കൊട്ടാരക്കര: കൊട്ടാരക്കരയിലെ നീലേശ്വരത്ത് വീട്ടിൽ നടന്ന നാല് മരണങ്ങൾ പ്രദേശവാസികളെ ശരിക്കും നടക്കുന്നതായിരുന്നു. ഭാര്യയെയും രണ്ട് മക്കളെയു വെട്ടിക്കൊലപ്പെടുത്തി ഗൃഹനാഥൻ ആത്മഹത്യ ചെയ്യുകയായിരുന്നു എന്നാണ് നിഗമനങ്ങൾ. ഇതിലേക്ക് നയിച്ച സംഭവങ്ങൾ എന്താണെന്ന കാര്യത്തിൽ ഇനിയും യാതൊരു വ്യക്തതയും വന്നിട്ടില്ല. േകാരുണ്യനഗർ പൂജപ്പുരവീട്ടിൽ രാജേന്ദ്രൻ (55), ഭാര്യ അനിത (48), മക്കളായ ആദിത്ത് രാജ് (24), അമൃതാരാജ് (20) എന്നിവരാണ് മരിച്ചത്. ഭാര്യയെയും മക്കളെയും കൊലപ്പെടുത്തിയശേഷം ഓട്ടോഡ്രൈവറായ രാജേന്ദ്രൻ ആത്മഹത്യചെയ്തതാകാമെന്നാണ് പൊലീസിന്റെ നിഗമനം എങ്കിലും മറ്റു സാധ്യതകളും പൊലീസ് പരിശോധിക്കുന്നുണ്ട്.

ഞായറാഴ്ച രാത്രിയാണ് ആ നടുക്കുന്ന കൊലപാതകം ഉണ്ടായത്. പ്രത്യേകിച്ചും പ്രശ്‌നങ്ങളൊന്നും ഈ കുടുംബത്തിന് ഉണ്ടായിരുന്നില്ലെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്. വിദേശത്തായിരുന്ന രാജേന്ദ്രൻ പത്തുവർഷംമുൻപാണ് മടങ്ങിയെത്തിയത്. അതിനുശേഷം നീലേശ്വരത്ത് ഓട്ടോറിക്ഷ ഓടിക്കുകയായിരുന്നു. വീടു നിർമ്മാണത്തിൽ കുറച്ച് സാമ്പത്തിക ബാധ്യതകൾ ഉണ്ടായിയിുന്നു. നീലേശ്വരത്ത് സ്വകാര്യ സി.സി.ടി.വി. സ്ഥാപനത്തിൽ ജോലിചെയ്യുകയായിരുന്നു ആദിത്ത്. കൊട്ടാരക്കര എസ്.ജി.കോളേജിൽ ബിരുദപഠനം പൂർത്തിയാക്കിയ അമൃത കൊട്ടാരക്കരയിൽ സ്വകാര്യ കംപ്യൂട്ടർ സ്ഥാപനത്തിൽ വിദ്യാർത്ഥിയായിരുന്നു. തൊഴിലുറപ്പു തൊഴിലാളിയാണ് അനിത. രാജേന്ദ്രൻ മുൻപ് മാനസികാസ്വാസ്ഥ്യത്തിന് ചികിത്സതേടിയിരുന്നതായി ബന്ധുക്കൾ പൊലീസിന് മൊഴിനൽകിയിട്ടുണ്ട്. ഈ മാനസിക അസ്വാസ്ഥതകളാണോ കൊലപാതകത്തിലേക്ക് നയിച്ചതെന്നാണ് പൊലീസ് പരിശോധിക്കുന്നത്.

ഭാര്യയെയും ചെറുപ്പക്കാരായ മക്കളെയും കൊലപ്പെടുത്തിയ ശേഷം രാജേന്ദ്രൻ ആത്മഹത്യചെയ്തു എന്ന പ്രാഥമിക നിഗമനത്തിൽ തന്നെയാണ് പൊലീസ്. എങ്കിലും മറ്റു സാധ്യതകളും അന്വേഷിക്കുന്നതായി ഡിവൈ.എസ്‌പി. ആർ.സുരേഷ് പറഞ്ഞു. ഞായറാഴ്ച രാത്രി എട്ടരയോടെയാണ് ആദിത്ത് വീട്ടിലേക്കുപോയതെന്ന് ഒപ്പം ജോലിചെയ്യുന്ന സുഹൃത്തുക്കൾ പറയുന്നു. വീട്ടിൽനിന്നു രാത്രി പന്ത്രണ്ടുവരെ ശബ്ദമോ ബഹളമോ കേട്ടിരുന്നില്ലെന്ന് സമീപവാസികളും പറയുന്നു. ഉറങ്ങിക്കിടന്ന മകളെയും ഭാര്യയെയും കൊലപ്പെടുത്തിയശേഷം മകനെയും കൊന്നതാകാമെന്നാണ് പൊലീസ് കരുതുന്നത്. ഹാളിൽ ഇരുന്ന ആദിത്തിനെ പിന്നിലൂടെയെത്തി വെട്ടിയതാകാമെന്നും നിഗമനമുണ്ട്. ഹാളിൽ മരിച്ചുകിടന്ന ആദിത്തിന്റെ കാലിൽ ചെരിപ്പുണ്ടായിരുന്നു. പുറത്ത് വെട്ടുകത്തി കഴുകിയ പൈപ്പിനുചുവട്ടിൽ ചോരപ്പാടുകളുണ്ടായിരുന്നു.

