തൃശ്ശൂർ: കൊടകര കുഴൽപ്പണ കേസിൽ ജയിലിൽ കഴിയുന്ന എട്ട് പ്രതികളെ അന്വേഷണ സംഘം ചോദ്യം ചെയ്യുന്നു. വിയ്യൂർ ജില്ലാ ജയിലിലാണ് ചോദ്യം ചെയ്യൽ. എട്ട് പ്രതികളെയും ഒന്നിച്ചിരുത്തിയാണ് ചോദ്യം ചെയ്യുന്നത്. കവർച്ചാ പണം ഒളിപ്പിച്ചതെവിടെയെന്ന് കണ്ടെത്തുന്നതാണ് ലക്ഷ്യം. പ്രതികളായ രഞ്ജിത്, മാർട്ടിൻ, മുഹമ്മദ് അലി എന്നിവരടക്കമുള്ള എട്ട് പ്രതികളെയാണ് ചോദ്യം ചെയ്യുന്നത്.

അതേസമയം, കേസിൽ ഇനി കസ്റ്റഡിയിലെടുക്കാനുള്ള സിപിഎം അനുഭാവി കണ്ണൂർ സ്വദേശി ഷിഗിലിനു വേണ്ടി അന്വേഷണം കർണാടകത്തിലേക്ക് നീളുകയാണ്. ഷിഗിലിനെ പിടികൂടാൻ അന്വേഷണ സംഘം കർണാടക പൊലീസിന്റെ സഹായം തേടിയിരിക്കുകയാണ്. കേസിൽ ആകെ 21 പ്രതികളാണുള്ളത്. ഇതിൽ 20 പേരെ അറസ്റ്റ് ചെയ്തിരുന്നു. എന്നാൽ മാസം രണ്ട് ആയിട്ടും ഷിഗിലിനെ പിടികൂടാൻ പൊലീസിന് കഴിഞ്ഞിട്ടില്ല.

കവർച്ച ചെയ്യപ്പെട്ട കുഴൽപണത്തിൽ നിന്ന് 10 ലക്ഷം രൂപ ലഭിച്ചത് സിപിഎം അനുഭാവിയായ ഷിഗിലിനാണെന്നാണു പൊലീസ് കണ്ടെത്തൽ. ബെംഗളൂരുവിൽ ഒളിവിൽ കഴിയുന്നുവെന്ന വിവരത്തിന്റെ അടിസ്ഥാനത്തിലാണു കർണാടക പൊലീസിന്റെ സഹായം തേടിയത്.

ആശ്രമങ്ങൾ കേന്ദ്രീകരിച്ചു താമസിക്കുകയും ബാക്കിയുള്ള സമയത്ത് കാറിൽ കറങ്ങുകയാണു ഷിഗിൽ എന്നു പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. ഒപ്പം 3 യുവാക്കളും കാറിലുണ്ടെന്നാണു പൊലീസിനു ലഭിച്ച വിവരം. മൊത്തം 2 കോടിയിലേറെ രൂപ കണ്ടെടുക്കാനുണ്ട്. രാത്രി താമസം ആശ്രമങ്ങൾ കേന്ദ്രീകരിച്ചെന്നും കണ്ടെത്തി. ഷിഗിലിന്റ പക്കലുള്ളത് കവർച്ചാ പണത്തിലെ പത്ത് ലക്ഷം രൂപയാണ്.

