ലണ്ടൻ: അന്യ സമുദായക്കാരെ വിവാഹം കഴിച്ചാൽ സ്വന്തം സമുദായത്തിൽ പിന്നെ സ്ഥാനമില്ലാത്ത അവസ്ഥ മാറുകയാണോ? ക്‌നാനായ നവീകരണ സമിതിയുടെ വാദം ഇക്കഴിഞ്ഞ ഏപ്രിൽ 20നു കോട്ടയം സബ് കോടതി അംഗീകരിച്ചതോടെ സ്വന്തം നിലനിൽപ്പിനു തന്നെ വെല്ലുവിളി നേരിടുന്ന ഏറ്റവും ഗുരുതരമായ പ്രതിസന്ധിയിലേക്ക് നീങ്ങുകയാണ് ക്‌നാനായ സമുദായം എന്നാണ് വിലിയിരുത്തൽ.

ഈ കേസുമായി ബന്ധപെട്ടു സമുദായം സമൂഹ മദ്ധ്യേ ചോദ്യം ചെയ്യപ്പെടും വിധമുള്ള നിരവധി നിരീക്ഷണങ്ങളും കോടതി നടത്തിയിട്ടുണ്ട് എന്നതും ശ്രദ്ധേയമാണ്. ക്‌നാനായ നവീകരണ സമിതിക്കു വേണ്ടി ഭാരവാഹികളായ നാലുപേർ വാദികളായ കേസിൽ കോട്ടയം അതിരൂപത, രൂപത മെത്രാൻ, സിറോ മലബാർ സഭ തലവൻ മാർ ജോർജ് ആലഞ്ചേരി എന്നിവർ എതിർകക്ഷി ആയാണ് കോടതി നടപടികൾ പൂർത്തിയായത്.

ഈ കേസിൽ പ്രതി വിഭാഗം ഉയർത്തിയ എല്ലാ തടസ വാദങ്ങളും കോടതി ഭരണഘടനാ വിരുദ്ധം ആണെന്ന് ചൂണ്ടിക്കാട്ടിയാണ് തള്ളിക്കളഞ്ഞത് എന്നതും ശബരിമല ആചാര സംരക്ഷണത്തിനു ശേഷം കേരളം കാണാനിരിക്കുന്ന നീണ്ട കാലത്തേക്കുള്ള നിയമ പോരാട്ടത്തിനുള്ള വഴി തുറന്നിടുകയാണെന്നും നിയമ വിദഗ്ദ്ധർ വിലയിരുത്തുന്നു. സ്റ്റോക്ക് ഓൺ ട്രെന്റ് മലയാളിയുടെ ഉറ്റ ബന്ധുവും ഇടതുപക്ഷ ചേരിയിൽ നിൽക്കുന്ന ജനാധിപത്യ കേരള കോൺഗ്രസ് ആന്റണി രാജു വിഭാഗം സംസ്ഥാന ഓഫിസ് ഇൻ ചാർജ് കൂടിയായ അഡ്വ. ഫ്രാൻസിസ് അരയത്തുംകരയാണ് ഈ കേസിൽ ക്‌നാനായ നവീകരണ സമിതിക്കു വേണ്ടി ഹാജരായത്.

അദ്ദേഹത്തോടൊപ്പം ക്‌നാനായ സമുദായത്തിൽ നിന്നും വർഷങ്ങൾക്കു മുൻപ് പുറത്തു പോകേണ്ടി വന്ന, ഇപ്പോൾ സുപ്രീം കോടതി അഭിഭാഷകനാനായ ജോർജ് തോമസും കേസിൽ ശക്തമായ വാദമുഖങ്ങളുമായി പിന്തുണ നൽകിയിരുന്നു. അഡ്വ ഫ്രാൻസിസ് അരയത്തുംകരയുമായി ബന്ധപ്പെട്ടതിനെ തുടർന്നുള്ള വിവരങ്ങളുടെ സംപ്ക്ഷിത രൂപമാണ് ഈ റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിരിക്കുന്നത്.

സമുദായത്തിന് താക്കീതായി നാലു നിരീക്ഷണങ്ങൾ

ക്‌നാനായ സമുദായക്കാരെ സംബന്ധിച്ച് ചരിത്ര പ്രാധാന്യമുള്ള ഈ കോടതി വിധി വ്യക്തമായും നാലു കാര്യങ്ങളിൽ സഭ നേതൃത്വത്തിനുള്ള താക്കീതായി മാറുന്നു. അവ ഇപ്രകാരമാണ്:

