മുംബൈ: ദക്ഷിണാഫ്രിക്കൻ പര്യടനത്തിലെ ടെസ്റ്റ് പരമ്പരയ്ക്കുള്ള ഇന്ത്യൻ ടീമിന്റെ വൈസ് ക്യാപ്റ്റനെ പ്രഖ്യാപിച്ച് ബിസിസിഐ. ദക്ഷിണാഫ്രിക്കക്കെതിരായ മൂന്ന് മത്സര ടെസ്റ്റ് പരമ്പരയിൽ ഓപ്പണർ കെ എൽ രാഹുൽ ആയിരിക്കും ഇന്ത്യയുടെ വൈസ് ക്യാപ്റ്റനെന്ന് ബിസിസിഐ വാർത്താക്കുറിപ്പിൽ വ്യക്തമാക്കി. പരിക്കേറ്റ് പുറത്തായ രോഹിത്ത് ശർമ്മയ്ക്ക് പകരമാണ് രാഹുലിന് ചുമതല ലഭിക്കുന്നത്.

നേരത്തെ മോശം ഫോമിലുള്ള അജിങ്ക്യാ രഹാനെക്ക് പകരം ഏകദിന, ട20 നായകൻ രോഹിത് ശർമയെ ടെസ്റ്റ് ടീമിന്റെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തെങ്കിലും രോഹിത് പരിക്കിനെത്തുടർന്ന് പിന്മാറിയതിനാലാണ് പുതിയ വൈസ് ക്യാപ്റ്റനെ തെരഞ്ഞെടുക്കേണ്ടിവന്നത്. മുൻ വൈസ് ക്യാപ്റ്റൻ അജിങ്ക്യാ രഹാനെക്ക് തന്നെ വീണ്ടുമൊരു അവസരം കൂടി നൽകിയേക്കുമെന്ന് റിപ്പോർട്ടുകളുണ്ടായിരുന്നെങ്കിലും ഭാവി മുന്നിൽക്കണ്ടാണ് സെലക്ഷൻ കമ്മിറ്റി രാഹുലിനെ വൈസ് ക്യാപ്റ്റനായി തെരഞ്ഞെടുത്തത്.

ഈ മാസം 26 മുതൽ സെഞ്ചൂറിയനിലാണ് ഇന്ത്യ-ദക്ഷിണാഫ്രിക്ക പരമ്പരയിലെ ആദ്യ ടെസ്റ്റ് തുടങ്ങുന്നത്. ദക്ഷിണാഫ്രിക്കയിൽ ഇതുവരെ ടെസ്റ്റ് പരമ്പര നേടിയിട്ടില്ലെന്ന റെക്കോർഡ് മറികടകകാൻ കൂടിയാണ് ടീം ഇന്ത്യ ഇത്തവണ വിരാട് കോലിയുടെ നേതൃത്വത്തിലിറങ്ങുന്നത്.

ടെസ്റ്റ് പരമ്പരക്കുള്ള ടീമിനെ തെരഞ്ഞെടുത്തതിനൊപ്പം വിരാട് കോലിയെ ഏകദിന ക്യാപ്റ്റൻ സ്ഥാനത്തുനിന്ന് നീക്കി രോഹിത് ശർമയെ ക്യാപ്റ്റനായി പ്രഖ്യാപിച്ച സെലക്ടർമാരുടെ തീരുമാനവും ഇതിനുശേഷം ബിസിസിഐ പ്രസിഡന്റ് സൗരവ് ഗാംഗുലിയുടെ പ്രതികരണവും അതിന് ക്യാപ്റ്റൻ വിരാട് കോലി ദക്ഷിണാഫ്രിക്കയിലേക്ക് തിരിക്കും മുമ്പ് ഗാംഗുലിക്ക് നൽകിയ മറുപടിയും വിവാദമായിരുന്നു.