കോഴിക്കോട്: കൊയിലാണ്ടി കൊല്ലം മീൻ മാർക്കറ്റ് അടച്ചു. മാർക്കറ്റിലെ ജീവനക്കാരന് കോവിഡ് സ്ഥിരീകരിച്ചതിന് പിന്നാലെയാണ് നടപടി. ഇതോടെ മാർക്കറ്റിലെ എല്ലാ മത്സ്യ തൊഴിലാളികളോടും നിരീക്ഷണത്തിൽ തുടരാൻ ആരോഗ്യവകുപ്പ് നിർദ്ദേശിച്ചു. കൊയിലാണ്ടി ഹാർബറിൽ ഹാർബർ മാനേജ്മന്റ് കമ്മിറ്റിയുടെ പാസ് ഇല്ലാത്ത വാഹനങ്ങൾ കടത്തിവിടില്ല. മറ്റിടങ്ങളിൽ നിന്നും എത്തുന്ന വാഹനങ്ങൾക്കും നിയന്ത്രണം ഉണ്ട്.

കൊയിലാണ്ടി നഗരസഭാ പരിധിയിൽ കോവിഡ് വ്യാപനം രൂക്ഷമാണ്. പ്രത്യേക കർമസമിതി രൂപീകരിച്ച് വ്യാപനം തടയാനുള്ള ശ്രമത്തിലാണ് നഗരസഭ. നിലവിൽ അൻപതോളം രോഗികളാണ് നഗരസഭാ പരിധിയിൽ ഉള്ളത്. അനുദിനം കോവിഡ് രോഗികളുടെ എണ്ണം കൂടുന്ന പശ്ചാത്തലത്തിലാണ് നഗരസഭ നിയന്ത്രണങ്ങൾ കടുപ്പിച്ചു. രോഗ വ്യാപനം തടയാൻ പൊലിസ്, നഗരസഭാ ആരോഗ്യ വിഭാഗം, റവന്യൂ ഉദ്യോഗസ്ഥരുടെ പ്രത്യേക സമിതി രൂപീകരിച്ചിട്ടുണ്ട്. ഇവരുടെ നേതൃത്വത്തിൽ കടകളിൽ പരിശോധന നടത്തി കോവിഡ് മാനദണ്ഡങ്ങൾ പാലിക്കുന്നുണ്ടോ എന്ന് പരിശോധിക്കും. പാലിക്കാത്തവർക്കെതിരെ കർശന നടപടി സ്വീകരിക്കാനാണ് നഗരസഭാ തീരുമാനം.