കണ്ണൂർ: ഒരു പ്രദേശത്താകെമാനം ഞെട്ടിച്ച ആസൂത്രിത കൊലപാതകമാണ് മത്സ്യത്തൊഴിലാളിയും സിപിഎം പ്രവർത്തകനുമായ പുന്നോൽ താഴെ വയലിലെ ഹരിദാസന്റേതെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണൻ. കൊലചെയ്യപ്പെട്ട പുന്നോൽ താഴെവയലിലെ കെ. ഹരിദാസന്റെ കുടുംബത്തെ സന്ദർശിച്ച ശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

സി.പി. എമ്മിന്റെ സംയമനം ദൗർബല്യമായി ആരും കാണരുത്. ശക്തിയുള്ള പാർട്ടിക്കേ സംയമനം പാലിക്കാൻ സാധിക്കൂ. അതുകൊണ്ടാണ് ഹരിദാസൻ വധത്തിന്റെ വേദനയിലും എല്ലാം സഹിച്ച് സമാധാനം ഉറപ്പുവരുത്താനുള്ള ശ്രമത്തിൽ പങ്കാളിയാവുന്നതെന്ന് കോടിയേരി പറഞ്ഞു. കലാപമുണ്ടാക്കാനുള്ള ആർ.എസ്.എസ് നീക്കത്തിൽ ആരും പെട്ടുപോകരുത്. വളരെ ആസൂത്രിതമായാണ് ഹരിദാസൻ വധിക്കപ്പെട്ടതെന്ന് വ്യക്തമാണ്. പരിശീലനം സിദ്ധിച്ച കൊലപാതക സംഘത്തെയാണ് ഇതിനായി നിയോഗിച്ചത്. ഒരു കാൽ വെട്ടിയെടുക്കുകയും അരക്ക് താഴെ 20 ലേറെ പരിക്കേൽപിക്കുകയും ചെയ്തത് ഒരു വിധത്തിലും രക്ഷപ്പെടരുതെന്ന് ഉറപ്പിച്ചാണ്. ഉന്നതതല ആസൂത്രണം കൊലപാതകത്തിന് പിന്നിലുണ്ട്. അതുകൂടി പൊലീസ് അന്വേഷിക്കണം. എല്ലാവരെയും നിയമത്തിന് മുന്നിൽകൊണ്ടുവന്ന് കർശനമായ ശിക്ഷ ഉറപ്പുവരുത്തണം.

സമാധാനപരമായി ജനങ്ങൾ ജീവിക്കുന്ന പ്രദേശത്താണ് സംഘർഷമുണ്ടാക്കി പാവപ്പെട്ട മത്സ്യത്തൊഴിലാളിയെ വധിച്ചത്. വീട്ടുകാരുടെ മുന്നിൽ വെച്ചു തന്നെ കൊലപാതകം നടത്തുന്നതിന് ആർ.എസ്.എ സുകാർ നേരത്തെ പദ്ധതിയിട്ടിരുന്നു. ഭാര്യയുടെയും മക്കളുടെയും കുടുംബത്തിന്റെയും കൺമുന്നിലാണ് കൊലപാതകം നടത്തിയത്. ഇതുവഴി വീട്ടുകാരെയും നാട്ടുകാരെയും ഭയപ്പെടുത്താനാണ് നോക്കിയത്. തലായി വഴി വരുമ്പോൾ വേണമെങ്കിൽ അവിടെ നിന്ന് കൊലപ്പെടുത്താമായിരുന്നു.

കൃത്യമായ ഉദ്ദേശ്യത്തോടെയാണ് വീട്ടുകാരുടെ മുന്നിൽ കൊല നടത്തിയത്. ഭയപ്പെടുത്തി കീഴ്‌പ്പെടുത്താനാണ് ഇതിലൂടെ ശ്രമിക്കുന്നത്. പാർട്ടി കോൺഗ്രസ് കണ്ണൂരിൽ നടക്കുന്ന സന്ദർഭത്തിലാണ് ഈ കൊലപാതകം. സിപിഎമ്മിലെ അനുഭാവികൾക്ക് പോലും രക്ഷയുണ്ടാവില്ലെന്ന സന്ദേശമാണിതിലൂടെ നൽകുന്നത്. ആരെയും വെട്ടിക്കൊല്ലാനുള്ള ക്രൂരമായ പരിശീലനമാണ് ആർ.എസ്.എസ് നൽകുന്നത്. അച്ഛനെയും അമ്മയെയും ആരെയും വെട്ടിക്കൊല്ലാൻ പറഞ്ഞാലും അവർ കൊന്നിട്ട്വരും. അതാണ് അവരുടെ രീതി. എന്തും ചെയ്യാൻ മടിയില്ലാത്ത ഒരു സംഘമാളുകളെയാണ് അവർ പരിശീലിപ്പിക്കുന്നത്.

മത്സ്യത്തൊഴിലാളികളായ സി.പി. എമ്മുകാരെ തെരഞ്ഞുപിടിച്ച് കൊല്ലുകയാണ്. മത്സ്യത്തൊഴിലാളികളുടെ നേതാവായിരുന്നു തലായിയിൽ കൊല്ലപ്പെട്ട കെ. ലതേഷ്. പാറാലിൽ ആർ.എസ്.എസ് കൊന്ന ടി.വി. ദാസൻ മത്സ്യവിതരണക്കാരനായിരുന്നു.നിയമവാഴ്ച തകർക്കുകയെന്ന താണ് കൊലപാതകങ്ങളിലൂടെ ആർ.എസ്.എസ് ലക്ഷ്യം. സമാധാനനിലനിൽകുന്ന സന്ദർഭത്തിൽ ആരും പ്രതീക്ഷിക്കാത്ത സമയത്താണ് അവരുടെ ഓരോ അക്രമവും. ഓരോ കൊലപാതകം നടത്തുമ്പോഴും തങ്ങൾക്ക് ബന്ധമില്ലെന്നും കള്ളക്കേസെന്നുമാണ് ആർ.എസ്.എസ് പറയാറുള്ളത്.

ഗാന്ധിജിയെയും നരേന്ദ്ര ധബോൽകറെ കൊന്നപ്പോഴും ഇതുതന്നെ പറഞ്ഞു. വളരെ പ്രയാസകരമായ സ്ഥിതിയിൽ കഴിയുന്ന ഹരിദാസന്റെ കുടുംബത്തെ പാർട്ടി സംരക്ഷിക്കും. പാർട്ടി കോൺഗ്രസ് കഴിഞ്ഞാൽ അതിനാവശ്യമായ നടപടി പാർട്ടി സ്വീകരിക്കുമെന്നും കോടിയേരി പറഞ്ഞു. സിപിഎം നേതാക്കളായ എ.എൻ. ഷംസീർ എംഎ‍ൽഎ, കാരായി രാജൻ, എം.സി. പവിത്രൻ, സി.കെ. രമേശൻ, എ. ശശി എന്നിവരും കോടിയേരിക്കൊപ്പമുണ്ടായിരുന്നു.