തൃശൂർ: തിരഞ്ഞെടുപ്പിന്റെ തൊട്ടുമുൻപുള്ള ദിവസങ്ങളിൽ ചെലവഴിക്കാൻ കൊണ്ടുപോകുന്നതിനിടെ കവർച്ച ചെയ്യപ്പെട്ട കുഴൽപണം വന്നത് കർണാടകയിൽ നിന്നെന്നു വിവരം. ദേശീയ പാർട്ടി വൻതുക കോഴിക്കോട് എത്തിച്ച ശേഷം വിവിധ ജില്ലകളിലേക്കു കൈമാറുന്നതിനിടയിലാണ് എറണാകുളം ജില്ലയിലേക്കുള്ള പണം കൊടകരയിൽ അപകട നാടകം നടത്തി കവർന്നതെന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു. ധർമ്മരാജൻ എന്ന വ്യക്തിയാണ് ഇതുസംബന്ധിച്ച് പരാതി നൽകിയതെന്നാണ് ഇന്നലെ മനോരമയുടെ വാർത്ത.

ഇതിന് പിന്നാലെയാണ് കൂടുതൽ വിശദാംശങ്ങളും പുറത്തു വരുന്നത്. ഇതോടെ ഈ കേസ് പൊലീസും ഗൗരവത്തോടെ എടുക്കും. എഫ് ഐ ആർ രജിസ്റ്റർ ചെയ്താണ് അന്വേഷണം. സ്വർണ്ണ കടത്തിലും മറ്റും സംസ്ഥാന സർക്കാരിനെ തളർത്താൻ അന്വേഷണവുമായി കേന്ദ്ര ഏജൻസികൾ സജീവമാണ്. അതിന് തിരിച്ചടിയായി ഈ കേസിന്റെ സാധ്യതകൾ ആരായാനാണ് സിപിഎം തലത്തിലെ ആലോചന. ഭരണ തുടർച്ചയുണ്ടായാൽ കൊടകരയിലെ ഈ കേസിൽ അന്വേഷണം പുതിയ തലത്തിലെത്തും. കോൺഗ്രസ് അധികാരത്തിൽ എത്തിയാലും ഇതിൽ ഗൗരവത്തോടെ അന്വേഷണം നടക്കും.

കേസിനെ കുറിച്ച് കോൺഗ്രസ് നേതൃത്വവും വിവരങ്ങൾ തേടുന്നുണ്ട്. ദേശീയ പാർട്ടിയുടെ കള്ളപ്പണത്തിന്റെ സ്രോതസ് കണ്ടെത്താനാണ് നീക്കം. കർണ്ണാടകയിലെ നേതാക്കൾക്ക് ഈ വിഷയത്തിലുള്ള പങ്കും കോൺഗ്രസിന് ഈ കേസിലുള്ള താൽപ്പര്യം കൂട്ടുന്നുണ്ട്. അതിനിടെ പൊലീസിനു പുറമേ, പാർട്ടിയുടെയും പാർട്ടിയെ നിയന്ത്രിക്കാൻ അധികാരമുള്ള സംഘടനയുടെയും സമാന്തര അന്വേഷണവും ഈ കേസിൽ നടക്കുന്നുണ്ട് എന്ന് മനോരമ റിപ്പോർട്ട് ചെയ്യുന്നു.

പണം എവിടെയുണ്ടെന്ന സൂചന ഇവർക്കു ലഭിച്ചിട്ടുണ്ട്. തിരഞ്ഞെടുപ്പിനു 3 ദിവസം മുൻപ് ഏപ്രിൽ 3നു പുലർച്ചെ 4.40ന് ആണ് 3.5 കോടി രൂപയുമായി ദേശീയപാതയിലൂടെ പോയിരുന്ന കാർ കൊടകരയിൽ മറ്റൊരു കാർ ഇടിപ്പിച്ച ശേഷം കടത്തിക്കൊണ്ടുപോയത്. ഭൂമി ഇടപാടിനു കൊണ്ടുപോയ 25 ലക്ഷം രൂപ നഷ്ടപ്പെട്ടെന്ന പരാതിയാണു കൊടകര പൊലീസിൽ ലഭിച്ചിരിക്കുന്നത്. എന്നാൽ പരാതിയിൽ പറയുന്നതിനേക്കാൾ പണം കാറിലുണ്ടായിരുന്നുവെന്നാണ് പൊലീസ് തിരിച്ചറിയുന്നത്.

കവർച്ച ആസൂത്രണം തൃശൂരിലാണു നടന്നതെന്നു വ്യക്തമായി. സംഭവത്തിന്റെ തലേന്നു രാത്രി തന്നെ പണവുമായി വാഹനം തൃശൂരിലെത്തിയിരുന്നു. ജില്ലയിലെ ചില നേതാക്കൾ രാത്രിയാത്ര വേണ്ടെന്നു പറഞ്ഞ് സംഘത്തിന് എംജി റോഡിലെ ഹോട്ടലിൽ മുറിയെടുത്തു നൽകി. യാത്ര പുലർച്ചെയിലേക്കു ക്രമീകരിച്ചതിനു പിന്നിൽ തട്ടിക്കൊണ്ടുപോകൽ പദ്ധതി ഏകോപിപ്പിക്കാനുള്ള സമയം കണ്ടെത്തലാണെന്നാണു പാർട്ടിതല രഹസ്യാന്വേഷണത്തിൽ ലഭിച്ച സൂചന.

