കൊച്ചി: മോൻസൻ മാവുങ്കലുമായി ബന്ധമുണ്ടെന്ന വിവരങ്ങൾ പുറത്തുവന്നതിന് പിന്നാലെ കൊച്ചി മെട്രോ റെയിൽ എം.ഡി ലോക്‌നാഥ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചു. ഭാര്യയുടെ ചികിത്സാർഥം അവധിയിൽ പ്രവേശിക്കുന്നു എന്നാണ് വിശദീകരിച്ചിരിക്കുന്നത്. സ്വന്തം നാട്ടിലേക്ക് പോകാനുമാണ് ബെഹ്‌റ ഒരുങ്ങുന്നത് എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. പുരാവസ്തു-സാമ്പത്തിക തട്ടിപ്പ് കേസ് പ്രതി മോൻസൺ മാവുങ്കലിന്റെ അറസ്റ്റിന് ശേഷം മുൻ സംസ്ഥാന പൊലീസ് മേധാവി കൂടിയായിരുന്ന ബെഹ്‌റ ഓഫിസിൽ വന്നിരുന്നില്ല. കഴിഞ്ഞ വെള്ളിയാഴ്ചയാണ് ഇദ്ദേഹം അവസാനമായി ഓഫിസിലെത്തിയത്.

ലോക്‌നാഥ് ബെഹ്‌റക്ക് മോൻസൺ മാവുങ്കലുമായി വളരെ അടുത്ത ബന്ധമുണ്ടെന്ന് തെളിയിക്കുന്ന ചിത്രകളും വാർത്തകളും പുറത്തുവന്നിരുന്നു. എന്നാൽ, ഇതിനോട് പ്രതികരിക്കാൻ മാധ്യമങ്ങൾ നിരവധി തവണ ബന്ധപ്പെട്ടെങ്കിലും ബെഹ്‌റ തയാറായിരുന്നില്ല. സംഭവവുമായി ബന്ധപ്പെട്ട എല്ലാ രേഖകളും പൊലീസ് ഫയലുകളിലുണ്ട്. എല്ലാം പൊലീസിനോട് വിശദീകരിച്ചതാണെന്ന വിശദീകരണം മാത്രമാണ് ലഭിച്ചത്.

മോൻസൺ മാവുങ്കൽ വിവാദത്തിൽ ആദ്യം മുതൽ പ്രതിക്കൂട്ടിലായിരുന്നു ബെഹ്റ. മോൻസണിന്റെ വീടുകൾക്ക് സുരക്ഷ ഒരുക്കാൻ പൊലീസിന് നിർദ്ദേശം നൽകിയത് അന്നത്തെ ഡി.ജി.പി ബെഹ്റ ആണെന്നായിരുന്നു റിപ്പോർട്ട്. ഡി.ജി.പിയായിരിക്കെ 2019 ൽ ബെഹ്റയാണ് സുരക്ഷയൊരുക്കാൻ ആലപ്പുഴ ജില്ലാ പൊലീസ് സൂപ്രണ്ടിനും കൊച്ചി സിറ്റി പൊലീസ് കമ്മീഷണർക്കും കത്ത് നൽകിയത്. ഇതുസംബന്ധിച്ച് ഡി.ജി.പി അയച്ച കത്തുകളുടെ പകർപ്പുകളും പുറത്ത് വന്നിരുന്നു. മോൻസൺ മാവുങ്കലിന്റെ കൊച്ചി കലൂരിലെ വീടിനും ചേർത്തലയിലെ വീടിനുമായിരുന്നു പൊലീസ് സുരക്ഷ ഒരുക്കിയത്. ചേർത്തല പൊലീസിന്റെ ബീറ്റ് ബോക്സ് ഉൾപ്പെടെ മോൻസണിന്റെ വീട്ടിലായിരുന്നു സ്ഥാപിച്ചിരുന്നത്.