1. കോട്ടയം അതിരൂപതയിൽ നിന്നും മറ്റൊരു രൂപതയിൽ ഉൾപ്പെട്ട അംഗവുമായുള്ള വിവാഹത്തിന്റെ പേരിൽ പുറത്താക്കൽ നടപടി പാടില്ല
2. മുൻ കാല നടപടികൾ ഒരു കാരണവശാലും ഇനി ആവർത്തിക്കാൻ പാടില്ല
3. മറ്റു സമുദായ അംഗത്തെ വിവാഹം ചെയ്താലും ക്‌നാനായ വിശ്വാസി ആയിരിക്കുവാൻ ആഗ്രഹിക്കുമ്പോൾ സമുദായത്തിലെ മറ്റ് അംഗങ്ങൾക്കുള്ള തുല്യ അവകാശം നിഷേധിക്കാൻ പാടില്ല
4. ഇപ്പോൾ സമുദായത്തിന് പുറത്തു പോകേണ്ടി വന്നവർക്കു തിരികെ വരാൻ ആഗ്രഹം ഉണ്ടെങ്കിൽ സ്വീകരിക്കാൻ സഭ നേതൃത്വം തയ്യാറാകണം

സഭയുടെ നിലവിലെ വിശ്വാസ രീതികളുടെ വെളിച്ചത്തിൽ ഈ കോടതി നിഗമനത്തിൽ ഒന്ന് പോലും അംഗീകരിക്കാൻ സാധിക്കില്ല എന്ന ദുർഘട പ്രതിസന്ധിയാണ് സമുദായ നേതൃത്വം നേരിടുന്നത്.

വർഷങ്ങൾ നീണ്ട കേസ്, അന്തിമ വിധിക്കു തലമുറകളിലേക്ക് കാത്തിരിപ്പ്

വർഷങ്ങൾ നീണ്ട കേസാണ് ഇപ്പോൾ കോട്ടയം സബ് കോടതി തീർപ്പാക്കിയിരിക്കുന്നതെന്നു വാദി ഭാഗത്തിന് വേണ്ടി ഹാജരായ അഡ്വ. ഫ്രാൻസിസ് അരയത്തുംകര പറയുന്നു. ആറുവർഷം മുൻപാണ് കേസിനു ആസ്പദമായ കാര്യങ്ങളുമായി ക്‌നാനായ നവീകരണ സമിതി കോട്ടയം സബ് കോടതിക്ക് മുന്നിലെത്തുന്നത്. ഈ കേസിൽ കോടതിക്ക് മുൻപിൽ സമാനമായ കേസും അതിന്റെ നാൾവഴികളും ഒക്കെ ഉയർത്തിക്കാട്ടാൻ ഉണ്ടായിരുന്നതിനാൽ കാര്യങ്ങൾ തീർപ്പാക്കാൻ വേഗത്തിൽ കഴിയുമായിരുന്നെങ്കിലും സിവിൽ കേസെന്ന പരിഗണനയിൽ നടപടികൾ നീണ്ടുപോകുകയായിരുന്നു.

ഇതിനിടയിൽ നാലഞ്ച് ജഡ്ജിമാർ മാറിമാറി എത്തുകയും ചെയ്തു. അവസാന വിധി പുറപ്പെടുവിക്കാൻ നിയോഗമുണ്ടായത് ജഡ്ജ് സുധീഷ് കുമാറിന് ആയിരുന്നു എന്നുമാത്രം. എന്തായാലും വിധിപ്പകർപ്പു കിട്ടിയാൽ ഉടൻ സഭ നേതൃത്വം ജില്ലാ കോടതിയിൽ അപ്പീൽ നൽകുമെന്നുറപ്പാണ്. അവിടെ പരാജയമായാലും ഹൈക്കോടതിയും സുപ്രീം കോടതിയും ഒക്കെയായി തലമുറകൾ നീളുന്ന കാത്തിരിപ്പിനുള്ള തുടക്കം കൂടിയാണ് ഇപ്പോൾ കോട്ടയം സബ് കോടതി തുറന്നിട്ടിരിക്കുന്നത്.

32 വർഷം പഴക്കമുള്ള മറ്റൊരു കേസിലും ക്‌നാനായ സഭക്ക് തിരിച്ചടി, നഷ്ടമായത് ലക്ഷങ്ങൾ

ഇപ്പോൾ ഉണ്ടായ കേസിനു സമാനമായ തരത്തിൽ ഉള്ള മറ്റൊരു നടപടി ക്രമമാണ് കോട്ടയം സ്വദേശിയായ ബിജു ഉതുപ്പിന്റെ കേസിൽ സംഭവിച്ചതും. ബിജുവിന്റെ മാതാപിതാക്കൾക്കും മറ്റു സഹോദരങ്ങൾക്കും ബാധകമല്ലാത്ത സഭ വിലക്കാണ് അദ്ദേഹത്തിന് നേരിടേണ്ടി വന്നത്. അതിനു കാരണമായത് വിവാഹ സമയത്തു ബിജു സഭ നേതൃത്വത്തെ സമീപിച്ചപ്പോഴാണ് അദ്ദേഹത്തിന്റെ കുടുംബത്തിൽ മുൻ തലമുറയിൽ പിതാവിന്റെ ഉറ്റ ബന്ധു സഭ വിലക്ക് നേരിട്ട് പുറത്തായ ആളാണെന്നു വിവരം ലഭിക്കുന്നത്. ഇതോടെ തന്റെ മാതാപിതാക്കൾക്കും സഹോദരങ്ങൾക്കും ബാധകമല്ലാത്ത വിലക്ക് തനിക്കെങ്ങനെ ബാധകമാകും എന്നായിരുന്നു ബിജുവിന്റെ ചോദ്യം.

