തൃശൂർ: വിയ്യൂർ ജയിലിനെ ഭരിക്കുന്നത് ടിപി കേസ് പ്രതികൾ തന്നെ. മുഹമ്മദ് ഷാഫിയായിരുന്നു അടുത്ത കാലം വരെ ജയിൽ ഭരിച്ചത്. കുടുംബത്തിനെ അടുത്തു കാണാൻ ഷാപി കണ്ണൂരിലേക്ക് പോയതിന് പിന്നാലെ കൊടി സുനി അവിടെ എത്തി. ഇപ്പോൾ കൊടി സുനിയാണ് വിയ്യൂർ ജയിലിലെ സൂപ്രണ്ട്!

കാസർഗോട്ടെ ജയിലിൽ പൂജ വിവാദത്തിൽ കുടുങ്ങിയ വ്യക്തിയാണ് ഇപ്പോൾ വിയ്യൂരിലെ സൂപ്രണ്ട്. സിപിഎമ്മിനോട് വലിയ അനുഭാവം ഇല്ലാത്ത ജയിലർ. അതുകൊണ്ട് ചില നിയന്ത്രണങ്ങൾ ഉണ്ട്. ഈ മുതിർന്ന ജയിൽ സൂപ്രണ്ടിനെ മാറ്റണമെന്ന ആവശ്യം സർക്കാരിന് മുമ്പിൽ കൊടി സുനി വച്ചതായാണ് സൂചന. കൂടുതൽ അടുപ്പമുള്ള ആളിനെ വിയ്യൂരിലേക്ക് എത്തിക്കാനാണ് ഇത്. സൂപ്രണ്ട് സഹായിക്കുന്നുണ്ടെങ്കിലും രഹസ്യങ്ങൾ ചോരുമോ എന്ന ഭയമാണ് ഇതിന് കാരണം.

കരിപ്പൂർ സ്വർണക്കടത്ത് കേസിൽ ഷാഫിക്കും കൊടി സുനിക്കും പങ്കുണ്ടെന്നാണ് വിലയിരുത്തൽ. ഇതിന്റെ അടിസ്ഥാനത്തിൽ ഇന്റലിജൻസ് വിരവ ശേഖരണം നടത്തിയിരുന്നു. ഇതിലാണ് ജയിലിലെ വിശേഷങ്ങൾ അറിഞ്ഞത്. ഷാഫി ആറു മാസത്തോളം വിയ്യൂർ സെൻട്രൽ ജയിൽ സൂപ്രണ്ടിന്റെ സ്വന്തം 'സഹായി' ആയിരുന്നു. കൊടു ക്രിമിനലുകളെ തടവുകാരെ ഓഫിസ് ജോലികൾക്കു നിയോഗിക്കരുതെന്ന ജയിൽ ഡിജിപിയുടെ സർക്കുലർ നിലവിലുള്ളപ്പോഴായിരുന്നു അത്.

സൂപ്രണ്ടിന്റെ അനൗദ്യോഗിക 'ഓർഡർലി' എന്ന നിലയിലാണ് ജയിലിനെ ഷാഫി ഭരിച്ചത്. മൂന്നു മാസം മുൻപു സ്വന്തം അപേക്ഷയിൽ കണ്ണൂർ ജയിലിലേക്കു മാറുന്നതുവരെ ഷാഫി ഈ ജോലിയിൽ തുടർന്നു. സൂപ്രണ്ടിന്റെ താത്പര്യപ്രകാരമുള്ള നിയമനമായിരുന്നതിനാൽ കീഴുദ്യോഗസ്ഥരാരും ചോദ്യം ചെയ്തില്ല. ജയിൽ ആസ്ഥാനത്ത് അറിയിച്ചതുമില്ല. ഇപ്പോൾ കൊടി സുനി ജയിലിലുണ്ട്. കൊടി സുനിക്കും സുഖവാസമാണ് വിയ്യൂരിൽ.

ക്വട്ടേഷൻ പ്രവർത്തനങ്ങളിൽ ജയിലിൽ കിടന്നും ടിപി കേസ് പ്രതികൾ പങ്കെടുക്കുന്നുവെന്ന വിവരങ്ങൾ നേരത്തെ പുറത്തു വന്നിരുന്നു. അതുകൊണ്ടു തന്നെ ഇവരെ വിയ്യൂരിൽ കിടത്തരുതെന്ന് റിപ്പോർട്ടുണ്ട്. ഇതെല്ലാം മറിടകന്നാണ് കൊടി സുനിയെ പോലും വിയ്യൂരിലെത്തിച്ചത്. ഇതോടെ വീണ്ടും സ്വർണ്ണ കടത്തിലും കണ്ണൂർ സംഘം ഇടപെടാൻ തുടങ്ങി. കൊടി സുനിയും ഷാഫിയും നേരിട്ടാണ് ഇതെല്ലാം നിയന്ത്രിക്കുന്നത്. ഇതിന് വേണ്ടിയാണ് ഷാഫി കണ്ണൂരിലേക്ക് മാറിയത്.

അണ്ണൻ സിജിത്തും കണ്ണൂർ ജയിലിലാണ് ഇപ്പോൾ. ഇവിടെ നിന്നും പരോളിൽ ഇറങ്ങിയാണ് അണ്ണൻ സിജിത്ത് വിവാഹം കഴിച്ചത്. ഇതുമായി ബന്ധപ്പെട്ട വിരവങ്ങളും കേന്ദ്ര ഏജൻസികൾ ശേഖരിക്കുന്നുണ്ട്. വിയ്യൂർ ജയിലിലെ നിയമ വിരുദ്ധ പ്രവർത്തനങ്ങളെ ഗൗരവത്തോടെയാണ് കേന്ദ്ര ഏജൻസി കാണുന്നത്. ഷാഫിക്കൊപ്പം, തൃശൂർ പുഴയ്ക്കലിലെ ഫ്‌ളാറ്റ് കൊലക്കേസ് പ്രതി റഷീദിനെയും ഓഫിസ് ജോലിക്കു നിയോഗിച്ചു.

കഠിനതടവിനു ശിക്ഷിക്കപ്പെട്ട തടവുകാർക്കാണു ജയിലിലെ ഏറ്റവും കാഠിന്യം കുറഞ്ഞ ജോലി നൽകിയത്. ഷാഫി സൂപ്രണ്ടിന്റെ സ്വന്തം സഹായിയായിരുന്നെങ്കിൽ, റഷീദിനെ തൊട്ടടുത്ത മുറിയിലെ വാറന്റ് വിഭാഗത്തിലാണു നിയോഗിച്ചത്. കണ്ണൂർ സെൻട്രൽ ജയിലിൽ കഴിയുമ്പോൾ ഫോൺ ഉപയോഗിച്ചതിനാണു ഷാഫിയെ വിയ്യൂരിലേക്കു മാറ്റിയത്.

കൂടുതൽ ശ്രദ്ധിക്കേണ്ട തടവുകാരെ ഉദ്യോഗസ്ഥരുടെ കൺമുൻപിൽ തന്നെ നിർത്തുന്നതിനായാണ് ഓഫിസ് ജോലിക്കു നിയോഗിച്ചതെന്നു വിയ്യൂർ ജയിൽ സെൻട്രൽ ജയിൽ സൂപ്രണ്ട് എ.ജി.സുരേഷ് വിശദീകരിച്ചു. തെറ്റുതിരുത്തൽ കേന്ദ്രമാണു ജയിലെന്നും സൂപ്രണ്ട് പറഞ്ഞു.