കൊച്ചി: മുൻ രാഷ്ട്രപതി എ.പി.ജെ അബ്ദുൽ കലാമിന്റെ ആരാധകനായിരുന്ന കൊല്ലം സ്വദേശി ശിവദാസനെ കൊലപ്പെടുത്തിയ വടക്കൻ പറവൂർ സ്വദേശി രാജേഷ് റിമാൻറിൽ. തെളിവെടുപ്പിന് ശേഷമാണ് ഇയാളെ കോടതിയിൽ ഹാജരാക്കിയത്. ശിവദാസനെ ഇക്കഴിഞ്ഞ 16 നാണ്കൊച്ചി മറൈൻ ഡ്രൈവിൽ കലാം വാക് വേയിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.

മറൈൻ ഡ്രൈവിലെ അബ്ദുൽ കലാമിന്റെ പ്രതിമയ്ക്ക് മുന്നിൽ ദിവസവും പൂക്കൾ അർപ്പിച്ചിരുന്ന ശിവദാസന്റെ മരണം ആദ്യം സ്വാഭാവിക മരണമെന്നാണ് പൊലീസ് കരുതിയത്. എന്നാൽ പോസ്റ്റുമോർട്ടം റിപ്പോർട്ടിൽ ഇതുകൊലപാതകമെന്ന് തെളിഞ്ഞു. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് വടി എന്ന് വിളിക്കുന്ന രാജേഷിനെ പൊലീസ് അറസ്റ്റ് ചെയ്തത്.

മറൈൻ ഡ്രൈവിലെ കലാം പ്രതിമയ്ക്കു മുൻപിൽ നിത്യവും പുഷ്പങ്ങളർപ്പിക്കുകയും സംരക്ഷണം ഏറ്റെടുക്കുകയും ചെയ്തതിലൂടെ ശ്രദ്ധേയനായ ആളാണ് ശിവ​ദാസൻ. പറവൂർ ഏഴിക്കര കൈതാരം കോടതിക്കു സമീപം കൈതപ്പിള്ളിപ്പറമ്പിൽ രാജേഷ്(സുധീർ–40) എന്നയാളാണ് ശിവദാസനെ കൊലപ്പെടുത്തിയത്. ‘വടി' എന്നറിയപ്പെടുന്ന ഇയാൾ ഭിന്നശേഷിക്കാരനാണ്. ശിവദാസനോടുള്ള അസൂയയാണു കൊലപാതകത്തിന് കാരണമെന്നാണു പൊലീസ് പറയുന്നത്.

വാർത്തകളിലൂടെ പ്രശസ്തനായ ശിവദാസന്റെ ജീവിതം സമൂഹമാധ്യമങ്ങളിലും വൈറലായിരുന്നു. ഇദ്ദേഹത്തെ പലരും അന്വേഷിച്ചെത്തുകയും സാമ്പത്തിക സഹായങ്ങൾ നൽകുകയും ചെയ്യുന്നതു പതിവായിരുന്നു. മറൈൻ ഡ്രൈവിൽ കലാം പ്രതിമയ്ക്കു സമീപം അന്തിയുറങ്ങുന്ന ശിവദാസനു വീടു വച്ചുനൽകാമെന്നതുൾപ്പെടെയുള്ള വാഗ്ദാനങ്ങളും ലഭിച്ചു. ഇതിൽ അസൂയ പൂണ്ട രാജേഷ് പലപ്പോഴും മദ്യപിച്ചെത്തി ശിവദാസനെ അസഭ്യം പറയുന്നതും ആക്രമിക്കുന്നതും പതിവാക്കിയിരുന്നു.