മോൻസൺ മാവുങ്കലിന്റെ പുരാവസ്തു തട്ടിപ്പ് കേസിൽ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന്റെ (ഇ.ഡി.) അന്വേഷണത്തിന് ബെഹ്‌റ ശുപാർശ ചെയ്‌തെന്ന വാദവും അത്രയ്ക്ക് വിശ്വസനീയമായിരുന്നില്ല. കേവലം ശുപാർശ കൊണ്ട് നടത്താവുന്നതല്ല ഇ.ഡി. അന്വേഷണം. ഏതെങ്കിലും അന്വേഷണ ഏജൻസിയുടെ പ്രഥമവിവര റിപ്പോർട്ട് ഉണ്ടെങ്കിൽ മാത്രമേ ഇ.ഡി.ക്ക് കേസെടുത്ത് അന്വേഷിക്കാനാവൂ. മോൻസൺ മാവുങ്കലിനെതിരേ അന്വേഷണം ശുപാർശ ചെയ്ത് ഒന്നര വർഷം മുമ്പ് സംസ്ഥാന പൊലീസ് മുൻ മേധാവി ലോക്‌നാഥ് ബെഹ്‌റ കത്തയച്ചതിലും ദുരൂഹതയുണ്ടെന്നുമാണ് പുറത്തുവരുന്ന വിവരങ്ങൾ.

പുരാവസ്തു തട്ടിപ്പിൽ മുഖ്യമന്ത്രിക്ക് ലഭിച്ച പരാതിയെ തുടർന്നാണ് ക്രൈംബ്രാഞ്ച് കേസെടുക്കുകയും മോൻസൺ മാവുങ്കലിനെ അറസ്റ്റ് ചെയ്യുകയും ചെയ്തത്. ലോക്‌നാഥ് ബെഹ്‌റയുമായുള്ള മോൻസണിന്റെ ബന്ധം പുറത്തായതോടെയാണ് മോൻസൺ മാവുങ്കലിനെതിരേ അന്വേഷണം നടത്താൻ ലോക്‌നാഥ് ബെഹ്‌റ ഇ.ഡി.ക്ക് ശുപാർശ നൽകിയിരുന്നു എന്ന വിവരം പൊലീസ് പുറത്തുവിടുന്നത്.

എന്നാൽ, എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിന് ഒരു സംഭവത്തിലും നേരിട്ട് കേസെടുക്കാൻ നിയമം അനുവദിക്കുന്നില്ല. പ്രഥമവിവര റിപ്പോർട്ടിന് സമാനമായ എൻഫോഴ്‌സ്‌മെന്റ് കേസ് ഇൻഫർമേഷൻ റിപ്പോർട്ട് (ഇ.സിഐ.ആർ.) രജിസ്റ്റർ ചെയ്ത് വേണം ഇ.ഡി.ക്ക് അന്വേഷണം തുടങ്ങാൻ. അതിന് ഏതെങ്കിലുമൊരു അന്വേഷണ ഏജൻസിയുടെ പ്രഥമവിവര റിപ്പോർട്ട് ഉണ്ടായിരിക്കുകയും അതിൽ കള്ളപ്പണ ഇടപാടുകൾ സംബന്ധിച്ചുള്ള സൂചനകളും ബന്ധപ്പെട്ട വകുപ്പുകളും ചേർത്തിരിക്കുകയും വേണം.

കേരളാ പൊലീസിലെ ഒരു വിഭാഗം തന്നെ മുൻ പൊലീസ് മേധാവിക്കെതിരെ രംഗത്തുവന്നതോടെയാണ് ബെഹ്‌റ അവധിയിൽ പ്രവേശിച്ചത് എന്നും സൂചനകളുണ്ട്. മുഖ്യമന്ത്രിയുടെ ഓഫീസ് അവധിയിൽ പ്രവേശിക്കാൻ നിർദേശിച്ചിരുന്നോ എന്നതും വ്യക്തമല്ല.