ചെന്നൈ: തമിഴ്‌നാടിനെ വിഭജിച്ച് 'കൊങ്കുനാട്' എന്ന പേരിൽ കേന്ദ്രഭരണപ്രദേശം രൂപവത്കരിക്കാനുള്ള കേന്ദ്ര സർക്കാർ നീക്കം എളുപ്പം നടപ്പില്ലെന്ന കാര്യം ഉറപ്പാണ്. സംസ്ഥാനം ഭരിക്കുന്ന സർക്കാറിന്റ സഹകരണം ഇല്ലാതെ ഇക്കാര്യം നടക്കില്ലെന്നത് ഉറപ്പാണ്. ബിജെപി ഈ വിവാദം ഉയർത്തിയതിന് പിന്നിൽ ഡിഎംകെയെ വരുതിയിൽ നിർത്തുക എന്ന ഉദ്ദേശ്യമാണ്. എന്നാൽ, ഈ വിഷയത്തിൽ ബിജെപിയുടെ സംസ്ഥാന പാളയത്തിലും പടയുണ്ട്.

കോയമ്പത്തൂർ നോർത്തിൽ ചേർന്ന ബിജെപി എക്‌സിക്യൂട്ടിവ് യോഗത്തിൽ തമിഴ്‌നാടിനെ വിഭജിക്കണമെന്നാവശ്യപ്പെട്ട് പ്രമേയം പാസാക്കിയെങ്കിലും അതിനെ എതിർത്തു കൊണ്ട് മറ്റൊരു വിഭാഗവും രംഗത്തുണ്ട്. എന്നാൽ ഈറോഡിൽ ചേർന്ന ജില്ലാ ഭാരവാഹികളുടെ യോഗത്തിൽ വിഭജനത്തെ എതിർത്തുകൊണ്ട് നേതാക്കൾ രംഗത്ത് വന്നു. സംസ്ഥാന ബിജെപിയിൽ തന്നെ ഭിന്നത ഉയരുന്നതോടെ തമിഴ്‌നാട് വിഭജനമെന്നത് എളുപ്പമാകില്ല.

തമിഴ് നാടിനെ വിഭജിക്കേണ്ട ഒരു സാഹചര്യവുമില്ലെന്നും, എല്ലാവരെയും ഒരുമിച്ച് കൊണ്ട് പോവുകയാണ് വേണ്ടതെന്നുമാണ് ബിജെപിയിലെ തന്നെ ഒരു വിഭാഗം ഉന്നയിക്കുന്നത്. ചെന്നൈയിൽ ചേർന്ന ജില്ലാ കമ്മിറ്റിയിലും ഇതെ അഭിപ്രായമാണ് ഉയർന്നത്. എന്നാൽ സംസ്ഥാന നേതാക്കളാരും വിഭജന വാർത്തയോട് പ്രതികരിച്ചിട്ടില്ല എന്നതും ശ്രദ്ധേയമാണ്. അതെ സമയം എം.ഡി.എം.കെ പ്രവർത്തകർ സംസ്ഥാനമൊട്ടുക്കും പ്രതിഷേധവുമായി രംഗത്തെത്തിയിരുന്നു.ഡി.എം.കെ, ഇടത്, കോൺഗ്രസ് കക്ഷികളും മറ്റു തമിഴ് സംഘടനകളും പ്രതിഷേധവുമായി രംഗത്തിറങ്ങിയിയിരുന്നു. വാർത്ത റിപ്പോർട്ട് ചെയ്ത തമിഴ് ദിനപത്രം തമിഴ് സംഘടന പ്രവർത്തകർ കത്തിച്ചു. കേന്ദ്രം വിശദീകരണം നൽകണമെന്ന് വൈകോയുടെ ഡി.എം.ഡി.കെ ആവശ്യപ്പെട്ടു.

അതേസമയം തമിഴ്‌നാട് വിഭജിക്കുന്നതായ വാർത്തയെത്തുടർന്നുള്ള വിവാദം ശക്തിപ്പെട്ട സാഹചര്യത്തിൽ കൊങ്കുനാടു മേഖലയിൽ പാർട്ടിയെ കൂടുതൽ ശക്തിപ്പെടുത്താൻ ഭരണ കക്ഷിയായ ഡി.എം.കെയും ശ്രമം തുടങ്ങി. കഴിഞ്ഞ നിയമസഭാ തിരഞ്ഞെടുപ്പിൽ കൊങ്കുനാടു മേഖലിയൽ 57 നിയോജക മണ്ഡലങ്ങളിൽ എ.ഐ.എ.ഡി.എം.കെ.-ബിജെപി. സഖ്യം 53 സീറ്റു നേടി. കൊങ്കുനാട് എ.ഐ.എ.ഡി.എം.കെ. ശക്തികേന്ദ്രമാണ്. എം.ജി.ആറിന്റെ മരണശേഷം എ.ഐ.എ.ഡി.എം.കെ. പിളർന്നപ്പോൾ 1989-ൽ നടന്ന നിയമസഭാ തിരഞ്ഞെടുപ്പിൽ ജയലളിതയ്‌ക്കൊപ്പമാണ് കൊങ്കുനാട് നിലയുറപ്പിച്ചത്. ഇതുവരെ നേട്ടമുണ്ടാക്കാൻ ഡി.എം.കെ.യ്ക്ക് സാധിച്ചിട്ടില്ല. തമിഴ്‌നാടിനെ വിഭജിക്കാനാവില്ലെന്ന് ഡി.എം.കെ. നേതാക്കൾ പ്രതികരിച്ചിട്ടുണ്ടെങ്കിലും മുൻകരുതലെന്നനിലയിൽ കൊങ്കുനാട്ടിൽ കൂടുതൽ ശക്തിയാർജിക്കാൻ ഡി.എം.കെ. അടിത്തട്ടിൽ ശ്രമംതുടങ്ങിയിട്ടുണ്ട്.

