തിരുവനന്തപുരം : കോടഞ്ചേരിയിലെ ഡിവൈഎഫ്‌ഐ നേതാവിന്റെ പ്രണയ വിവാഹ വിവാദത്തിൽ മുൻ എംഎൽഎ ജോർജ് എം തോമസിനെ തിരുത്തിയെന്നൊക്കെ സി പി എം അവകാശ പ്പെടുമ്പോഴും അദ്ദേഹം ഉദ്ധരിച്ച രേഖ ഉണ്ടെന്നോ ഇല്ലെന്നോ പറയാൻ പാർട്ടിയും ഡിവൈഎഫ് ഐ യും തയ്യാറായിട്ടില്ല. ഷെജിന്റേയും ജോത്സ്യനയുടേയും വിവാഹം ലൗ ജിഹാദാണെന്ന് സ്ഥാപിക്കുന്നതിനായി പാർട്ടി രേഖയിൽ പറയുന്ന പ്രസക്ത ഭാഗങ്ങളാണ് ജില്ലാ സെക്രട്ടറിയേറ്റംഗം കൂടിയായ ജോർജ് എം തോമസ് ടി വി അഭിമുഖത്തിലും പത്രസമ്മേളനത്തിലും ഉദ്ധരിച്ചത്.

ഇക്കഴിഞ്ഞ ദിവസം പാർട്ടി കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലും വാർത്താക്കുറിപ്പിലും പാർട്ടി രേഖയെക്കുറിച്ച് ഒരക്ഷരം പോലും പറയുന്നില്ല. ജോർജ് എം തോമസ് ഉദ്ധരിച്ച പാർട്ടി രേഖ സി പി എം അംഗീകരിച്ച രാഷ്ടീയ സമീപനം തന്നെയാണെന്ന കാര്യത്തിൽ നേതൃത്വത്തിന് തർക്കമില്ല. പാർട്ടി നയത്തിൽ ഇല്ലാത്ത രേഖ ഉദ്ധരിച്ചാണ് ജോർജ് തോമസ് ഇത്തരമൊരു പ്രസ്താവന നടത്തിയതെങ്കിൽ അയാളെ പാർട്ടി അംഗത്വത്തിൽ നിന്ന് തന്നെ പുറത്താക്കുമായിരുന്നു.

അതു കൊണ്ട് തന്നെയാണ് ജോർജ് തോമസിന് നാക്ക് പിഴ സംഭവിച്ചതാണെന്ന ന്യായം പറഞ്ഞ് പാർട്ടി നേതൃത്വം തടി തപ്പിയത്. വലിയ ന്യായീകരണങ്ങളും തത്വങ്ങളും തള്ളിമറിക്കുന്ന ഡിവൈഎഫ് ഐ യും പാർട്ടി രേഖയെക്കുറിച്ച് മിണ്ടാതെ മുങ്ങി നടക്കയാണ്. ആ പാർട്ടി രേഖയാണ് മറുനാടൻ പുറത്തു വിടുന്നത്.

എന്താണ് ആ പാർട്ടി രേഖ -

സിപിഐ (എം) 23-ആം പാർട്ടി കോൺഗ്രസ് കണ്ണൂരിൽ - പാർട്ടി ബ്രാഞ്ച് - ലോക്കൽ സമ്മേളനങ്ങളിലെ ഉദ്ഘാടന പ്രസംഗത്തിനായി കമ്യൂണിസ്റ്റ് പാർട്ടി ഓഫ് ഇന്ത്യ (മാർക്‌സിസ്റ്റ് ) കേരള സംസ്ഥാന കമ്മറ്റി പ്രസിദ്ധകരിച്ച രേഖയിൽ നിന്നുള്ള കാര്യങ്ങളാണ് ജോർജ് എം തോമസ് മാധ്യമങ്ങൾക്ക് മുന്നിൽ പറഞ്ഞത് - പാർട്ടി രേഖയുടെ പേജ് 31 ൽ ഇങ്ങനെ രേഖപ്പെടുത്തിയിട്ടുണ്ട്. :- പാർട്ടി രേഖയിൽ ന്യൂനപക്ഷ വർഗീയത എന്ന സബ് ഹെഡിംഗിലാണ് ഇക്കാര്യങ്ങൾ വിവരിക്കുന്നത്