മോഷണം നടന്ന് 15 മിനിറ്റിനുള്ളിൽ പാർട്ടിയുടെ ജില്ലാ കമ്മിറ്റിയിലെ പ്രമുഖൻ സ്ഥലത്തെത്തി. പരാതി നൽകേണ്ടതില്ലെന്നു നിർദ്ദേശിച്ചു. പിന്നീട് ജില്ലാ നേതാവിന്റെ ജൂനിയർ വക്കീൽ രംഗത്തെത്തി. പണം തട്ടിയെടുത്തവരുമായി ഇടനിലയായി ചർച്ച നടത്തി. 3.5 കോടി രൂപയുടെ 25% തന്നാൽ പണം വിട്ടുനൽകാമെന്ന ധാരണ വച്ചെങ്കിലും ഇതു പാർട്ടി മേൽഘടകം അംഗീകരിച്ചില്ലെന്നാണു വിവരം.

കൂടുതൽ വിവരങ്ങൾ പുറത്തറിയാതെ പണം തിരികെ എത്തിച്ചു പ്രശ്‌നം പരിഹരിക്കാൻ ജില്ലാ നേതാക്കളോട് അടുത്ത ബന്ധമുള്ള സംസ്ഥാന നേതാവ് ഇടപെടൽ നടത്തുന്നുണ്ട്. കവർച്ചയിലെ പാർട്ടിബന്ധം പൊലീസ് ഇതുവരെ രേഖയിലാക്കിയിട്ടില്ല. ഇരിങ്ങാലക്കുട ഭാഗത്തു നിന്നു പൊലീസ് കണ്ടെടുത്ത കാർ ഉൾഭാഗം കുത്തിപ്പൊളിച്ച നിലയിലാണ്. 7 പേരെ പ്രതിചേർത്ത് പൊലീസ് കേസെടുത്തിട്ടുണ്ട്.

തെരഞ്ഞെടുപ്പ് പ്രചാരണത്തിനായി ചെലവഴിക്കാൻ ദേശീയ പാർട്ടി എത്തിച്ച രേഖകളില്ലാത്ത മൂന്നരക്കോടിയാണ് പാർട്ടി നേതാക്കൾ തന്നെ വാഹനാപകട നാടകമുണ്ടാക്കി തട്ടിയത്. ഈ മാസം മൂന്നിന് രാവിലെ കൊടകരയിലായിരുന്നു സംഭവം. കള്ളപ്പണം കടത്തുകയായിരുന്ന കാറിൽ മറ്റൊരു കാറിടിപ്പിച്ച് പണം തട്ടിയെടുക്കുകയായിരുന്നു. പ്രചാരണത്തിന്റെ അവസാനത്തിൽ ഉപയോഗിക്കാനായി എത്തിച്ചതായിരുന്നു പണം. കർണാടകയിൽ നിന്നാണ് കേരളത്തിലേക്കുള്ള തുക കൊടുത്തയച്ചത്. ഇത് കോഴിക്കോട് വച്ചാണ് വിവിധ ജില്ലകളിലേക്കായി വീതിച്ചത്.

എറണാകുളത്തേക്ക് വിതരണം ചെയ്യാൻ കാറിൽ കൊടുത്തുവിട്ട തുകയാണ് തട്ടിയത്. കോഴിക്കോട് നിന്ന് എറണാകുളത്തേക്ക് പോകും വഴി തൃശൂരിലെത്തുമ്പോൾ നേരം ഏറെ വൈകിയിരുന്നു. ഇതോടെ കാർ തൃശൂരിലെ പാർട്ടി ഓഫിസിലെത്തി. രാത്രി യാത്ര സാഹസമാണെന്നും വഴിനീളെ പരിശോധനയുണ്ടെന്നും പിടിക്കപ്പെടാൻ സാധ്യതയുണ്ടെന്നും പറഞ്ഞ് ഇവിടെയുണ്ടായിരുന്ന പാർട്ടി നേതാക്കൾ അന്ന് പോകാൻ അനുവദിച്ചില്ലത്രെ. ഈ നേതാക്കൾ തന്നെയാണ് പണം തട്ടൽ ആസൂത്രണം ചെയ്തതെന്നാണ് പൊലീസിന് ലഭിച്ച സൂചന.

പണവുമായി പോയ കാർ കൊടകരയിലെത്തിയപ്പോൾ പിന്തുടർന്നെത്തിയ മറ്റൊരു കാർ ഇടിക്കുകയായിരുന്നു. അപകടമാണെന്ന് കരുതി പണം വെച്ചിരുന്ന കാർ നിർത്തിയപ്പോഴേക്കും ഇടിച്ച കാറിലുണ്ടായിരുന്നവർ ഇറങ്ങി പണമുണ്ടായിരുന്ന കാറുമായി രക്ഷപ്പെട്ടു. കൊടകര മേൽപ്പാലം കഴിഞ്ഞയുടൻ പുലർച്ച നാലേ മുക്കാലോടെയായിരുന്നു അപകടം. കാർ നഷ്ടപ്പെട്ടത് സംബന്ധിച്ച് ഉടമ കൊടകര പൊലീസിൽ നൽകിയ പരാതിയാണ് കോടികളുടെ കുഴൽപ്പണക്കടത്ത് പുറത്ത് വന്നത്.

തട്ടിയെടുത്ത കാർ പിന്നീട് ഇരിങ്ങാലക്കുടക്ക് സമീപം കണ്ടെത്തിയിരുന്നു. കാറിന്റെ സീറ്റും ഉൾഭാഗവും നശിപ്പിച്ച നിലയിലാണ്. പരാതിയെത്തിയതോടെ പ്രശ്‌നം തീർക്കാൻ നേതാക്കൾ ശ്രമിച്ചെങ്കിലും നടന്നില്ലത്രെ.