ബിജെപി. സംസ്ഥാന അധ്യക്ഷനായി എൽ. മുരുഗനെ നിയമിച്ചപ്പോൾ പാർട്ടിയെ ശക്തിപ്പെടുത്താനുള്ള ശ്രമം ഡി.എം.കെ. നേതൃത്വം തുടങ്ങിയിരുന്നു. മുരുഗൻ കേന്ദ്രമന്ത്രിയായതോടെയാണ് കൊങ്കുനാട് വിവാദമുണ്ടായത്. കൊങ്കുനാട് മേഖലയിലെ പ്രധാന നേതാക്കൾക്ക് പദവിനൽകി പ്രവർത്തനം ശക്തമാക്കാനാണ് ഡി.എം.കെ.യുടെ നീക്കം. കൊങ്കുനാട് മേഖലയിലെ പ്രമുഖനായ കാർത്തികേയ ശിവേസനാപതി ഡി.എം.കെ.യുടെ പരിസ്ഥിതിവിഭാഗം സംസ്ഥാന സെക്രട്ടറിയാണ്. കമൽഹാസന്റെ മക്കൾ മക്കൾ നീതിമയ്യം വൈസ് പ്രസിഡന്റായിരുന്ന മഹേന്ദ്രനും എ.ഐ.എ.ഡി.എം.കെ. മുൻ മന്ത്രി തോപ്പു വെങ്കിടാചലവും ഡി.എം.കെ.യിലെത്തി. കൊങ്കുനാട് കേന്ദ്രീകരിച്ചുള്ള പ്രവർത്തനങ്ങൾ ഏകോപിപ്പിക്കാൻ ഡി.എം.കെ. മുതിർന്ന നേതാവിനെ ചുമതലപ്പെടുത്തുമെന്നും വിവരമുണ്ട്.

സംസ്ഥാനത്തിന്റെ വരുമാനത്തിൽ 45 ശതമാനം സംഭാവന ചെയ്യുന്ന മേഖലകൂടിയാണിത്. ഇറച്ചിക്കോഴിക്കും കോഴിമുട്ടയ്ക്കും പേരുകേട്ട നാമക്കൽ, വസ്ത്രനിർമ്മാണമേഖലയായ തിരുപ്പൂർ, മഞ്ഞൾക്കൃഷിക്കു പേരുകേട്ട ഈറോഡ്, നിരവധി വ്യവസായസ്ഥാപനങ്ങളുള്ള കോയമ്പത്തൂർ എന്നീ പ്രദേശങ്ങൾ സർക്കാരിനെ സംബന്ധിച്ചിടത്തോളം പ്രധാനമാണ്. തമിഴ്‌നാട് ബിജെപി പ്രസിഡന്റ് എൽ. മുരുകൻ കേന്ദ്ര സഹമന്ത്രിയായതിന് പിന്നാലെ പുറത്തിറക്കിയ വാർത്താക്കുറിപ്പിൽ 'കൊങ്കുനാടി'ന്റെ പ്രതിനിധിയായി വിശേഷിപ്പിച്ചതാണ് വിവാദത്തിന് തുടക്കമായത്.

എൽ. മുരുകനെ കൊങ്കുനാട്ടിൽ നിന്നുള്ള മന്ത്രിയെന്നും പുതിയ അധ്യക്ഷൻ അണ്ണാമലൈയെ കൊങ്കു നേതാവെന്നുമാണ് കേന്ദ്രം വിശേഷിപ്പിച്ചിരുന്നത്. കൊങ്കുനാടിന് കീഴിൽ നിലവിൽ പത്തു ലോക്സഭാ മണ്ഡലങ്ങളും 61 നിയമസഭാ മണ്ഡലങ്ങളുണ്ട്. സമീപ മേഖലയിലെ കുറച്ചു മണ്ഡലങ്ങൾ കൂടി ചേർത്ത് 90 നിയമസഭാ മണ്ഡലങ്ങളോടെ കേന്ദ്രഭരണ പ്രദേശമാക്കി മാറ്റാനാണ് കേന്ദ്രനീക്കം.