തിരുവനന്തപുരം: തെരഞ്ഞെടുപ്പു കാലത്ത് സിപിഎമ്മിനെ പ്രതിരോധത്തിലാക്കിയ ഐഫോൺ വിവാദത്തിൽ പ്രതികരിച്ച് സിപിഎം സംസ്ഥാന സെക്രട്ടറി സ്ഥാനത്തു നിന്നും അവധിയെടുത്ത കോടിയേരി ബാലകൃഷ്ണൻ. തന്റെ ഭാര്യ വിനോദിനി ഉപയോഗിക്കുന്ന ഐഫോൺ കാശു കൊടുത്തു വാങ്ങിയതാണെന്നാണ് കോടിയേരി പ്രതികരിച്ചത്. സന്തോഷ് ഈപ്പനെ അറിയില്ലെന്നും അദ്ദേഹത്തിന്റെ കൈയിൽ നിന്ന് ഫോൺ കിട്ടിയിട്ടില്ലെന്നും വിനോദിനി ഉപയോഗിക്കുന്ന ഐ ഫോൺ പണം നൽകി വാങ്ങിയതാണെന്നും കോടിയേരി വ്യക്തമാക്കി. ഒരു ഓൺലൈൻ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് കോടിയേരി വിവാദ വിഷയങ്ങളിൽ പ്രതികരിച്ചത്.

വിനോദിനി ഐഫോൺ ഉപയോഗിക്കുന്നുണ്ട്. എന്നാൽ, അത് വിവാദത്തിൽ പറയപ്പെടുന്ന ഫോൺ അല്ല. കൈയിലില്ലാത്ത ഫോണിനെ കുറിച്ച് എന്തു പറയാനാണ്. ഇതൊരു കെട്ടുകഥയാണ്. സ്വപ്നാ സുരേഷിനെ ഒരു കാലത്തും കണ്ടിട്ടില്ല. സാധാരണ ഭരണരംഗത്ത് ഇടപെടുമ്പോഴാണ് ഇത്തരക്കാരുമായി ബന്ധമുണ്ടാവേണ്ടത്. തനിക്കോ ഭാര്യക്കോ ഇത്തരത്തിൽ ബന്ധം ഉണ്ടായിട്ടില്ലെന്നും കോടിയേരി വ്യക്തമാക്കുന്നു.

സന്തോഷ് ഈപ്പൻ, സ്വപ്ന സുരേഷ്, യു.എ.ഇ കോൺസുലറ്റ് ജനറൽ എന്നിവരെ കണ്ടിട്ടില്ല. സന്തോഷ് ഈപ്പനുമായി പരിചയപ്പെടേണ്ടി വന്നിട്ടില്ല. യാതൊരു ബന്ധവുമില്ലാത്ത കോൺസുലറ്റ് ജനറലിൽ നിന്ന് എങ്ങനെയാണ് ഫോൺ ലഭിക്കുക. വിവാദ ഫോൺ മറ്റാരോ ഉപയോഗിക്കുന്നുവെന്നാണ് പറയുന്നത്. ഫോൺ എങ്ങനെ കിട്ടിയെന്ന് ആയാളോട് ചോദിച്ചാൽ പോരെയെന്ന് കോടിയേരി ചൂണ്ടിക്കാട്ടി.

ഐഫോൺ വിവാദത്തിൽ മാപ്പു പറയണമെന്ന പ്രതിപക്ഷ നേതാവ് രമേശ് ചെന്നിത്തലയുടെ ആവശ്യത്തോടും കോടിയേരി പ്രതികരിച്ചു. വാങ്ങിയ അഞ്ച് ഐഫോൺ ഒന്ന് കൊടുത്തത് പ്രതിപക്ഷ നേതാവിനാണെന്ന് വെളിപ്പെടുത്തിയത് സന്തോഷ് ഈപ്പനാണ്. അക്കാര്യമാണ് വാർത്താസമ്മേളനത്തിൽ താൻ ചൂണ്ടിക്കാട്ടിയത്. തനിക്ക് ഫോൺ കിട്ടിയിട്ടില്ലെന്ന് ചെന്നിത്തല പറഞ്ഞതോടെ ഇക്കാര്യം തങ്ങൾ ഏറ്റുപിടിച്ചില്ലെന്നും കോടിയേരി പറഞ്ഞു.

എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റിനെ (ഇ.ഡി) ഉപയോഗിച്ച് പല സംസ്ഥാനങ്ങളിലെ നേതാക്കളെ ബിജെപിയാക്കി മാറ്റിയിട്ടുണ്ട്. മകനെ ജയിലിലടക്കുകയും ഭാര്യയെ ഭയപ്പെടുത്തുകയും അടക്കമുള്ള കാര്യങ്ങളും അവർ ചെയ്യും. കേരളത്തിൽ ആരും അങ്ങനെ ഭയപ്പെടുകയോ രാഷ്ട്രീയ നിലപാട് മാറുകയോ ചെയ്യില്ല. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താമെന്ന വിചാരം ആർക്കും വേണ്ട. മുഖ്യമന്ത്രിക്കും സ്പീക്കർക്കും മന്ത്രിമാർക്കും എതിരെ നീങ്ങുന്ന കൂട്ടത്തിൽ സിപിഎം നേതൃത്വത്തിനെതിരെയും നീങ്ങുന്നു. നിയമസഭ തെരഞ്ഞെടുപ്പ് വരെ ഈ നീക്കം തുടരുമെന്നും കോടിയേരി പറഞ്ഞു.

ആരോപണങ്ങളും വിവാദങ്ങളും താൻ സിപിഎമ്മിലുള്ള കാലത്തോളം തുടരും. യു.ഡി.എഫിനും ബിജെപിക്കും മുന്നിൽ കീഴടങ്ങില്ല. തന്റെ കുടുംബത്തെ വേട്ടയാടുന്നതിന്റെ ഭാഗമായാണ് ഇപ്പോഴത്തെ നീക്കം. അതിനു വേണ്ടി തയാറാക്കിയ മറ്റൊരു കഥയാണിത്. വിവാദത്തിൽ പതറില്ലെന്നും തന്റെ കുടുംബം തകരാനും പോകുന്നില്ലെന്നും കോടിയേരി വ്യക്തമാക്കി. പല പരീക്ഷണങ്ങൾ നേരിട്ടാണ് ഇവിടെ വരെ എത്തിയതെന്നും കമ്യൂണിസ്റ്റുകാരനായി ജീവിക്കുമെന്നും കോടിയേരി അഭിമുഖത്തിൽ വ്യക്തമാക്കി.

ലൈഫ് മിഷൻ പദ്ധതിയുടെ കരാറുകാരനായ സന്തോഷ് ഈപ്പൻ ഫോൺ വാങ്ങിയ ബില്ലിൽനിന്നും ലഭിച്ച ഐഎംഇഐ നമ്പർ ഉപയോഗിച്ചാണ് കോടിയേരിയുടെ ഭാര്യ വിനോദിനി ഐ ഫോൺ ഉപയോഗിച്ചിരുന്നതായി കണ്ടെത്തിയതെന്നാണ് കസ്റ്റംസ് വാദം. ഫോൺ കണ്ടെത്താനായില്ലെങ്കിലും ഐഎംഇഐ നമ്പർ കണ്ടെത്തിയതിനാൽ ആ നമ്പരിലെ സിം ഉപയോഗിക്കുന്ന ആൾ ആരെയൊക്കെ വിളിച്ചു എവിടെയെല്ലാം പോയി എന്നത് 'കോൾ പാറ്റേൺ അനാലിസിസിലൂടെയും' 'ടവർ പാറ്റേൺ അനാലിസിസിലൂടെയും' കണ്ടെത്താനാകും. അതുകൊണ്ട് തന്നെ ഈ ആരോപണം അത്രവേഗം നിഷേധിക്കാൻ കഴിയില്ലെന്നാണ് വിദഗ്ധരുടെ അഭിപ്രായം.

മുമ്പ് ബിനീഷിന്റെ അറസ്റ്റുമായി ബന്ധപ്പെട്ട് കോടിയേരിയുടെ വീട്ടിൽ ഇഡിയുടെ റെയ്ഡ് നടന്നിരുന്നു. അന്നൊരു ക്രെഡിറ്റ് കാർഡ് കണ്ടെടുക്കുകയും ചെയ്തു. ഇത് ഇഡി കൊണ്ടിട്ടതെന്നായിരുന്നു കോടിയേരിയുടെ മരുമകളുടെ വാദം. എന്നാൽ ക്രെഡിറ്റ് കാർഡ് ഉപയോഗിച്ചത് ആരെന്ന് ഇഡിക്ക് കണ്ടുപിടിക്കാനായി. ഇതാണ് കോടിയേരിയുടെ മകൻ ബിനോയിയെ ബംഗളുരുവിലെ ജയിലിൽ കിടത്തുന്നതും. ക്രെഡിറ്റ് കാർഡ് വിവാദവും തെളിവുമാണ് ഇതിന് കാരണം. ലൈഫ് മിഷനിലും സ്വർണ്ണ കടത്തിലും മൊബൈൽ അതിനിർണ്ണായകമാണ്. അതുകൊണ്ട് തന്നെ ഈ ഫോണിന് വിനോദിനിയും മറുപടി നൽകേണ്ടി വരും.