രാവിലെ ആറോടെ സമീപവാസിയും ടാപ്പിങ് തൊഴിലാളിയുമായ ജോർജ്കുട്ടി പാലുമായി എത്തിയിരുന്നു. കതകടഞ്ഞുകിടന്നതിനാൽ പുറത്തുെവച്ചശേഷം സമീപപുരയിടത്തിൽ ടാപ്പിങ്ങിനായി പോയി. പത്തോടെ ആദിത്തിനെ തേടിയെത്തിയ സുഹൃത്ത് സിബിനാണ് കൊലപാതകവിവരം ആദ്യം അറിയുന്നതും പൊലീസിനെയും നാട്ടുകാരെയും അറിയിക്കുന്നതും. നാട്ടിൽ അധികം ബന്ധങ്ങളില്ലാത്ത ഒരു കുടുംബം കൊലചെയ്യപ്പെട്ടെന്ന വാർത്ത പരന്നത് കാട്ടുതീയേക്കാൾ വേഗത്തിലായിരുന്നു. പൊലീസ് കെട്ടിയ ചെറുകയറിനിപ്പുറം അറിയാനുള്ള ആകാംക്ഷയോടെ നാട്ടുകാർ നിരന്നു.

ഉന്നത പൊലീസ് ഉദ്യോഗസ്ഥരും ജനപ്രതിനിധികളുമെത്തി. എല്ലാവർക്കും അറിയേണ്ടിയിരുന്നത് രാജേന്ദ്രൻ എന്തിനിതു ചെയ്തു എന്നായിരുന്നു. കുടുംബത്തെക്കുറിച്ച് എതിരഭിപ്രായം പറയുന്ന ഒരാൾപോലുമില്ലായിരുന്നു. അയൽവാസികളും തൊഴിലുറപ്പുതൊഴിലാളികളും ഓട്ടോ തൊഴിലാളികളുമെല്ലാം ഒരേസ്വരത്തിൽ പറഞ്ഞതും കുടുംബത്തിൽ ഒരു പ്രശ്നവുമില്ലെന്നുതന്നെയായിരുന്നു. പുറമേ സുന്ദരമെങ്കിലും പണിതീരാത്ത വീടിന്റെ കാഴ്ചകളായിരുന്നു ഉള്ളിലെല്ലാം. ഹാളിലും കിടപ്പുമുറിയിലുമായി മൃതദേഹങ്ങൾ. ഫൊറൻസിക് പരിശോധനയും നടപടികളും പൂർത്തിയാക്കി മൂന്നോടെ മൃതദേഹങ്ങൾ പുറത്തെടുത്തു.

ആദ്യം ആദിത്തിന്റേത്. പിന്നീട് ക്രമത്തിൽ രാജേന്ദ്രൻ, അനിത, അമൃത എന്നിവരുടേതും. ഗ്രാമപ്പഞ്ചായത്ത് വൈസ് പ്രസിഡന്റ് കൂടിയായ വാർഡ് അംഗം ജലജാകുമാരി, അയൽക്കാർ, അടുത്ത ബന്ധുക്കൾ എന്നിവരെ പൊലീസ് നടപടികൾക്ക് സാക്ഷിയാക്കി. മൃതദേഹങ്ങൾ ആദ്യം കണ്ട സിബിൻ, വീട്ടിൽ ആദ്യമെത്തിയ ടാപ്പിങ് തൊഴിലാളി ജോർജ്കുട്ടി എന്നിവരുടെ മൊഴികളും പൊലീസ് രേഖപ്പെടുത്തി. ഇൻക്വസ്റ്റ് നടപടികൾ പൂർത്തിയാക്കി മൂന്നോടെയാണ് മൃതദേഹങ്ങൾ മാറ്റിയത്. ദക്ഷിണമേഖലാ ഡി.ഐ.ജി. സഞ്ജയ്കുമാർ ഗുരുദിൻ, കൊല്ലം റൂറൽ ജില്ലാ പൊലീസ് മേധാവി കെ.ബി.രവി, അഡീഷണൽ എസ്‌പി. മധുസൂദനൻ, കൊടിക്കുന്നിൽ സുരേഷ് എംപി. തുടങ്ങിയവരും സ്ഥലത്ത് എത്തിയിരുന്നു.