കൊച്ചി: കണ്ണൂരിലെ അക്രമരാഷ്ട്രീയം പ്രമേയമാക്കിയ ഈട എന്ന ചിത്രം ഏറെ വിമർശനങ്ങൾക്ക് ഇടയാക്കിയിരുന്നു. ഇതിന് ശേഷം വീണ്ടുമൊരു സിനിമ കൂടി സമാനമായ പ്രമേയത്തിൽ ഒരുങ്ങുകയാണ്. സിബി മലയിൽ സംവിധാനം ചെയ്യുന്ന ആസിഫലി ചിത്രമാണ് ഒരുങ്ങുന്നത്. 'കൊത്ത്' എന്നാണ് സിനിമയുടെ പേര്. ഗോൾഡ് കോയിൻ മോഷൻ പിക്‌ചേഴ്‌സിന്റെ ബാനറിൽ രഞ്ജിത്താണ് ചിത്രം നിർമ്മിക്കുന്നത്. കണ്ണൂരിന്റെ രാഷ്ട്രീയം പശ്ചാത്തലമാക്കിയാണ് ചിത്രം അവതരിപ്പിക്കുന്നത്.

ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടിരിക്കുകയാണിപ്പോൾ. നടൻ പൃഥ്വിരാജ് സുകുമാരന്റെ ഔദ്യോഗിക ഫേസ്‌ബുക്ക് അക്കൗണ്ട് വഴിയാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ പുറത്തുവിട്ടത്. ആസിഫ് അലിയും റോഷന് മാത്യുവുണ് പോസ്റ്റിലുള്ളത്. ഒരു വെട്ടുകത്തിയുടെ പശ്ചാത്തലത്തിലാണ് ഇരുവരെയും പോസ്റ്ററിൽ കാണിക്കുന്നത്. രാഷ്ട്രീയ കൊലപാതകങ്ങളുടെ പകയുടെ സൂചന നൽകുന്നതാണ് ഫസ്റ്റ് ലുക്ക് പോസ്റ്റർ.

ഈ കാലത്തിന് സമർപ്പിക്കുന്നു ഈ ചിത്രം. ഒരു കയ്യെങ്കിലും ആയുധത്തിൽ നിന്ന് പിൻവാങ്ങുമെങ്കിൽ നമുക്ക് ഈ ചിത്രം സമാനതകളില്ലാത്ത വിജയം,' എന്നാണ് പോസ്റ്റർ പങ്കുവെച്ച് ആസിഫ് അലി എഴുതിയത്. കൊവിഡിനെ തുടർന്ന് സിനിമയുടെ ചിത്രീകരണം താത്കാലികമായി നിർത്തി വെക്കേണ്ട സാഹചര്യമുണ്ടായിരുന്നു എന്നും ഒരു വർഷത്തോളം ആ കാത്തിരിപ്പ് നീണ്ടുപോയെന്നും ചിത്രത്തെക്കുറിച്ച് സിബി മലയിൽ ഒരു അഭിമുഖത്തിൽ പറഞ്ഞിരുന്നു.

എന്നാൽ വീണ്ടും ചിത്രീകരണം ആരംഭിച്ചപ്പോൾ എല്ലാവരും പെട്ടന്നു തന്നെയാണ് കഥാപാത്രത്തിലേക്ക് ഇറങ്ങിച്ചെന്നതെന്നും, ഇടവേളകളില്ലാതെയാണ് ആസിഫ് അലിയൊക്കെ കഥാപാത്രമായതെന്നും, വൈകാരികരംഗങ്ങളുടെ തുടർച്ച ഗംഭീരമായാണ് ആസിഫ് അവതരിപ്പിച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു. സിനിമയിൽ മറ്റൊരു പ്രധാന വേഷം അവതരിപ്പിക്കുന്ന റോഷൻ മാത്യവും മികച്ച പ്രകടനമാണ് കാഴ്ച വെച്ചതെന്നും അദ്ദേഹം പറഞ്ഞിരുന്നു.

കണ്ണൂരുകാരനായ പാർട്ടി പ്രവർത്തകനായാണ് ആസിഫ് അലി ചിത്രത്തിലെത്തുന്നത്. നിഖില വിമലാണ് നായിക. ഹേമന്ത് കുമാറാണ് ചിത്രത്തിന്റെ കഥയൊരുക്കിയിരിക്കുന്നത്. കോഴിക്കോടാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷൻ. തിയേറ്റർ റിലീസായി ചിത്രം പുറത്തിറങ്ങുമെന്നാണ നേരത്തെ അണിയറപ്രവർത്തകർ അറിയിച്ചിരുന്നത്.