കൊച്ചി: കരിപ്പൂർ സ്വർണക്കടത്തിന്റെ ബുദ്ധികേന്ദ്രമായ അർജുൻ ആയങ്കിയുടെ ഫോൺ നശിപ്പിച്ചത് ഉന്നത ബന്ധം പുറത്തു വരാതിരിക്കാൻ എന്ന് കസ്റ്റംസ്. കൊടുവള്ളി സംഘത്തിലെ പ്രധാനി സൂഫിയാനും ഫോൺ നശിപ്പിച്ചു. നേരത്തെ തിരുവനന്തപുരം നയതന്ത്ര ബാഗേജ് സ്വർണ്ണ കടത്തിലെ മുഖ്യ പ്രതി കെ ടി റമീസും തന്റെ ഫോണുകളിൽ ഒന്ന് ഇല്ലാതാക്കിയിരുന്നു. പിടിക്കപ്പെടും മുമ്പ് മൊബൈൽ ഫോൺ ഇല്ലാതാക്കാൻ മാഫിയകൾ അതിന്റെ എല്ലാ പ്രധാനികൾക്കും നിർദ്ദേശം നൽകിയെന്നാണ് സൂചന. എന്നാലും ഫോൺ രേഖകളിലൂടെ കള്ളം പൊളിക്കാനാണ് നീക്കം.

കരിപ്പൂർ സ്വർണക്കടത്തിൽ നിർണായകമാവുക അർജുന്റെ ഫോൺ, വാട്സാപ്പ്, ടെലിഗ്രാം എന്നിവയിലെ രേഖകളാണ്. ഫോൺ പുഴയിൽ കളഞ്ഞുപോയെന്നാണ് കസ്റ്റംസിന് അർജുൻ മൊഴിനൽകിയിരിക്കുന്നത്. ഇതോടെ ഡിജിറ്റൽ തെളിവുകൾ ശേഖരിക്കലാണ് കസ്റ്റംസിനുമുന്നിലുള്ള വഴി. സോഷ്യൽ മീഡിയാ ആപ്ലിക്കേഷനുകളുടെ കോർപ്പറേറ്റ് ഓഫീസിൽനിന്നും തെളിവ് ശേഖരണമുണ്ടാകും. അങ്ങനെ സ്വർണ്ണ കടത്തിലെ യഥാർത്ഥ ഗൂഡാലോചകനെ കണ്ടെത്താനാണ് നീക്കം.

അർജുനുമായി ബന്ധമുള്ളവരുടെ വാട്സാപ്പ് ചാറ്റുകൾ പരിശോധിച്ച് അർജുന്റെ സന്ദേശങ്ങൾ ശേഖരിക്കും. സ്വർണ്ണ കടത്തിലെ കണ്ണൂർ ലോബിയുടെ അടിവേരിറക്കാനാണ് നീക്കം. കൊടി സുനിയുമായി അർജുൻ ഫോണിൽ അശയ വിനിമയം നടത്താനുള്ള സാധ്യതയുണ്ട്. ഈ സാഹചര്യത്തിലാണ് ഫോൺ തന്നെ നശിപ്പിച്ചതെന്നാണ് പ്രാഥമിക നിഗമനം. കൊടി സുനിയിലേക്ക് അന്വേഷണം എത്തുന്നത് കടത്തു സംഘം ഇഷ്ടപ്പെടുന്നില്ല,.

ഇതിന്റെ ഭാഗമായി ആയങ്കിയ്‌ക്കെതിരെ ഫോൺ രേഖകളിലൂടെ അന്വേഷണം മുന്നോട്ടുകൊണ്ടുപോകാൻ കസ്റ്റംസ് ഒരുക്കം തുടങ്ങി. ഉന്നതർ അടക്കമുള്ളവരുടെ ബന്ധങ്ങൾ പുറത്തുവരാതിരിക്കാൻ, ഉപയോഗിച്ചിരുന്ന മൊബൈൽ ഫോൺ നശിപ്പിച്ചശേഷമാണ് അർജുൻ കസ്റ്റംസിനുമുന്നിൽ ഹാജരായത്. മൊബൈൽ ഫോൺ സേവനദാതാക്കളിൽനിന്ന് അർജുന്റെ കോൾഡേറ്റ ശേഖരിക്കും. അർജുനുമായി നിരന്തരം ചാറ്റുകളിലേർപ്പെട്ടിരുന്നവരുടെ വാട്സാപ്പ് ചാറ്റുകളും വോയ്‌സ് ക്ലിപ്പുകളും പരിശോധിക്കും. അതായത് നയതന്ത്ര ബാഗേജ് കടത്തിന് സമാനമായി വിശദമായ അന്വേഷണം ഇനി നടക്കും.

