കൊല്ലം: കരുനാഗപ്പള്ളി നിയമസഭ തിരഞ്ഞെടുപ്പിലെ ബിജെപിയിലെ ഫണ്ട് തിരിമറിയും വോട്ട് മറിക്കലും ബിജെപി ജില്ലാ നേതൃത്വത്തിലും കരുനാഗപ്പള്ളിയിലും വിവാദം കനക്കുന്നു. ഫണ്ട് തിരിമറിയിൽ പരാതി നൽകിയിട്ട് നടപടിയെടുക്കാത്തതിൽ പ്രതിഷേധിച്ച് ബിജെപി കരുനാഗപ്പള്ളി മണ്ഡലം സെക്രട്ടറിയും ഇലക്ഷൻ കമ്മിറ്റി ഓഫിസിന്റെ ചുമതലക്കാരിയുമായ രാജി രാജ് തൽസ്ഥാനം രാജിവെച്ചു.

ബിജെപി സ്ഥാനാർത്ഥി അഡ്വ. ബിറ്റി സുധീർ ഇലക്ഷൻ ഫണ്ട് സ്വന്തം അക്കൗണ്ടിലേക്ക് വകമാറ്റിയെന്നും രാജി രാജ് പറഞ്ഞു. തിരഞ്ഞെടുപ്പിന് ശേഷം കരുനാഗപ്പള്ളിയിൽ 12 ലക്ഷം രൂപ അധികം വന്നെന്നും ഇത് പല നേതാക്കളും പങ്കിട്ടെടുത്തു. ഒരു കോടിയിലധികം രൂപ പല ഘട്ടങ്ങളിലായി കരുനാഗപ്പള്ളി മണ്ഡലത്തിൽ എത്തിയെന്നും ഇതിൽ ഏറിയ പങ്കും കരുനാഗപ്പള്ളിയിലെ ആർഎസ്എസ് നേതാക്കൾ ഉൾപ്പെടെ തട്ടിയെടുത്തെന്നും രാജി രാജ് മറുനാടനോട് പറഞ്ഞു. അഡ്വ. ബിറ്റി സുധീറിനെതിരെ നടപടി എടുത്തില്ലെങ്കിൽ കരുനാഗപ്പള്ളിയിലെ വിഷയം സംസ്ഥാനം ശ്രദ്ധിക്കുന്ന വിഷയമായി മാറുമെന്നും പ്രസീത അഴിക്കോടിനെ പോലെ വലിയ വെളിപ്പെടുത്തലുകൾ തന്റെ ഭാഗത്ത് നിന്ന് ഉണ്ടാകുമെന്ന് രാജി രാജ് മറുനാടനോട് പറഞ്ഞു.

മഹിള മോർച്ച നേതാവ് കൂടിയായ രാജി രാജ് ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് തിരഞ്ഞെടുപ്പുകളിൽ ബിജെപി സ്ഥാനാർത്ഥിയായി കരുനാഗപ്പള്ളി മണ്ഡലത്തിലെ തൊടിയൂർ ഡിവിഷനിൽ മത്സരിച്ചിട്ടുണ്ട്. വിവാദം കനത്തതോടെ ബിജെപി സംസ്ഥാന ജനറൽ സെക്രട്ടറി എം ടി രമേശിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ യോഗം ചേർന്നിരുന്നു. നിയമസഭ തിരഞ്ഞെടുപ്പിൽ ബിജെപി മികച്ച പ്രകടനം പ്രതീക്ഷിച്ച മണ്ഡലമായിരുന്നു കരുനാഗപ്പള്ളി.

പാർലമെന്റ് തിരഞ്ഞെടുപ്പിൽ 34,178 വോട്ടും, തദ്ദേശ തിരഞ്ഞെടുപ്പിൽ ജില്ലാ പഞ്ചായത്തിലും മുനിസിപ്പാലിറ്റിയിലും 34,831 വോട്ട് ലഭിച്ചു. ഈ സാഹചര്യത്തിലും ബിറ്റി സുധീറിനെപ്പോലെ ദുർബല സ്ഥാനാർത്ഥിയെ തന്നത് ആരെ സഹായിക്കാനാണെന്ന് നേതൃത്വം വ്യക്തമാക്കണമെന്ന് രാജി രാജ് ആവശ്യപ്പെടുന്നു.

കോടികൾ ചെലവാക്കിയിട്ടും 12081 വോട്ട് മാത്രമാണ് ബിജെപിക്ക് ഇത്തവണ നേടാൻ കഴിഞ്ഞത്. ഡോ.കെ.എസ് രാധാകൃഷ്ണനെ സ്ഥാനാർത്ഥിയാക്കണമെന്നായിരുന്നു കരുനാഗപ്പള്ളി ബിജെപി ഘടകം ആവശ്യപ്പെട്ടത്. ബിജെപി സംസ്ഥാന പ്രസിഡന്റ് കെ.സുരേന്ദ്രൻ ഓരോ മണ്ഡലത്തിലും നൽകിയെന്ന് പറഞ്ഞ തുകയെക്കാൾ കൂടുതൽ പണം കരുനാഗപ്പള്ളിയിൽ വന്നിട്ടുണ്ടെന്നും വേണ്ടി വന്നാൽ അത് പുറത്ത് വിടുമെന്നും രാജി രാജ് പറയുന്നു. വിവാദം പുതിയ തലത്തിലേക്ക് എത്തുന്ന സാഹചര്യത്തിലും നിരവധി നേതാക്കളുടെ സാമ്പത്തിക തിരിമറി അറിയാവുന്ന രാജി രാജിനെ അനുനയിപ്പിക്കാൻ ബിജെപി നേതാക്കൾ ശ്രമം തുടങ്ങി. അതിന്റെ ഭാഗമായാണ് എം ടി രമേശിന്റെ നേതൃത്വത്തിൽ കരുനാഗപ്പള്ളിയിൽ നടന്ന രഹസ്യ യോഗം.