മുംബൈ: ഇന്ത്യൻ പ്രീമിയർ ലീഗിൽ കൊൽക്കത്ത നൈറ്റ് റൈഡേഴ്സിനെതിരേ രാജസ്ഥാൻ റോയൽസിന് 134 റൺസ് വിജയലക്ഷ്യം. തകർപ്പൻ ബൗളിങ് പ്രകടനം കാഴ്ചവെച്ച രാജസ്ഥാൻ പേസർമാരാണ് കൊൽക്കത്തയെ വരിഞ്ഞുമുറുക്കിയത്.

നിശ്ചിത ഓവറിൽ ഒൻപത് വിക്കറ്റ് നഷ്ടത്തിലാണ് കൊൽക്കത്ത 133 റൺസെടുത്തത്. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീണതുകൊൽക്കത്തയ്ക്ക് വിനയായി. 36 റൺസെടുത്ത രാഹുൽ ത്രിപതി മാത്രമാണ് കൊൽക്കത്തയ്ക്ക് വേണ്ടി ഭേദപ്പെട്ട പ്രകടനം പുറത്തെടുത്തത്.

ടോസ് നഷ്ടപ്പെട്ട് ബാറ്റിങ്ങിനിറങ്ങിയ കൊൽക്കത്ത കരുതലോടെയാണ് കളിച്ചുതുടങ്ങിയത്. തകർപ്പൻ പ്രകടനമാണ് രാജസ്ഥാൻ ബൗളർമാർ ബാറ്റിങ് പവർപ്ലേയിൽ കാഴ്ചവെച്ചത്.

അഞ്ചാം ഓവറിലെ മൂന്നാം പന്തിൽ ശുഭ്മാൻ ഗിൽ റൺ ഔട്ടായി പുറത്തായി. ഗിൽ പുറത്താവുമ്പോൾ വെറും 24 റൺസാണ് കൊൽക്കത്തയ്ക്കുണ്ടായത്. 15 പന്തുകളിൽ നിന്നും 11 റൺസ് മാത്രമാണ് താരം നേടിയത്. ജോസ് ബട്ലറാണ് ഗില്ലിനെ പുറത്താക്കിയത്. ഗില്ലിന് ശേഷം രാഹുൽ ത്രിപതി ക്രീസിലെത്തി.

ബാറ്റിങ് പവർപ്ലേയിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ വെറും 25 റൺസ് മാത്രമാണ് കൊൽക്കത്തയ്ക്ക് നേടാനായത്. അധികം വൈകാതെ അപകടകാരിയായ നിതീഷ് റാണയുടെ വിക്കറ്റും രാജസ്ഥാൻ വീഴ്‌ത്തി. 25 പന്തുകളിൽ നിന്നും 22 റൺസെടുത്ത താരത്തെ സക്കറിയ സഞ്ജുവിന്റെ കൈയിലെത്തിച്ചു. ഇതോടെ 8.1 ഓവറിൽ 45 ന് രണ്ട് എന്ന നിലയിലായി കൊൽക്കത്ത

പിന്നീട് ക്രീസിലെത്തിയ സുനിൽ നരെയ്ൻ പെട്ടന്ന് തന്നെ മടങ്ങി. ഏഴുപന്തുകളിൽ നിന്നും ആറുറൺസെടുത്ത നരെയ്നിനെ ജയ്ദേവ് ഉനദ്കട്ട് പുറത്താക്കി. സിക്സടിക്കാൻ ശ്രമിച്ച നരെയ്നിനെ ഉജ്ജ്വലമായ ക്യാച്ചിലൂടെ ജയ്സ്വാൾ പുറത്താക്കി. നരെയ്ൻ പുറത്താവുമ്പോൾ 54 ന് മൂന്ന് എന്ന നിലയിലാണ് കൊൽക്കത്ത. തൊട്ടുപിന്നാലെ വന്ന നായകൻ ഒയിൻ മോർഗൻ ഒരു പന്ത് പോലും നേരിടാതെ റൺ ഔട്ടായി മടങ്ങിയതുകൊൽക്കത്തയ്ക്ക് ഇരട്ട പ്രഹരമായി.

പിന്നീട് ക്രീസിലെത്തിയ കാർത്തിക്കിന് വേണ്ട വിധത്തിൽ റൺസ് ഉയർത്താനായില്ല. ഇതോടെ സ്‌കോർ വേഗം കുറഞ്ഞു. സ്‌കോർ ഉയർത്താൻ രാഹുൽ ത്രിപതി ശ്രമം നടത്തിയെങ്കിലും സ്‌കോർ 94-ൽ നിൽക്കെ താരം പുറത്തായി. 26 പന്തുകളിൽ നിന്നും 36 റൺസെടുത്ത താരത്തെ മുസ്താഫിസുർ പരാഗിന്റെ കൈയിലെത്തിച്ചു.

പിന്നാലെ വന്ന അപകടകാരിയായ ആന്ദ്രെ റസ്സലിനെ വെറും 9 റൺസിന് ക്രിസ് മോറിസ് പുറത്താക്കി. ഇതോടെ കൊൽക്കത്ത തകർന്നു. അതേ ഓവറിൽ തന്നെ 25 റൺസെടുത്ത കാർത്തിക്കിനെയും പുറത്താക്കി മോറിസ് കൊൽക്കത്തയെ തകർത്തു. സക്കറിയയുടെ കിടിലൻ ക്യാച്ചാണ് കാർത്തിക്കിനെ പുറത്താക്കിയത്. ഇതോടെ കൊൽക്കത്ത 18 ഓവറിൽ 118 റൺസിന് ഏഴ് വിക്കറ്റ് എന്ന നിലയിലേക്ക് വീണു.

അവസാന ഓവറിലെ ആദ്യ പന്തിൽ സിക്സ് നേടി കമ്മിൻസ് സ്‌കോർ ഉയർത്താൻ നോക്കിയെങ്കിലും തൊട്ടടുത്ത പന്തിൽ താരത്തെ ക്രിസ് മോറിസ് പുറത്താക്കി. അവസാന പന്തിൽ ശിവം മാവിയെ കൂടി മോറിസ് മടക്കിയതോടെ നിശ്ചിത ഓവറിൽ കൊൽക്കത്ത 133 റൺസിൽ ഒതുങ്ങി.

രാജസ്ഥാന് വേണ്ടി ക്രിസ് മോറിസ് നാല് വിക്കറ്റ് വീഴ്‌ത്തിയപ്പോൾ മുസ്താഫിസുർ റഹ്‌മാൻ, ചേതൻ സക്കറിയ, ജയ്ദേവ് ഉനദ്കട്ട് എന്നിവർ ഓരോ വിക്കറ്റ് വീതം വീഴ്‌ത്തി.