' സംഘ പരിവാർ നടത്തുന്ന പ്രവർത്തനങ്ങൾ ന്യൂന പക്ഷ വിഭാഗങ്ങളിൽ അരക്ഷിതാവസ്ഥ സൃഷ്ടിച്ചിട്ടുണ്ട്. മുസ്ലിം സംഘടനകളിലെല്ലാം നുഴഞ്ഞ് കയറി പ്രശ്‌നങ്ങൾ സൃഷ്ടിക്കാൻ മുസ്ലിം വർഗീയ - തീവ്രവാദ രാഷ്ടീയം ശ്രമിച്ചുകൊണ്ടിരിക്കുന്നുവെന്ന യാഥാർത്ഥ്യ ത്തേയും നാം കാണേണ്ടതുണ്ട്. ഇസ്ലാമിക രാഷ്ട്ര സ്ഥാപനത്തിനായി പ്രവർത്തിക്കുന്ന ജമാഅത്തെ ഇസ്‌ളാമി അതിന്റെ ആശയപരമായ വേരുകൾ മുസ്ലിം സമൂഹത്തിലും പൊതു സമൂഹത്തിലും വ്യാപിപ്പിക്കുന്നതിനുള്ള പ്രവർത്തനങ്ങൾ ഈ സാഹചര്യം ഉപയോഗിച്ചു കൊണ്ട് നടത്തുന്നുണ്ടെന്ന കാര്യം നാം മനസിലാക്കണം. മാധ്യമം പത്രം മാത്രമല്ല, സാമൂഹിക മാധ്യമങ്ങളിലും ഇടപെട്ട് ഇവരുടെ ആശയങ്ങൾ പ്രചരിപ്പിക്കാനുള്ള ശ്രമങ്ങൾ ഉണ്ട്.

ലോകത്തിലെ ജനാധിപത്യ വിശ്വാസികളും മുസ്ലിം സമൂഹത്തിലെ ബഹു ഭൂരിപക്ഷവും തള്ളിക്കളയുന്ന താലിബാൻ പോലുള്ളവരെ പിന്തുണയ്ക്കുന്ന ചർച്ചകൾ കേരള സമൂഹത്തിൽ രൂപപ്പെടുന്നുവെന്നത് അതീവ ഗൗരവമുള്ള കാര്യമാണ്. ആശയപരമായ പ്രചരണത്തിലാണ് ജമാ അത്തെ ഇസ്ലാമി ഊന്നുന്നത്. അധികാരത്തിനു വേണ്ടി ഏത് വർഗീയ ശക്തിയുമായി ചേരുന്ന കോൺഗ്രസിന്റെ നയമാണ് കഴിഞ്ഞ തദ്ദേശ സ്വയം ഭരണ സ്ഥാപന തിരഞ്ഞെടുപ്പിൽ വെൽഫയർ പാർട്ടിയുമായുള്ള സഖ്യത്തിലേക്ക് നയിച്ചത്. ഒളിഞ്ഞും തെളിഞ്ഞും നിയമസഭാ തിരഞ്ഞെടുപ്പിലും ഈ ബാന്ധവം തുടർന്നിട്ടുണ്ട് എന്നതും നാം കാണേണ്ടതുണ്ട്.

ഇതിനെ തുറന്ന് കാട്ടി മുന്നോട്ട് പോകാനാവണം. വർഗീയതയിലേക്കും തീവ്രവാദ സ്വഭാവങ്ങളിലേക്കും യുവജനങ്ങളെ ആകർഷിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നു വരുന്നുണ്ട്. പ്രൊഫഷണൽ ക്യാമ്പസുകൾ കേന്ദ്രീക രിച്ചുകൊണ്ട് വിദ്യാസമ്പന്നരായ യുവതികളെ ആ വഴിയിലേക്ക് ചിന്തിപ്പിക്കുന്നതിനുള്ള ബോധപൂർവ്വമായ ശ്രമങ്ങൾ നടന്നുവരുന്നുണ്ട്. ഇക്കാര്യത്തിൽ വിദ്യാർത്ഥി മുന്നണിയും യുവ മുന്നണിയും പ്രത്യേകമായി ശ്രദ്ധിക്കേണ്ടതുണ്ട്'-എന്നാണ് പാർട്ടി രേഖയിൽ അച്ചടിച്ചുവച്ചിരിക്കുന്നത്.

ഈ പാർട്ടി രേഖ ഉദ്ധരിച്ചാണ് ടിവി അഭിമുഖത്തിലുടനീളം ജോർജ് തോമസ് സംസാരിച്ചത്. സി പി എം ജില്ലാ കമ്മറ്റിയുടെ വിശദീകരണക്കുറിപ്പിലോ, കോടഞ്ചേരിയിൽ നടത്തിയ രാഷ്ട്രീയ വിശദീകരണ യോഗത്തിലോ ജോർജ് എം തോമസിന്റെ തെറ്റ് ഏറ്റ് പറച്ചിലിലോ അങ്ങനെ ഒരു രേഖ ഇല്ലെന്നോ, നിഷേധിക്കാനോ സി പി എമ്മോ ഡി വൈ എഫ് ഐയോ തയ്യാറായിട്ടില്ലെന്നതും ശ്രദ്ധേയമാണ്. പ്രണയ വിവാഹം സമുദായങ്ങൾ തമ്മിലുള്ള സ്പർദ്ധയ്ക്ക് കാരണമായെന്ന് പറഞ്ഞ ജോർജ് എം തോമസിന്റെ നിലപാട് നാക്ക് പിഴയെന്നു മാത്രം പറഞ്ഞ് പാർട്ടി തിരുത്തുകയായിരുന്നു.