അർജുൻ ചോദ്യം ചെയ്യലുമായി സഹകരിക്കുന്നില്ല. കസ്റ്റംസിന്റെ ചോദ്യങ്ങളിൽനിന്ന് ഒഴിഞ്ഞുമാറുന്ന രീതി തുടരുകയാണ്. കസ്റ്റംസ് ഓഫീസിൽ രാവിലെ എട്ടരയോടെ ഹാജരായ സി. സജേഷിനെയും പ്രതികളായ മുഹമ്മദ് ഷെഫീഖ്, അർജുൻ എന്നിവരെയും ഒരുമിച്ചിരുത്തി ചോദ്യംചെയ്തു. സജേഷിനെ രാത്രി ഏഴുമണിയോടെ വിട്ടയച്ചു. വീണ്ടും വിളിപ്പിക്കും. അർജുനുമായി സുഹൃദ്ബന്ധം മാത്രമേയുള്ളൂവെന്നും സ്വർണക്കടത്തിനെക്കുറിച്ച് അറിയില്ലെന്നുമാണ് സജേഷിന്റെ മൊഴി.

സ്വർണക്കടത്ത് അറിയില്ലെന്ന നിലപാടിൽ ഉറച്ചുനിൽക്കുകയാണ് അർജുനും. ഒന്നാം പ്രതി മുഹമ്മദ് ഷെഫീഖ് അർജുന്റെ നിർദ്ദേശപ്രകാരമാണ് സ്വർണം എത്തിച്ചതെന്ന മൊഴി ആവർത്തിച്ചു. ദുബായിൽനിന്നു പുറപ്പെടുംമുമ്പും കരിപ്പൂർ വിമാനത്താവളത്തിൽ എത്തിയശേഷവും പലതവണ അർജുൻ വിളിച്ചിരുന്നെന്നും ഷെഫീഖ് മൊഴിനൽകി. ഇത് അർജുന് തിരിച്ചടിയാണ്. ആയങ്കിയുടെ മൊഴി പൊളിക്കുന്നതാണ് കൂട്ടുപ്രതി മുഹമ്മദ് ഷഫീഖിന്റെ ഫോൺവിളി രേഖകൾ. ദുബായിൽനിന്നു സ്വർണം കൈമാറിയതിനും കരിപ്പൂരിൽ പിടിക്കപ്പെടുന്നതിനും ഇടയിൽ 25 തവണ അർജുൻ വാട്‌സാപ് വഴിയും ഫോണിലൂടെയും ഷഫീഖിനു നിർദ്ദേശങ്ങൾ നൽകിയിട്ടുണ്ട്.

ഇതിൽ ഒരിക്കൽ പോലും അർജുന്റെ സുഹൃത്തിനു ഷഫീഖ് നൽകാനുള്ള 15,000 രൂപയുടെ പരാമർശമില്ല. സുഹൃത്തു റമീസിൽനിന്നു ദുബായിയിൽ വച്ചു ഷഫീഖ് കടം വാങ്ങിയ പണം തിരികെ വാങ്ങാനാണു സംഭവ ദിവസം കരിപ്പൂരിൽ എത്തിയതെന്നായിരുന്നു അർജുന്റെ മൊഴി. കള്ളക്കടത്തുകാരോട് വെറുപ്പായതിനാലാണു കള്ളക്കടത്തു സ്വർണം കവർച്ച ചെയ്യുന്നതെന്നും കസ്റ്റംസിന്റെ ചോദ്യം ചെയ്യലിനിടെ അർജുൻ പറഞ്ഞിരുന്നു. കടം വാങ്ങിയ പണം തിരികെ വാങ്ങാനാണു വിമാനത്താവളത്തിലെത്തിയതെന്ന അർജുന്റെ വാദം ശരിയല്ലെന്ന് ഷഫീഖ് ചോദ്യം ചെയ്യലിൽ പറഞ്ഞു. ദുബായിൽ വച്ചു സ്വർണം കൈമാറിയ സലീം, ജലീൽ, മുഹമ്മദ് എന്നിവർ നിർദ്ദേശിച്ചതു കരിപ്പൂർ വിമാനത്താവളത്തിലെത്തുമ്പോൾ സ്വർണം ഒളിപ്പിച്ച പാഴ്‌സൽ ഏറ്റുവാങ്ങാൻ അർജുൻ വരുമെന്നാണ്.

വാട്സാപ്പിലും ഫോണിലും നിർദ്ദേശം നൽകിയത് അർജുൻ ആണ്. അർജുന്റെ നിർദ്ദേശപ്രകാരം വിമാനം ഇറങ്ങിയപ്പോൾ വസ്ത്രം മാറ്റി ധരിച്ചിരുന്നു. സ്വർണം കസ്റ്റംസ് പരിശോധന മറികടന്ന് അർജുനു കൈമാറാൻ 40,000 രൂപയും വിമാനടിക്കറ്റുമാണു വാഗ്ദാനം ചെയ്തിരുന്നത്. കസ്റ്റംസ് പിടികൂടിയപ്പോൾ ആദ്യം വിവരം അറിയിച്ചതും അർജുനെയാണ്.