കോവിഡ് സാഹചര്യത്തിൽ മറൈൻ ‍ഡ്രൈവിൽ ആൾപ്പെരുമാറ്റം കുറഞ്ഞതോടെ രാജേഷും ഇയാൾക്കൊപ്പമുള്ള സംഘവുമാണു മറൈൻ ഡ്രൈവിൽ പല സാമൂഹികവിരുദ്ധ പ്രവർത്തനങ്ങൾക്കും നേതൃത്വം നൽകിയിരുന്നത്. ഇവിടെ അന്തിയുറങ്ങാനെത്തുന്നവർക്കെല്ലാം രാജേഷിനെയും സംഘത്തിനെയും ഭയമാണ്. 15ന് രാത്രി മദ്യപിച്ചെത്തിയ രാജേഷ് പതിവു പോലെ ശിവദാസനെ അസഭ്യം പറയുകയും ആക്രമിക്കുകയും ചെയ്തു. തുടർന്ന് അവശനായ ശിവദാസന്റെ നെഞ്ചിൽ ശക്തിയായി ചവിട്ടിയതോടെ മുൻവാരിയെല്ലുകൾ ഒടിഞ്ഞതാണു മരണകാരണമായത്.

കൊലപാതക ശേഷം തെളിവുകൾ നശിപ്പിക്കാനും രാജേഷ് ശ്രമിച്ചതായി പൊലീസ് പറഞ്ഞു. ശിവദാസന്റെ ശരീരത്തിലെ അസ്വാഭാവിക മുറിവുകൾ പരിശോധനയിൽ കണ്ടതിനെത്തുടർന്നാണു കൊലപാതകമാണെന്ന സംശയം പൊലീസിനുണ്ടായത്. ഇതോടെ മറ്റു ചിലരുടെ മേൽ കുറ്റം ചാർത്തി രക്ഷപ്പെടാനും പ്രതി ശ്രമിച്ചു. എന്നാൽ ശാസ്ത്രീയമായ അന്വേഷണത്തിലൂടെ രാജേഷാണു പ്രതിയെന്നുറപ്പിക്കുകയായിരുന്നു.

കൊല്ലം കോയിവിള പുത്തൻവീട്ടിൽ ശിവദാസൻ രണ്ടു തവണ എ.പി.ജെ. അബ്ദുൽ കലാമിനെ നേരിട്ടു കണ്ടിട്ടുണ്ട്. ആ ഓർമകളിലാണ്, 2016 മുതൽ നിത്യവും പ്രതിമ വൃത്തിയാക്കി, പൂക്കൾ വച്ച് അലങ്കരിച്ചിരുന്നത്. നടപ്പാതയിലെ നടത്തക്കാർക്കു സുപരിചിതനായ ശിവദാസൻ, മറൈൻ ഡ്രൈവിൽ നിന്നു തന്നെ ശേഖരിക്കുന്ന പൂക്കൾ കൊണ്ടാണു പ്രതിമ അലങ്കരിക്കുന്നത്. ആക്രി സാധനങ്ങൾ പെറുക്കി വിറ്റു ജീവിക്കുന്ന ശിവദാസൻ, നടപ്പാതയിൽ തന്നെയാണ് അന്തിയുറങ്ങിയിരുന്നത്. മരപ്പണിക്കായി, 2015ൽ ആണു ശിവദാസൻ കൊച്ചിയിലെത്തിയത്.

ശശികലയാണു കൊല്ലപ്പെട്ട ശിവദാസന്റെ ഭാര്യ. എസിപി കെ.ലാൽജിയുടെ മേൽനോട്ടത്തിൽ സെൻട്രൽ ഇൻസ്പെക്ടർ എസ്.വിജയശങ്കർ, എസ്ഐമാരായ കെ.ജി.വിപിൻകുമാർ, കെ.എക്സ്.തോമസ്, കെ.കെ.പ്രദീപ് കുമാർ, ടി.എസ്.ജോസഫ്, സതീശൻ, എസ്.ടി.അരുൾ, എഎസ്ഐമാരായ കെ.ടി.മണി, എ.കെ.ദിലീപ്കുമാർ, ഇ.എം.ഷാജി തുടങ്ങിയവരാണു കേസ് അന്വേഷിച്ചത്.