പാർട്ടിക്ക് അവമതിപ്പുണ്ടാക്കിയ ആളെന്ന നിലയിൽ ഷിജിനെതിരെ അച്ചടക്ക നടപടി എടുക്കേണ്ടി വരുമെന്ന് ജോർജ് എം തോമസ് പറഞ്ഞതും പാർട്ടി തിരുത്തി. അത് തന്റെ സ്വാതന്ത്ര്യമാണെന്നും പറഞ്ഞ് തടി തപ്പി. ലൗ ജിഹാദ് കേരളത്തിൽ ഒരു യാഥാർത്ഥ്യമാണെന്ന് ജോർജ് പറഞ്ഞതും പാർട്ടി തള്ളി. അതെല്ലാം സംഘപരിവാർ - ആർഎസ്എസ് അജണ്ടയാണെന്നൊക്കെ പറഞ്ഞെങ്കിലും പാർട്ടി രേഖയെക്കുറിച്ച് സമ്പൂർണ നിശബ്ദതയാണ് നേതൃത്യവും ജോർജും സ്വീകരിച്ചത്. പ്രൊഫഷണൽ കോളജുകളിലെ പെൺകുട്ടികളെ തട്ടിക്കൊണ്ടു പോകുന്നു എന്ന പാർട്ടി രേഖയിലെ പരാമർശത്തെക്കുറിച്ചുള്ള നിലപാട് എന്തുകൊണ്ട് തിരുത്തിയില്ലാ എന്ന കാര്യത്തെക്കുറിച്ച് മൗനം പാലിക്കുന്നതിൽ ദുരുഹതയുണ്ട്.

ജില്ലാക്കമ്മിറ്റിയുടെ വിശദീകരണക്കുറിപ്പ്
...........................................

കോടഞ്ചേരിയിൽ രണ്ട് വ്യത്യസ്ത മതത്തിൽപെട്ടവർ തമ്മിൽ വിവാഹം ചെയ്തതിൽ അസ്വാഭാവികത കാണേണ്ടതില്ലെന്ന് സിപിഐ.എം ജില്ലാ സെക്രട്ടറിയേറ്റ് പ്രസ്താവനയിൽ പറഞ്ഞു. ഈ പ്രണയ വിവാഹത്തിന്റെ പേരിൽ സാമുദായിക ധ്രുവീകരണം ഉണ്ടാക്കുവാനുള്ള ചില ശക്തികളുടെ കുത്സിത ശ്രമങ്ങൾ ജനങ്ങൾ തിരിച്ചറിയണമെന്നും സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

പ്രായ പൂർത്തിയായവർക്ക് ഏത് മത വിഭാഗത്തിൽപെട്ടവരിൽ നിന്നും വിവാഹം ചെയ്യാൻ രാജ്യത്തെ നിയമ വ്യവസ്ഥ അനുവാദം നൽകുന്നുണ്ട്.മാത്രവുമല്ല വിവാഹം ഓരോരുത്തരുടെയും വ്യക്തിപരമായ കാര്യവുമാണ്. കോടഞ്ചേരി വിഷയത്തിൽ സ്വന്തം ഇഷ്ടപ്രകാരമാണ് വീട് വിട്ട് ഇറങ്ങിപോയി വിവാഹം ചെയ്തത് എന്ന് പെൺകുട്ടി കോടതിയിൽ വ്യക്തമാക്കിയതോടു കൂടി വിവാദങ്ങൾ അവസാനിക്കേണ്ട തായിരുന്നു. എന്നാൽ രാഷ്ട്രീയ ലക്ഷ്യം മുൻനിർത്തി ചിലർ ഇപ്പോഴും പ്രചരണങ്ങൾ തുടരുകയാണ്. സിപിഐ.എം നെ ഈ വിഷയത്തിൽ ബന്ധപ്പെടുത്തി പ്രതിക്കൂട്ടിൽ നിർത്താനുള്ള ശ്രമമാണ് ചില മാധ്യമങ്ങളും തൽപ്പര കക്ഷികളും നടത്തി കൊണ്ടിരിക്കുന്നത്. അതോടൊപ്പം വ്യത്യസ്ത മതസ്ഥർക്കിടയിൽ സ്പർദ്ധ ഉണ്ടാക്കുന്നതിനും ശ്രമിക്കുന്നുണ്ട്. ഇത്തരം നീക്കങ്ങളെ ചെറുത്ത് പരാജയപ്പെടുത്തേണ്ടതുണ്ട്.