ഈ ചോദ്യം 1989ൽ കോട്ടയം സബ് കോടതിക്ക് മുന്നിലെത്തി. കോട്ടയം ബാറിലെ പ്രമുഖ അഭിഭാഷകനായിരുന്ന പി വി തോമസിന്റെ ശക്തമായ വാദമുഖങ്ങളിൽ സഭ നേതൃത്വത്തിന് അടിതെറ്റി. അന്ന് തോമസ് വക്കീലിന്റെ ജൂനിയർമാരായിരുന്ന ഫ്രാൻസിസ് അരയത്തുംകരായും ജോർജ് തോമസുമാണ് ഇപ്പോൾ ക്നാനായ നവീകരണ സമിതിക്കു വേണ്ടിയും ഹാജരായത് എന്നത് മറ്റൊരു കാവ്യനീതിയായി മാറുന്നു. എന്തായാലും ഇപ്പോൾ ബാംഗ്ലൂരിൽ എയ്‌റോനോട്ടിക്കൽ എൻജിനിയറായ ബിജുവിന്റെ കേസിൽ മണിക്കൂറിൽ ലക്ഷങ്ങൾ പ്രതിഫലം വാങ്ങുന്ന എഫ് എസ് നരിമാന്റെ സേവനം വരെ പ്രയോജനപ്പെടുത്തി ക്‌നാനായ സഭ സുപ്രീം കോടതി വരെ എത്തിയെങ്കിലും ഒടുവിൽ കേസ് വീണ്ടും പരിഗണിക്കാൻ ഹൈക്കോടതിക്കു തന്നെ അയച്ചിരിക്കുകയാണ് സുപ്രീം കോടതി. ഇതോടെ ഒരേ സ്വഭാവമുള്ള രണ്ടു കേസുകളെ ഒരേ സമയം നേരിടേണ്ട അവസ്ഥയിൽ എത്തിക്കുകയാണ് ക്‌നാനായ സഭ നേതൃത്വം.

ആചാരങ്ങൾ ക്രൈസ്തവ വിശ്വാസത്തിനും കാനോൻ നിയമത്തിനും ഇന്ത്യൻ ഭരണഘടനയ്ക്കും വിരുദ്ധം

സഭ വിലക്ക് മാത്രമല്ല മറ്റു പല ആചാരങ്ങളും പ്രകൃതമായതാണ് എന്നും കോടതിയിൽ വാദി വിഭാഗം ഉന്നയിച്ചു. കാനോൻ വിശ്വാസം അനുസരിച്ചും ക്‌നാനായക്കാരുടെ ഒരു വാദങ്ങളും നിലനിൽക്കുന്നതല്ലത്രേ. ക്രിസ്തു സഭ ഒന്നേയുള്ളൂ എന്ന വാദമാണ് ഇതിന് അടിസ്ഥാനമായി വാദികൾ ഉയർത്തിയത്. മാത്രമല്ല ഇന്ത്യൻ ഭരണഘടനയുടെ അന്തസ്സിനു ക്ഷതം ഏൽപ്പിക്കുന്ന കാര്യമാണ് ആചാരം എന്ന പേരിൽ ക്‌നാനായ സമുദായത്തിൽ വിലക്കെന്ന പേരിൽ നിലനിൽക്കുന്നതെന്ന വാദവും കോടതി വിധിയിൽ നിഴലിക്കുന്നുണ്ട്.

സമുദായത്തിൽ സമ്മിശ്ര വികാരം, പ്രതികരിക്കാൻ അവസരം

ഏറെ ആശങ്ക ഉയർത്തുന്ന കോടതി വിധി പുറത്തുവന്നിട്ടും മാധ്യമങ്ങൾക്കു വിശദീകരണം നൽകാൻ സഭ തയ്യാറായിട്ടില്ല എന്നത് പ്രത്യേകതയായി. എന്നാൽ കോടതി വിധിയുടെ ചുരുക്കം ഇതിനകം സോഷ്യൽ മീഡിയയിൽ ശക്തമായ പ്രചാരണം ആയിട്ടുമുണ്ട്. ഇത് സമുദായ അംഗങ്ങൾക്കിടയിൽ സമ്മിശ്ര വികാരമാണ് ഉയർത്തുന്നത്. ഒരു വിഭാഗം സമുദായ അംഗങ്ങൾ താനെ കാലത്തിനൊത്ത മാറ്റം ആവശ്യമാണ് എന്നും ചൂണ്ടിക്കാട്ടുന്നു.