കൊച്ചി: വൈറ്റില ബൈപ്പാസിൽ മോഡലുകൾ വാഹനാപകടത്തിൽ മരിച്ച കേസിൽ അട്ടിമറി സംശയം ബലപ്പെടുത്തുന്ന വിധത്തിലാണ് പൊലീസ് അന്വേഷണം മുന്നോട്ടു പോകുന്നത്. നിരവധി ആരോപണങ്ങൾ ഉയർന്ന കേസിൽ ഉന്നത ഇടപെടലുകൾ നടന്നിട്ടുണ്ടോ എന്ന സംശയമാണ് ശക്തിപ്പെടുന്നത്. മൊബൈൽഫോൺ രേഖകൾ കേസിലേക്ക് വെളിച്ചം വീശുന്നതാവും. എന്നാൽ, കേസന്വേഷണത്തിൽ മൊബൈൽഫോൺ രേഖകളെ അടിസ്ഥാനമാക്കിയുള്ള അന്വേഷണത്തെക്കുറിച്ച് പൊലീസ് പ്രതികരിച്ചിട്ടേയില്ല. ഉന്നത ഉദ്യോഗസ്ഥന് കേസുമായുള്ള ബന്ധമാണ് ഇതിനുപിന്നിലെന്ന ആരോപണവും ശക്തമായിട്ടുണ്ട്.

അപകടത്തിനു മുമ്പ് അവർ പങ്കെടുത്ത പാർട്ടി നടന്ന ഫോർട്ടുകൊച്ചിയിലെ 'നമ്പർ 18' ഹോട്ടലുടമ റോയിയും പെൺകുട്ടികളും തമ്മിൽ നേരത്തെ പരിചയമുണ്ടായിരുന്നുവെന്ന് പൊലീസ് പറയുന്നു. എന്നാൽ, റോയിയുടെ സൃഹൃത്ത് ഷൈജു തങ്കച്ചനേയും പെൺകുട്ടികളുമായി ബന്ധിക്കുന്ന കാര്യങ്ങൾ അവ്യക്തമാണ് താനും. ഇതിന് മുമ്പും ഷൈജുവിന്റെ വാഹനം യുവതികളെ പിന്തുടർന്നിതിരുന്നതായി സൂചനകളും പുറത്തുവരുന്നു.

ഡി.ജെ. പാർട്ടിക്കുശേഷം പെൺകുട്ടികൾ ഹോട്ടലിൽ തങ്ങാതെ സ്ഥലംവിട്ടപ്പോൾ ഷൈജു എന്തിന് അവരെ പിന്തുടർന്നുവെന്നും വ്യക്തമാകേണ്ടതുണ്ട്. അപകടത്തിന് തൊട്ടുമുമ്പുള്ള ഫോൺകോളുകൾ ഇതിന് ഉത്തരം നൽകിയേക്കും. അപകടത്തെക്കുറിച്ച് റോയിയെ വിളിച്ചറിയിച്ചത് ഷൈജുവാണ്. ഇതിനൊപ്പം കേസിൽ പ്രതിചേർക്കപ്പെട്ടവരുടെ വിളി വിവരങ്ങളും കേസിന്റെ ഗതി മാറ്റിയേക്കാം.

അതേസമയം പോസ്റ്റുമോർട്ടം റിപ്പോർട്ടിലും അവ്യക്തതകൾ ഉണ്ടെന്ന ആക്ഷേപവും ശക്തമാണ്. സുപ്രധാന കേസായിരുന്നിട്ടും പോസ്റ്റുമോർട്ടം വേണ്ട ഗൗരവത്തോടെ നടത്തിയില്ലെന്ന ആരോപണമാണ് ഉയരുന്നത്. മൃതദേഹങ്ങളിൽനിന്ന് രക്ത-മൂത്ര സാമ്പിളുകൾ പരിശോധനയ്ക്കായി ശേഖരിച്ചിട്ടില്ലെന്നത് വലിയ പിഴവായി ചൂണ്ടിക്കാണിക്കുന്നുണ്ട്. മദ്യപിച്ചിരുന്നോ എന്നറിയാൻ രക്തപരിശോധന അനിവാര്യമാണ്.

സിന്തറ്റിക് മയക്കുമരുന്നുകൾ ഉപയോഗിച്ചിരുന്നോ എന്നറിയാൻ മൂത്രസാമ്പിളും പരിശോധനയ്ക്ക് അയയ്‌ക്കേണ്ടതായിരുന്നു. ഇത് സാധാരണ ചെയ്യുന്ന നടപടിക്രമവുമാണ്. എന്നിട്ടും ഈ കേസിൽ അതുണ്ടായില്ലെന്ന ഗുരുതര ആരോപണമാണ് ഉയരുന്നത്. കൃത്യമായ ഇടപെടൽ മൂലം പരിശോധനകൾ ഒഴിവാക്കിയതാണെന്നും ആരോപണമുണ്ട്.

കേസിൽ ക്രൈംബ്രാഞ്ച് അന്വേഷണവും ആരംഭിച്ചിട്ടുണ്ട്. സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. മോഡലുകളെ പിന്തുടർന്ന ഓഡി കാർ ഡ്രൈവർ സൈജുവിനെ കേന്ദ്രീകരിച്ചുള്ള അന്വേഷണവും തുടരുകയാണ്. അപകടം നടന്നതിന് പിന്നാലെ റോയി ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങൾ നശിപ്പിച്ചതാണ് ദുരൂഹത വർധിപ്പിക്കുന്നത്. അപകടത്തിന് മുമ്പ് ഹോട്ടലിൽ നടന്ന സംഭവങ്ങൾ മറക്കാനുള്ള ഗൂഢശ്രമം ഇതിന് പിന്നിലുണ്ടെന്നാണ് നിഗമനം.

ഹോട്ടലിൽ നടന്ന പാർട്ടിയിൽ പങ്കെടുത്ത ചിലരെ സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് റോയിയുടെ നീക്കമെന്നും സംശയിക്കുന്നു. ഹോട്ടലിന് സമീപത്തെയും നിരത്തുകളിലെയും സിസിടിവി ദൃശ്യങ്ങൾ ക്രൈംബ്രാഞ്ച് സംഘം പരിശോധിച്ചു. പാർട്ടിയിൽ പങ്കെടുത്ത കൂടുതൽ ആളുകളെ കണ്ടെത്തി വിവരങ്ങൾ ശേഖരിക്കാനാണ് അന്വേഷണ സംഘത്തിന്റെ ശ്രമം. ഔഡി കാറിൽ മോഡലുകളെ പിന്തുടർന്ന സൈജുവാണ് അപകടശേഷം ഹോട്ടലുടമയെ വിവരം അറിയിച്ചത്. സൈജു മുമ്പ് ലഹരി ഇടപാടുകളിൽ ഉൾപ്പെട്ടിട്ടുണ്ടോ എന്ന വിവരം എക്‌സൈസ്, നാർക്കോട്ടിക് വിഭാഗങ്ങളോട് തേടിയിട്ടുണ്ട്. ഹോട്ടലുടമ നശിപ്പിച്ച ഡിവിആർ കണ്ടെത്തി ദുരൂഹത മാറ്റണമെന്ന് മരിച്ച അൻസി കബീറിന്റെ ബന്ധുക്കൾ ആവശ്യപ്പെട്ടു.