കവർച്ചാ പണമായ മൂന്നരകോടിയിൽ രണ്ട് കോടി 10 ലക്ഷം രൂപ കൂടി ഇനിയും കണ്ടെടുക്കാനുണ്ട്. കൊവിഡിനെ തുടർന്ന് പ്രതികളെ കസ്റ്റഡിയിൽ കിട്ടാതിരിന്നതിനാൽ വിശദമായ ചോദ്യം ചെയ്യൽ നടന്നിരുന്നില്ല. ഈ സാഹചര്യത്തിലാണ് അന്വേഷണ സംഘം വിയ്യൂർ ജയിലിലെത്തി എട്ട് പ്രതികളെ ഒന്നിച്ചിരുത്തി ചോദ്യം ചെയ്തത്. രഞ്ജിത്, മാർട്ടിൻ, മുഹമ്മദ് അലി തുടങ്ങി എട്ട് പേരെയാണ് ചോദ്യം ചെയ്തത്. നേരത്തെ കണ്ണൂർ കോഴിക്കോട് ജില്ലകളിൽ പ്രതികളുടെയും സൂഹൃത്തുക്കളുടെയും വീടുകളിൽ റെയ്ഡ് നടത്തിയെങ്കിലും പണം കണ്ടെടുക്കാൻ കഴിഞ്ഞില്ല. റെയ്ഡിന്റെ വിവരം പൊലീസിൽ നിന്ന് തന്നെ ചോർന്നതായി സംശയമുണ്ട്.

പ്രതികൾക്ക് വിവരം ചോർത്തി നൽകിയ ഉദ്യോഗസ്ഥർക്കെതിരെ നടപടിക്ക് സാധ്യതയേറി. അന്വേഷണ സംഘത്തിലുള്ള രണ്ട് ഉദ്യോഗസ്ഥരാണ് റെയ്ഡിന്റെ വിവരം പ്രതികൾക്ക് ചോർത്തി നൽകിയത്.

കുഴൽപ്പണ കേസുമായി ബന്ധപ്പെട്ട് അന്വേഷണ സംഘം കഴിഞ്ഞ ദിവസം കോഴിക്കോട് കണ്ണൂർ ജില്ലകളിൽ റെയ്ഡിന് പോയിരുന്നു. മൂന്ന് ദിവസം ഇവിടങ്ങളിൽ തങ്ങി റെയ്ഡ് നടത്തുകയാണ് ചെയ്തത്. പക്ഷേ പണമോ സ്വർണമോ ഒന്നും കണ്ടെത്താൻ ഉദ്യോഗസ്ഥർക്ക് കഴിഞ്ഞില്ല. തുടർന്ന് നടത്തിയ അന്വേഷണത്തിന്റെ ഭാഗമായാണ് രണ്ട് പൊലീസുകാർ വിവരങ്ങൾ ചോർത്തി നൽകിയതായി പൊലീസിന് വിവരം ലഭിച്ചത്.

അന്വേഷണ സംഘത്തിലെ പൊലീസ് ഉദ്യോഗസ്ഥർ കാസർകോട് ജില്ലയിലെ ഉദ്യോഗസ്ഥർക്ക് റെയ്ഡുമായി ബന്ധപ്പെട്ട വിവരം ചോർത്തി നൽകി. ഈ ഉദ്യോഗസ്ഥർ പ്രതികളുടെ സഹായികൾക്ക് വിവരം കൈമാറിയെന്നാണ് റിപ്പോർട്ടുകൾ. അന്വേഷണ സംഘത്തിൽ നിന്ന് ഈ രണ്ട് ഉദ്യോഗസ്ഥരെ മാറ്റും. പിന്നാലെ ഇരുവർക്കും എതിരെ നടപടിയും ഉണ്ടാകുമെന്നാണ് റിപ്പോർട്ടുകൾ

അതേസമയം കുഴൽപണകേസിൽ കെ സുരേന്ദ്രന് വേണ്ടി പ്രതിരോധം തീർത്ത് കൂടുതൽ ബിജെപി നേതാക്കൾ രംഗത്തെത്തി. കേസിനെ വരുംദിവസങ്ങളിഡൽ രാഷ്ട്രീയമായി നേരിടാൻ തന്നെയാണ് ബിജെപിയുടെ തീരുമാനം. കൊടകര കേസിന്റെ തിരക്കഥ തയ്യാറാക്കുന്നത് മുഖ്യമന്ത്രിയുടെ ഓഫീസിൽ നിന്നാണെന്ന് ബിജെപി നേതാവ് പി കെ കൃഷ്ണദാസ് കുറ്റപ്പെടുത്തിയിരുന്നു.