ഈ വിവാഹവുമായി ബന്ധപ്പെട്ട് മാധ്യമങ്ങളോട് പ്രതികരിക്കുന്നതിനിടയിൽ സിപിഐ.എം കോഴിക്കോട് ജില്ലാ സെക്രട്ടറിയേറ്റ് അംഗം
ജോർജ്ജ് എംതോമസ് നടത്തിയ പരാമർശങ്ങളിൽ ചില പിശകുകൾ പറ്റിയതായി പാർട്ടി ജില്ലാ സെക്രട്ടറിയേറ്റ് വിലയിരുത്തി. ഈ പിശകുകൾ ജോർജ്ജ് എം തോമസ് തന്നെ അംഗീകരിച്ച് മാധ്യമങ്ങളോട് പ്രതികരിച്ചിട്ടുണ്ട്. ലൗ ജിഹാദ് എന്നത് ആർഎസ്എസ് സൃഷ്ടിയാണെന്ന നിലപാട് സിപിഐ.എം നേരത്തെ തന്നെ വ്യക്തമാക്കിയതാണ്. ആർഎസ്എസ് മത ന്യൂനപക്ഷങ്ങളെ അക്രമിക്കാനും വേട്ടയാടാനും നടത്തുന്ന പ്രചരണവും പ്രയോഗവുമാണിത്. ഇതുമായി ബന്ധപ്പെട്ടും ആശയക്കുഴപ്പവും തെറ്റിദ്ധാരണയും സൃഷ്ടിക്കാൻ ചില ശക്തികൾ ശ്രമിക്കുന്നുണ്ട്.

കോടഞ്ചേരി വിവാഹ വിഷയത്തെ മുൻനിർത്തി സാമുദായിക സൗഹാർദ്ദം തകർക്കാനുള്ള എല്ലാ ശ്രമങ്ങളെയും ജനങ്ങൾ ഒരുമിച്ച് നിന്ന് പരാജയപ്പെടുത്തണം. പുരോഗമന മൂല്യങ്ങൾ ഉയർത്തിപിടിച്ച് മതമൈത്രിയും സമാധാനവും കാത്തു സൂക്ഷിക്കാൻ എല്ലാവരും രംഗത്ത് വരണമെന്നും കുപ്രചരണങ്ങൾക്കെതിരെ ജാഗ്രത പാലിക്കണമെന്നും സിപിഐ.എം ജില്ലാ സെക്രട്ടറിയേറ്റ് അഭ്യർത്ഥിച്ചു.

ഈ വിശദീകരണക്കുറിപ്പിലും പാർട്ടി രേഖയെക്കുറിച്ച് മിണ്ടാട്ടമില്ല. പാർട്ടി നയം പറഞ്ഞതിന്റെ ജാള്യത മറയ്ക്കാൻ നാക്ക് പിഴ എന്ന് പറഞ്ഞ് തടി തപ്പുന്ന സി പി എമ്മിന്റെ ഇരട്ടത്താപ്പാണ് പുറത്തായത്. ഒരേ സമയം രണ്ട് ന്യൂനപക്ഷ സമുദായങ്ങളെ തമ്മിലടിപ്പിക്കുകയും, അതിലൂടെ സംഘപരിവാറിന്റേയും ഭുരിപക്ഷ സമൂഹത്തിന്റേയും പ്രീതി പിടിച്ചുപറ്റുകയും ചെയ്യുന്ന കുറുക്കൻ തന്ത്രമാണ് സി പി എം പയറ്റുന്നത്.പാർട്ടി നടത്തുന്ന നഗ്‌നമായ സമുദായ പ്രീണനവും വർഗീയതയുമാണ് ഇപ്പോൾ പുറത്തുവന്നത് . കാലാകാലങ്ങളായി സി പി എം വെച്ചു നടത്തുന്ന വോട്ട് ബാങ്ക് രാഷ്ടീയവും ഇത് തന്നെയാണ് .

(വിഷുവും ദുഃഖവെള്ളിയും കണക്കിലെടുത്ത് നാളെ(15-04-2022) മറുനാടൻ മലയാളിക്ക് സമ്പൂർണ്ണ അവധിയായതിനാൽ നാളെ പോർട്ടലിൽ അപ് ഡേഷൻ ഉണ്ടായിരിക്കുന്നതല്ലഎഡിറ്റർ)