ന്യൂഡൽഹി: സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തുനിന്നും താത്കാലികമായി മാറിനിൽക്കുന്ന കോടിയേരി ബാലകൃഷ്ണന്റെ മടങ്ങിവരവിന് പച്ചക്കൊടി കാട്ടി പോളിറ്റ് ബ്യൂറോയും. ഇക്കാര്യത്തിൽ സംസ്ഥാനത്തിന് തീരുമാനം കൈക്കൊള്ളാമെന്നാണ് പി ബി നിലപാട്. സംസ്ഥാനത്ത് തീരുമാനമെടുത്തശേഷം കേന്ദ്ര നേതൃത്വത്തെ അറിയിച്ചാൽ മതിയെന്നുമാണ് പി ബിയുടെ നിലപാട്. അതേസമയം ദേശീയ തലത്തിൽ തീരുമാനം സിപിഎം കൈക്കൊള്ളാത്തത് എന്തുകൊണ്ടാണെന്ന ചോദ്യവും നിലനിൽക്കുന്നുണ്ട്.

കള്ളപ്പണക്കേസുമായി ബന്ധപ്പെട്ട് മകൻ അറസ്റ്റിലായതിന് പിന്നാലെയാണ് കഴിഞ്ഞ വർഷം നവംബർ 11 നാണ് കോടിയേരി സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്ന് താൽക്കാലികമായി ഒഴിഞ്ഞത്. ആരോഗ്യപ്രശ്‌നങ്ങൾ ചൂണ്ടികാട്ടിയായിരുന്നു മാറി നിന്നതെങ്കിലും മകന്റെ ജയിൽവാസവും തീരുമാനത്തിന് പിന്നിലുണ്ടായിരുന്നെന്ന് കോടിയേരി തന്നെ പിന്നീട് വെളിപ്പെടുത്തി. ഇടതുമുന്നണി കൺവീനറായ എ വിജയരാഘവന് സെക്രട്ടറിയുടെ അധിക ചുമതല നൽകിയാണ് സിപിഎം സാഹചര്യത്തെ നേരിട്ടത്.

ആരോഗ്യസ്ഥിതി മെച്ചപ്പെട്ടതും ബിനീഷ് കോടിയേരിക്ക് ജാമ്യം ലഭിച്ചതുമാണ് കോടിയേരിയുടെ തിരിച്ചുവരവിന് വഴിയൊരുക്കുന്നത്. സംസ്ഥാനത്ത് തന്നെ തീരുമാനമെടുത്തശേഷം അറിയിച്ചാൽ മതിയെന്ന് വ്യക്തമാക്കിയതോടെ കോടിയേരി വിഷയം പിബിയിൽ വിശദമായി ചർച്ച ചെയ്തില്ല. സമ്മേളനം തിരഞ്ഞെടുത്ത സെക്രട്ടറി, സ്ഥാനത്ത് മടങ്ങിയെത്തുന്നതിൽ കേന്ദ്രനേതൃത്വത്തിന് എതിർപ്പൊന്നുമില്ലെന്ന് ഇതിലൂടെ വ്യക്തം. അടുത്ത സംസ്ഥാന സെക്രട്ടറിയേറ്റിൽ കോടിയേരി ചുമതയേറ്റെടുത്തേക്കുമെന്നാണ് പ്രതീക്ഷിക്കപ്പെടുന്നത്.

അതേസമയം രണ്ട് ദിവസമായി ചേർന്ന സിപിഎം പൊളിറ്റ്ബ്യൂറോ യോഗം ഇന്ന് അവസാനിച്ചു. പാർട്ടി കോൺഗ്രസിൽ അവതരിപ്പിക്കാനുള്ള രാഷ്ട്രീയ പ്രമേയത്തിന്റെ കരട് തയ്യാറാക്കുകായിരുന്നു പ്രധാന അജണ്ട. അടുത്ത മാസം പകുതിയോടെ ചേരുന്ന പിബി യോഗത്തിലും കരട് സംബന്ധിച്ച് ചർച്ച നടക്കും. ഇതിന് ശേഷമാകും കേന്ദ്ര കമ്മിറ്റിയോഗം ചേരുക. ഏഴ് സംസ്ഥാനങ്ങളിൽ അടുത്തിടെ നടക്കാനിരിക്കുന്ന നിയമസഭ തെരഞ്ഞെടുപ്പും യോഗത്തിൽ ചർച്ച ആയി. അതത് സംസ്ഥാനങ്ങളിലെ രാഷ്ട്രീയ സാഹചര്യം പരിശോധിച്ച് അടവുനയത്തിലും സഖ്യത്തിലും തീരുമാനമെടുക്കാൻ പിബി നിർദ്ദേശിച്ചു.

സംസ്ഥാനങ്ങളിൽ തീരുമാനമെടുത്തശേഷം കേന്ദ്രതലത്തിൽ അക്കാര്യം റിപ്പോർട്ട് ചെയ്യാനും ആവശ്യപ്പെട്ടുണ്ട്. ഹൈദരാബാദ് പാർട്ടി കോൺഗ്രസിലെ രാഷ്ട്രീയ നിലപാട് മുൻനിർത്തിയാകും സഖ്യത്തിലടക്കം തീരുമാനമെടുക്കുക. കോൺഗ്രസുമായി ധാരണയാകാമെന്ന് മുൻ നിലപാടുള്ള സാഹചര്യത്തിൽ സഖ്യകാര്യത്തിൽ കേരള ഘടകത്തിന്റെ നിലപാട് നിർണായകമാകും. എക്‌സൈസ് തീരുവയിൽ കേന്ദ്രസർക്കാർ നാമമാത്രമായ കുറവാണ് വരുത്തിയതെന്നും പിബി വിമർശിച്ചു. ന്യൂനപക്ഷങ്ങൾക്കെതിരെ നടക്കുന്ന ആക്രമണങ്ങളിൽ ഒരു ദിവസത്തെ പ്രതിഷേധത്തിനും പിബി ആഹ്വാനം ചെയ്തിട്ടുണ്ട്.