തൃശൂർ: കൊടകര കുഴൽപ്പണക്കേസ് ആർഎസ്എസ്- ബിജെപി തലപ്പത്തേക്ക് എത്താതിരിക്കാൻ മുൻകരുതലോടെ നേതൃത്വം. നിലവിൽ അന്വേഷണസംഘം സുനിൽ നായിക്കിലേയ്ക്ക് എത്തിയതുതന്നെ അമ്പരപ്പോടെയാണ് ആർഎസ്എസ് നേതൃത്വം കാണുന്നത്. അതിന് മുകളിലേയ്ക്ക് അന്വേഷണം എത്താതിരിക്കാനുള്ള ശ്രമത്തിലാണ് അവർ. കുഴൽപ്പണഇടപാട് ബിസിനസ് ആവശ്യത്തിനായിരുന്നെന്ന് വരുത്തി ഒതുക്കിത്തീർക്കാൻ മുതിർന്ന നേതാക്കൾ ഇടപെടുന്നതായാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ.

കച്ചവട ആവശ്യത്തിന് വേണ്ടിയാണ് ധർമ്മരാജന് താൻ പണം നൽകിയതെന്നാണ് കഴിഞ്ഞ ദിവസം സുനിൽ നായിക്ക് ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ പറഞ്ഞത്. ധർമ്മരാജനുമായി പത്ത് വർഷത്തിലേറെയായി പണമിടപാടുകളുണ്ട്. താൻ ധർമ്മരാജന്
നൽകിയത് 25 ലക്ഷം രൂപ മാത്രമാണെന്നും സുനിൽ നായിക്ക് പറയുന്നു.

ആർഎസ്എസിനോട് അടുത്ത ബന്ധം പുലർത്തുന്ന അബ്കാരിയാണ് ധർമരാജൻ. സുനിൽ നായിക്കാകട്ടെ മുൻ യുവമോർച്ചാ സംസ്ഥാന ട്രഷററും. സുനിൽ നായിക്കിന് നിലവിൽ ഔദ്യോഗിക ഭാരവാഹിത്വങ്ങളൊന്നും ഇല്ലെങ്കിലും പാർട്ടിയുടെ കേന്ദ്ര- സംസ്ഥാന നേതാക്കളുമായി അടുത്ത ബന്ധമാണ് സൂക്ഷിക്കുന്നത്. ആർഎസ്എസ് നേതൃത്വവുമായും സുനിൽ നായിക്ക് അടുത്തുനിൽക്കുന്നുണ്ട്. പാർട്ടിയുടെ ഫണ്ടർമാരിലൊരാളാണ് ഇദ്ദേഹമെന്നും റിപ്പോർട്ടുകളുണ്ട്.

എന്നാൽ തനിക്ക് ബിജെപിയുമായി നിലവിൽ മിസ്ഡ് കോൾ മെമ്പർഷിപ്പ് ബന്ധം മാത്രമാണുള്ളതെന്നാണ് സുനിൽ നായിക്കിന്റെ വാദം. ഇത് തന്നെയാണ് പൊലീസിന് നൽകിയ മോഴിയിലും പറയുന്നതെന്നാണ് വിവരം.

അതേസമയം, സുനിൽ നായിക്കിന്റെയും ധർമ്മരാജന്റെയും മൊഴികൾ അന്വേഷണസംഘം വിശ്വാസത്തിലെടുത്തിട്ടില്ല. ഇവരെ വീണ്ടും ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ നീക്കം. ഇതിന് മുന്നോടിയായി നിലവിൽ റിമാൻഡിലുള്ള ബിജെപി പ്രവർത്തകൻ ദീപക്ക് അടക്കമുള്ള പ്രതികളെ കസ്റ്റഡിയിൽ വാങ്ങും. എത്ര പണമാണ് കാറിലുണ്ടായിരുന്നത് എന്നതിനെ കുറിച്ച് പൊലീസിന് ഇപ്പോഴും കൃത്യമായ വിവരമില്ല. 25ലക്ഷം രൂപ നഷ്ടപ്പെട്ടുവെന്നാണ് ധർമ്മരാജന്റെ ഡ്രൈവർ ഷംജീറിന്റെ പരാതിയിലുള്ളത്. എന്നാൽ ഇതിനേക്കാൾ അധികം തുക കേസിലെ ഒമ്പാതാംപ്രതിയുടെ വീട്ടിൽ നിന്ന് മാത്രം കണ്ടെടുത്തു. ഇതോടെയാണ് കൂടുതൽ പണം കടത്തിയിരുന്നെന്ന കാര്യത്തിൽ പൊലീസിന് വ്യക്തത വന്നത്.

കേസിലെ പ്രധാന പ്രതികളായ അലി, സുജീഷ്, രഞ്ജിത്ത് എന്നിവർക്കായി അന്വേഷണം തുടരുകയാണ് പൊലീസ്. ഒപ്പം കേസിലെ പരാതിക്കാരനായ ഷംജീറിന്റെ സഹായി റഷീദിനായും ലുക്കൗട്ട് നോട്ടിസ് പുറത്തിറക്കിയിട്ടുണ്ട്.