കൊച്ചി: കൊച്ചിയിലെ മോഡലുകളുമായി മരണവുമായി ബന്ധപ്പെട്ട അന്വേഷണം നീങ്ങുന്നത് മലയാളം സിനിമാ ലോകത്തെ ലഹരിമാഫിയയിലേക്ക്. മിസ് കേരള മത്സര ജേതാക്കളായ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ മുഖ്യപ്രതി സൈജു എം.തങ്കച്ചൻ സിനിമാരംഗത്തെ പലർക്കും സ്ഥിരമായി ലഹരിമരുന്നു കൈമാറ്റം ചെയ്തിരുന്നതായി അന്വേഷണ സംഘത്തിനു വിവരം ലഭിച്ചു. ഇവരിൽ ചിലരെ കുറിച്ച് വ്യക്തമായ സൂചന ഉണ്ടെങ്കിലും തെളിവുകളുടെ അഭാവമാണ് കേസ് അന്വേഷണം മുന്നോട്ടു പോകാൻ തടസ്സമായി നിൽക്കുന്നത്.

പക്ഷേ, ഇവരുടെ ദൃശ്യങ്ങൾ സൈജുവിന്റെ മൊബൈൽ ഫോണിൽ കണ്ടെത്തിയിട്ടില്ലാത്തിനാൽ ലഹരി നൽകുകയല്ലാതെ അവരുടെ പാർട്ടികളിൽ സൈജുവിനു പ്രവേശനമുണ്ടായിരുന്നില്ല എന്നാണ് പൊലീസ് അനുമാനം. ബെംഗളൂരുവിൽ നിന്നു കൊച്ചിയിലേക്കു രാസലഹരി മരുന്ന് എത്തിച്ചിരുന്ന കോഴിക്കോട്ടെ സംഘത്തിന്റെ വിശദാംശങ്ങളും സൈജുവിന്റെ മൊഴികളിലുണ്ട്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ലഹരി ഇടപാടുകളിൽ അന്വേഷണം പൂർത്തിയാക്കി കുറ്റപത്രം സമർപ്പിച്ചശേഷം സൈജു പ്രതിയായ മറ്റു ലഹരിക്കേസുകളിൽ വിശദമായ അന്വേഷണം നടത്താനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം.

കേന്ദ്ര ലഹരിവിരുദ്ധ അന്വേഷണ ഏജൻസിയായ നർകോട്ടിക് കൺട്രോൾ ബ്യൂറോയും (എൻസിബി) ഈ കേസിന്റെ അന്വേഷണ പുരോഗതി നിരീക്ഷിക്കുന്നുണ്ട്. 2021 ജൂലൈ 26നു സൈറ ബാനുവെന്ന പേരുള്ള പ്രൊഫൈലുമായി സൈജു നടത്തിയ ചാറ്റിങ്ങിൽ നായാട്ടും തോക്കുമായി ബന്ധപ്പെട്ട വിവരങ്ങളുണ്ട്. ഇതുസംബന്ധിച്ച വിശദമായ ചോദ്യം ചെയ്യലിനു പൊലീസിന് അവസരം ലഭിച്ചിരുന്നില്ല.

അതേസമയം വാഹനാപകടക്കേസും ലഹരിമരുന്നു കേസും (എഡിപിഎസ്) ഒരുമിച്ച് അന്വേഷിക്കാത്തത് കൂടുതൽ പ്രതികളെ കുടുക്കാനാണ്. കേസിലെ പല പ്രതികളും അവരുടെ മൊബൈൽ ഫോണുകൾ ഓഫാക്കി ഒളിവിലാണ്. ഇവരെ പിടികൂടി ചോദ്യംചെയ്യാനാണു ക്രൈംബ്രാഞ്ചിനു ലഭിച്ചിരിക്കുന്ന നിർദ്ദേശം.

സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്ളാറ്റ്, സലാഹുദീന്റെ ചിലവന്നൂരിലെ വാടക ഫ്ളാറ്റ്, സുനിലിന്റെ ഇടച്ചിറയിലെ ഫ്ളാറ്റ്, ഫോർട്ട്കൊച്ചി നമ്പർ 18 ഹോട്ടൽ, കാക്കനാട്ടെ സ്വകാര്യ ഹോട്ടൽ, വയനാട് റിസോർട്ട്, മാരാരിക്കുളത്തെ റിസോർട്ട്, മൂന്നാർ എന്നിവിടങ്ങളിൽ ലഹരിപ്പാർട്ടികൾ നടത്തിയതിന്റെ ദൃശ്യങ്ങൾ അടക്കം പൊലീസിനു സൈജുവിന്റെ ഫോണിൽ നിന്നു ലഭിച്ചിട്ടുണ്ട്. ബെംഗളൂരു, ഗോവ എന്നിവിടങ്ങളിൽ നിന്നാണു സൈജു ലഹരിമരുന്ന് എത്തിച്ചിരുന്നത്. സൈജുവിന്റെ പാർട്ടികളിൽ പങ്കെടുത്ത 7 യുവതികൾക്കും 10 യുവാക്കൾക്കും എതിരെ ലഹരിക്കേസുകൾ രജിസ്റ്റർ ചെയ്തു.

സൈജുവിന്റെ കാക്കനാട്ടെ വാടക ഫ്ളാറ്റ് അടക്കം ഇയാൾ ലഹരിമരുന്നു പാർട്ടികൾ സംഘടിപ്പിച്ച നഗരത്തിലെ മൂന്നു ഫ്ളാറ്റുകളിൽ അന്വേഷണ സംഘം ഇന്നലെ പരിശോധന നടത്തി. പാർട്ടി നടത്തിയ ഫ്ളാറ്റുകളുടെ പേരുകളും പങ്കെടുത്തവരുടെ വിശദാംശങ്ങളും സൈജു അന്വേഷണ സംഘത്തിനു കൈമാറിയിരുന്നു. കൊച്ചി സിറ്റി പൊലീസിന്റെ പരിധിയിലുള്ള എറണാകുളം സൗത്ത്, മരട്, പനങ്ങാട്, തൃക്കാക്കര, ഇൻഫോപാർക്ക്, ഫോർട്ട്കൊച്ചി സ്റ്റേഷനുകളിലാണു കേസുള്ളത്. ഇടുക്കി വെള്ളത്തൂവൽ, മാരാരിക്കുളം പൊലീസ് സ്റ്റേഷനുകളിലും ഓരോ കേസുകൾ രജിസ്റ്റർ ചെയ്തിട്ടുണ്ട്. ഈ ഓരോ കേസിലും സൈജുവിനെ അന്വേഷണസംഘത്തിനു കസ്റ്റഡിയിൽ വാങ്ങി ചോദ്യംചെയ്യാൻ കഴിയും.

ഈ കേസുകളിൽ പ്രതികളായ ചിലരുടെ ഒളിത്താവളങ്ങൾ അന്വേഷണ സംഘം കണ്ടെത്തിയിട്ടുണ്ട്, വൈകാതെ അറസ്റ്റുണ്ടാവും. സൈജുവിന്റെ മൊഴി പുറത്തുവന്നതു മുതലാണു പലരും ഒളിവിൽ പോയത്. മോഡലുകളുടെ മരണവുമായി ബന്ധപ്പെട്ട ചോദ്യം ചെയ്യലിനിടെയാണ് ലഹരി ഇടപാടുകൾ സംബന്ധിച്ച് ദൃശ്യങ്ങളും ഫോൺ സംഭാഷണങ്ങളും പൊലീസിന് ലഭിച്ചത്. ഇത് കൂടാതെ ലഹരി ഉപയോഗം സംബന്ധിച്ച കൂടുതൽ തെളിവുകളും പൊലീസിന് ലഭിച്ചതായി കമ്മിഷണർ പറഞ്ഞു. യുവതികൾ ഉൾപ്പെടെ എല്ലാവരേയും ഉടൻ കസ്റ്റഡിയിലെടുക്കും.

മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിലെ അന്വേഷണം അവസാന ഘട്ടത്തിലാണെന്നും വൈകാതെ കോടതിയിൽ കുറ്റപത്രം സമർപ്പിക്കുമെന്നും അന്വേഷണസംഘം അറിയിച്ചു. അപകടം സംബന്ധിച്ചുള്ള വിവരങ്ങളാകും ഈ കുറ്റപത്രത്തിലുണ്ടാകുക. നിലവിൽ തുടങ്ങിയിരിക്കുന്നത് ഈ കേസിലെ മൂന്നാം പ്രതിയായ സൈജു തങ്കച്ചനുമായി ബന്ധമുള്ള മയക്കുമരുന്ന് കേസുകളിലെ അന്വേഷണമാണ്. കേസ് രജിസ്റ്റർ ചെയ്ത പൊലീസ് സ്റ്റേഷനുകളിലെ എസ്.എച്ച്.ഒ.മാർക്ക് ആകും ഈ കേസുകളിൽ അന്വേഷണച്ചുമതല. ഇതുകൊച്ചി സിറ്റി പൊലീസ് ജില്ലാ ക്രൈംബ്രാഞ്ച് ഏകോപിപ്പിക്കും.

