തിരുവനന്തപുരം: തെരഞ്ഞെടുപ്പ് പരാജയത്തിന് പിന്നാലെ കോൺഗ്രസിൽ പൊട്ടിത്തെറികൾ തുടരുന്നു. പരസ്യപ്രതികരണങ്ങൾ ഹൈക്കമാൻഡ് വിലക്കിയെങ്കിലും അത് കണക്കാക്കാതെ പല നേതാക്കളും നേതൃത്വത്തിനെതിരെ പരസ്യമായി രംഗത്തെത്തിയിട്ടുണ്ട്. ഇപ്പോൾ മാവേലിക്കര എംപി കൊടിക്കുന്നിൽ സുരേഷിനെതിരെ രംഗത്തെത്തിയിരിക്കുകയാണ് മാവേലിക്കര നിയോജകമണ്ഡലത്തിലെ യുഡിഎഫ് സ്ഥാനാർത്ഥിയായിരുന്ന ദളിത് കോൺഗ്രസ് സംസ്ഥാന പ്രസിഡന്റ് കെകെ ഷാജു. കെ.സി വേണുഗോപാലിനെതിരെയും പോസ്റ്റിൽ വിമർശനമുണ്ട്.

തന്നെ പരാജയപ്പെടുത്തിയതുകൊടിക്കുന്നിലാണെന്ന തരത്തിൽ രണ്ടുദിവസം മുമ്പ് ഷാജു ഫേസ്‌ബുക്കിൽ പോസ്റ്റിട്ടിരുന്നു. തന്റെ പരാജയം കൊടിക്കുന്നിലിന് സമർപ്പിക്കുന്നു എന്നായിരുന്നു ഷാജുവിന്റെ പോസ്റ്റ്. ഇപ്പോൾ കൊടിക്കുന്നിലിനെതിരെ മറ്റൊരു പോസ്റ്റുകൂടി ഷാജു ഫെയ്‌സ് ബുക്കിൽ പങ്കുവച്ചു. ദളിത് കോൺഗ്രസ് പ്രസിഡന്റായ തന്നെ കെപിസിസി എക്‌സിക്യൂട്ടീവിൽ നിന്ന് ഒഴിവാക്കാൻ ചരട് വലിച്ചതുകൊടിക്കുന്നിൽ സുരേഷാണെന്ന ആരോപണമാണ് ഷാജു ഇപ്പോൾ ഉയർത്തിയിട്ടുള്ളത്. കെസി വേണുഗോപാൽ അതിന് കൂട്ടുനിന്നതായും പോസ്റ്റിലുണ്ട്. എന്നാൽ സംഭവം വിവാദമായതോടെ പോസ്റ്റ് ഷാജു പിൻവലിച്ചു.

ഹൈക്കമാൻഡിന്റെ നിർദ്ദേശം അവഗണിച്ചുകൊണ്ട് നിരവധി നേതാക്കളാണ് പരസ്യപ്രസ്താവനകളുമായി രംഗത്തെത്തിയിട്ടുള്ളത്. കോൺഗ്രസിന്റെ പതനം നേതൃത്വം പരിശോധിക്കണമെന്ന് തൃശൂരിൽ പരാജയപ്പെട്ട പത്മജ വേണുഗോപാൽ പറഞ്ഞു. തന്നെ തോൽപ്പിക്കാൻ ഉന്നതനേതാവ് ശ്രമിച്ചു. പേര് ഇപ്പോൾ പറയുന്നില്ല. തോൽവിയിൽനിന്ന് പാർട്ടി പഠിക്കണം. അല്ലാതെ മുന്നോട്ടുപോവുക പ്രയാസമാണെന്നും പത്മജ പറഞ്ഞു. കെപിസിസിക്ക് ഊർജ്വസ്വലതയുമുള്ള നേതാവുണ്ടാകണമെന്ന് എ, ഐ ഗ്രൂപ്പുകൾ ആവശ്യപ്പെട്ടതോടെ കോൺഗ്രസിൽ നേതൃമാറ്റ മുറവിളിയും കൂടുതൽ ശക്തമായി. ഇങ്ങനെയൊരു ഉറക്കം തൂങ്ങി പ്രസിഡന്റിനെ ഇനിയും വേണമോയെന്നായിരുന്നു ഹൈബി ഈഡന്റെ സമൂഹമാധ്യമത്തിലൂടെയുള്ള ആക്ഷേപം. ഗ്രൂപ്പുകളിയാണ് കോൺഗ്രസിനെ തകർത്തതെന്നായിരുന്നു എ.കെ.രാഘവൻ എംപിയുടെ പ്രതികരണം.

ഇതിനിടെ കോൺഗ്രസിൽ നേതൃമാറ്റം വേണമെന്ന് ആവശ്യപ്പെട്ട് കെ.സി. ജോസഫും രംഗത്തെത്തി. പാർട്ടിയിൽ സമഗ്രഅഴിച്ചുപണി വേണം. സംഘടനാതിരഞ്ഞെടുപ്പ് നടത്തണം. കോൺഗ്രസിന്റെ പരാജയം അപ്രതീക്ഷിതമാണ്. കോൺഗ്രസിന്റെ രാഷ്ട്രീയകാര്യ സമിതി ചേർന്ന് പരാജയം ചർച്ച ചെയ്യണം. സംഘടനപരമായ ദൗർബല്യം തോൽവിയുടെ ഒരു ഘടകമാണ്. കോൺഗ്രസിന്റെ സ്ഥാനാർത്ഥി പട്ടിക മികച്ചതായിരുന്നു. സംഘടനതലത്തിൽ പ്രശ്‌നങ്ങളുണ്ട്. ലോക്‌സഭയിലെ വമ്പിച്ച വിജയത്തിൽ കോൺഗ്രസ് മതിമറന്നു. പാർട്ടിയിൽ തിരുത്തുവേണം. എന്നാൽ തോൽവിയിൽ നേതൃത്വത്തെ മാത്രം പഴിചാരി ഒഴിവാകാനാവില്ല. കോൺഗ്രസിന്റെ തോൽവിയുടെ ഉത്തരവാദിത്തം എല്ലാവർക്കും കൂടിയാണ്. സംഘടനയുടെ താഴെത്തട്ടിലെ പ്രവർത്തനം മോശമാണെന്നും അദ്ദേഹംകൂട്ടിച്ചേർത്തു.