ഡലം. ജെഡിഎസ് നേതാവ് സികെ നാണുവാണ് എംഎൽഎ. 2016ൽ എതിർ സ്ഥാനാർത്ഥിയായിരുന്ന മനയത്ത് ചന്ദ്രന്റെ എൽജെഡിയും ഇപ്പോൾ ഇടതുപക്ഷത്തിനൊപ്പമാണ്. എന്നാൽ വടകരയിൽ ജനപിന്തുണയുള്ള ആർഎംപി യുഡിഎഫിനൊപ്പം ചേർന്ന് മത്സരിക്കുകയാണെങ്കിൽ ഇവിടെ ഫലം പ്രവചനാതീതമായേക്കും.

ജെഡിഎസും എൽജെഡിയും രണ്ട് മുന്നണികളിലായിരിക്കെയാണ് 2016ലെ നിയമസഭാ തെരഞ്ഞെടുപ്പ് നടക്കുന്നത്. എൽജെഡി അന്ന് ജെഡിയു ആയിരുന്നു. ഇടതുപക്ഷത്തിനായി ജെഡിഎസിലെ സികെ നാണുവും വലതുപക്ഷത്തിനായി ഇന്നത്തെ എൽജെഡിയിലെ മനയത്ത് ചന്ദ്രനുമാണ് മത്സരിച്ചത്. ബിജെപിക്കായി എം രാജേഷ് കുമാറും മത്സരത്തിനിറങ്ങി. ആർഎംപിക്കും വടകരയിൽ സ്ഥാനാർത്ഥിയുണ്ടായിരുന്നു. ടിപി ചന്ദ്രശേഖരന്റെ ഭാര്യ കെകെ രമയായിരുന്നു ആർഎംപിക്കായി കഴിഞ്ഞതവണ മത്സരിച്ചത്.

തെരഞ്ഞെടുപ്പ് ഫലം പുറത്തുവന്നപ്പോൾ സികെ നാണു 9,511 വോട്ടിന് വിജയിച്ചു. മനയത്ത് ചന്ദ്രൻ രണ്ടാമതും കെകെ രമ മൂന്നാമതും എത്തി. ബിജെപി സ്ഥാനാർത്ഥി നാലാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. ഒരു മുന്നണിയുടെയും ഭാഗമാകാതെ മത്സരിച്ചായിരുന്നു ആർഎംപി കഴഞ്ഞതവണ മൂന്നാം സ്ഥാനത്തെത്തിയത്. സികെ നാണുവിന് 49,211 വോട്ടുകളും മനയത്ത് ചന്ദ്രന് 39,700 വോട്ടുകളും ലഭിച്ചപ്പോൾ കെകെ രമയ്ക്ക് 20,504 വോട്ടുകളാണ് കിട്ടിയത്.