റിമാൻഡ് റിപ്പോർട്ടിലെ പ്രസക്ത ഭാഗം:

2020 സെപ്റ്റംബർ 7ലെ 4 വിഡിയോകൾ ചിലവന്നൂരിൽ സലാഹുദീൻ വാടകയ്ക്കെടുത്ത ഫ്ളാറ്റിൽ അമൽ പപ്പടവട, നസ്ലീൻ, സലാഹുദീൻ മൊയ്തീൻ, ഷീനു മീനു (വെള്ളസാരിയുടുത്തത്) എന്നിവർ പങ്കെടുത്ത പാർട്ടിയുടെ വിഡിയോയാണ്. തലേന്ന് അതേ ഫ്ളാറ്റിൽ അനു ഗോമസിനെ കമിഴ്‌ത്തിക്കിടത്തി ശരീരത്തിന്റെ നടുഭാഗത്തായി എംഡിഎംഎ 5 ലൈനുകളിട്ടു കൂട്ടത്തിലൊരാൾ കറൻസി നോട്ട് ചുരുട്ടി വലിക്കുന്നതിന്റെ വിഡിയോയാണ്. 2020 ഓഗസ്റ്റ് 30നു അബു, ഡിജെ സന, റോയ്, കൃഷ്ണ, ജെകെ, അനു ഗോമസ്, മെഹർ എന്നിവർ കാക്കനാട് ബ്ലൂസ് ഹോട്ടലിൽ നടത്തിയ ഡിജെ പാർട്ടിയുടെ വിഡിയോയാണ്. 2021 ഓഗസ്റ്റ് 23ലെ വിഡിയോ അനു ഗോമസും കൃഷ്ണ, അനൂപ് എന്നിവൽ സുനിൽ യുഎസ്എ എന്നയാളുെട ഇടച്ചിറയിലുള്ള ഫ്ളാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്.

2020 ഓഗസ്റ്റ് 17ലെ വിഡിയോ വയനാടിലെ റിസോർട്ടിൽ മെഹറിന്റെ ജന്മദിന പാർട്ടിയുടെതാണ്. അടുത്ത വിഡിയോ ജെൻസൻ ജോണും കൂട്ടുകാരുമാണ്. 2020 ഏപ്രിൽ 10ലെ 3 വിഡിയോകൾ ജെയ്സൻ ജോസ്, ജെഫിൻ, ജെഫിന്റെ കാമുകി എന്നിവർ വാടക ഫ്ളാറ്റിൽ നടത്തിയ പാർട്ടിയുടെതാണ്. ജെഫിൻ സിഗരറ്റ് മുറിച്ച് മേശപ്പുറത്തുള്ള പച്ച അടപ്പുള്ള ഹാഷിഷ് ഓയിൽ ഉപയോഗിക്കുന്ന വിഡിയോയാണ്. 2020 മാർച്ച് 18ലെ 2 വിഡിയോകൾ ഒരു മൊബൈൽ ഫോണിൽ എടിഎം കാർഡ് ഉപയോഗിച്ച് എംഡിഎംഎ ഭാഗം വയ്ക്കുന്നതിന്റേതാണ്. 2020 ഏപ്രിൽ ഒന്നിലെ ഫോട്ടോ സുനിലിന്റെ വീട്ടിൽ വച്ച് എന്റെ കയ്യിൽ കഞ്ചാവ് പിടിച്ചിരിക്കുന്നതാണ്. രണ്ടാം തീയതിയിലെ ഫോട്ടോ റോയിയുടെ വീട്ടിൽ ഞങ്ങൾ ഒന്നിച്ചു മദ്യപിക്കുന്നതിന്റെതാണ്.

2020 നവംബർ 11ലെ ഫോട്ടോ എന്റെ കയ്യിൽ ലഹരി ഗുളികകൾ പിടിച്ചിരിക്കുന്നതിന്റേതാണ്. തുടർന്നുള്ള ഫോട്ടോകൾ എന്റെ വാടക വീട്ടിലും നമ്പർ 18 ഹോട്ടലിലും പ്ലേറ്റിൽ കഞ്ചാവ് വച്ച് എടുത്തതാണ്.'- സൈജു മൊഴി നൽകിയ വിവരങ്ങൾ ഇങ്ങനെയാണ്.