തൃശൂർ: കൊടകര കുഴൽപ്പണ കേസിൽ നാളെ കുറ്റപത്രം സമർപ്പിക്കും. കെ സുരേന്ദ്രൻ അടക്കമുള്ള 19 ബിജെപി നേതാക്കളെ സാക്ഷി പട്ടികയിലാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ 22 പ്രതികളുണ്ട്. 200 സാക്ഷികളെയാണ് ഉൾപ്പെടുത്തിയിരിക്കുന്നത്.

കൊള്ളസംഘം തട്ടിയെടുത്തതിൽ മൂന്നര കോടി ബിജെപിയുടേതാണെന്നും കുറ്റപത്രത്തിൽ പറയുന്നു. ഇത് ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ടായി കൊണ്ടുവന്നതാണ്. 22 പേരെ പ്രതികളാക്കിയുള്ള കുറ്റപത്രം നാളെ ഇരിങ്ങാലക്കുട കോടതിയിൽ സമർപ്പിക്കും.

കേസുമായി ബന്ധപ്പെട്ട് ബിജെപി അധ്യക്ഷൻ കെ സുരേന്ദ്രൻ ഉൾപ്പെടെ ഉള്ളവരെ നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. പക്ഷേ പ്രതികളാക്കാൻ വേണ്ട തെളിവില്ലെന്നാണ് അന്വേഷണ സംഘത്തിന്റെ നിലപാട്. കവർച്ച ചെയ്യപ്പെട്ട പണം മുഴുവൻ കണ്ടെത്തുക എന്നത് ദുഷ്‌കരമാണെന്നും അന്വേഷണ സംഘം വ്യക്തമാക്കിയിരുന്നു.

കേസിൽ നിഗൂഢമായ പലതും പുറത്തു വരാനുണ്ടെന്ന് ഹൈക്കോടതിയും നിരീക്ഷിച്ചിരുന്നു. ചില പ്രധാനപ്രതികൾ ഇപ്പോഴും പുറത്തുണ്ട്, ഇവരെ പിടികൂടാൻ സാധിച്ചിട്ടില്ല. പണത്തിന്റെ ഉറവിടം, ലക്ഷ്യം എന്നിവ കണ്ടെത്തണമെന്നും പ്രതികളുടെ ജാമ്യാപേക്ഷ തള്ളിക്കൊണ്ടുള്ള ഉത്തരവിൽ കോടതി ആവശ്യപ്പെട്ടു. സംഭവം നടന്ന് ദിവസങ്ങൾക്ക് ശേഷമാണ് പരാതി നൽകിയതെന്നും കേസിൽ ദുരൂഹതയുണ്ടെന്നും കോടതി നിരീക്ഷിച്ചു. പരാതിയിൽ 25 ലക്ഷം രൂപ മാത്രമായിരുന്നു. എന്നാൽ പൊലീസ് അന്വേഷണത്തിൽ അത് മൂന്നര കോടിയായെന്നും കോടതി വ്യക്തമാക്കിയിരുന്നു.

മോഷണത്തിന് പിന്നാലെയുണ്ടായ പരാതിക്കാരനായ ധർമരാജന്റെ ഫോൺ കോളുകളുടെ അടിസ്ഥാനത്തിലായിരുന്നു കൊടകര കള്ളപ്പണക്കേസ് അന്വേഷണം ബിജെപി സംസ്ഥാന അധ്യക്ഷൻ കെ സുരേന്ദ്രനിലേക്ക് എത്തിയത്. കവർച്ചയ്ക്ക് ശേഷം ധർമ്മരാജന്റെ ആദ്യം നടത്തിയ ഫോൺ സംഭാഷണങ്ങളിൽ ഒന്ന് കെ സുരേന്ദ്രന്റെ മകൻ കെഎസ് ഹരികൃഷ്ണന്റെ ഫോണിലേക്കായിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് സുരേന്ദ്രനെ ചോദ്യം ചെയ്യാൻ അന്വേഷണസംഘം തീരുമാനിച്ചിരിക്കുന്നത്. പണം നഷ്ടമായ ശേഷം ധർമ്മരാജൻ വിളിച്ച കോളുകളുടെ ലിസ്റ്റിൽ ആദ്യ ഏഴ് നമ്പരുകളും ബിജെപി നേതാക്കളുടെ തന്നെയായിരുന്നു.

ധർമ്മരാജനും സുരേന്ദ്രന്റെ മകനും പല തവണ ഫോണിൽ ബന്ധപ്പെട്ടെന്നും കോന്നിയിൽ കൂടിക്കാഴ്‌ച്ച നടത്തിയെന്നും അന്വേഷണസംഘം കണ്ടെത്തിയിരുന്നു. ധർമ്മരാജന്റെ ഫോൺ പരിശോധനയിലാണ് ഇക്കാര്യം വ്യക്തമായത്. തുടർന്നുള്ള അന്വേഷണത്തിലാണ് ഇത് സുരേന്ദ്രന്റെ മകന്റെ നമ്പർ ആണെന്ന വിവരം അന്വേഷണ സംഘത്തിന് ലഭിച്ചത്. ധർമരാജനും സുരേന്ദ്രനും തമ്മിൽ പരിചയമുണ്ടെന്ന് അന്വേഷണ സംഘത്തിന് നേരത്തെ തന്നെ മൊഴി ലഭിച്ചിരുന്നു. സുരേന്ദ്രന്റെ സെക്രട്ടറിയും ഡ്രൈവറുമാണ് ഇത്തരത്തിൽ മൊഴി നൽകിയത്. സുരേന്ദ്രന്റെ സെക്രട്ടറി ദിപിനെയും ഡ്രൈവർ ലെബീഷിനേയും നേരത്തെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു.