കൊട്ടിയം: റംസിയുടെ ആത്മഹത്യയ്ക്ക് പിന്നിൽ പത്തു വർഷത്തെ പ്രണയത്തിനു ശേഷം വിവാഹനിശ്ചയം വരെയെത്തിയ ബന്ധത്തിൽ നിന്നു ഹാരിസ് പിന്മാറിയത് തന്നെ. ഗർഭച്ഛിദ്രം നടത്തിയ ശേഷം വിവാഹത്തിൽനിന്ന് പിന്മാറിയത് യുവതിക്ക് വല്ലാത്ത മുറിവായി മാറി. മരണത്തിനു മുൻപ് ഹാരിസ് കൂടെയില്ലെങ്കിൽ ഞാൻ പോകുമെന്നു ഹാരിസിന്റെ ഉമ്മയോട് അവൾ ഫോണിൽ സംസാരിക്കുകയും ചെയ്തു. അപ്പോഴും ഉമ്മ നൽകിയ സന്ദേശം തന്റെ മകനെ മറ്റൊരുവളെ നിക്കാഹ് ചെയ്യാൻ അനുവദിക്കണമെന്നായിരുന്നു. ഇതോടെ റംസി ജീവനൊടുക്കി.

വളയിടൽ ചടങ്ങുകളും സാമ്പത്തിക ഇടപാടുകളും നടന്നതിനു ശേഷം ക്രൂരമായി തന്നെ ഒഴിവാക്കുകയാണെന്ന് റംസി തിരിച്ചറിഞ്ഞിരുന്നു. എറണാകുളത്തേക്കാണ് ഗർഭച്ഛിദ്രത്തിനായി റംസിയെ കൊണ്ടു പോയത്. പ്രമുഖ സീരിയിൽ നടി കൂടിയായ ഹാരിസിന്റെ സഹോദര ഭാര്യയാണ് റംസിക്കൊപ്പം പോയത്. ഗർഭച്ഛിദ്രം നടത്താനായി ഒരു മഹല്ല് കമ്മിറ്റിയുടെ വ്യാജ രേഖ ഇയാൾ ചമച്ചിരുന്നുവെന്നും ബന്ധുക്കൾ ആരോപിക്കുന്നു. ഇതിന് പിന്നിലെ ബുദ്ധി സീരിയൽ നടി ലക്ഷ്മി പ്രമോദാണെന്നാണ് സൂചന. അതിനിടെ ബംഗളൂരുവിലാണ് ഗർഭച്ഛിദ്രം നടന്നതെന്നാണ് ഹാരീഷ് പൊലീസിന് മൊഴി നൽകിയത്. ആത്മഹത്യ പ്രേരണ, ലൈംഗികാതിക്രമം തുടങ്ങിയ കുറ്റങ്ങളാണ് ഹാരിസിനു മേൽ ചുമത്തിയിരിക്കുന്നത്. അതിനിടെ ലക്ഷ്മി പ്രമോദിനെ പ്രതിയാക്കാതിരിക്കാൻ ഉന്നത ഇടപെടലും സജീവമാണ്. കേസിൽ നടിക്ക് പങ്കില്ലെന്ന് വരുത്താനാണ് നീക്കം.

പത്തു വർഷത്തോളം പ്രണയിക്കുകയും വിവാഹം ഉറപ്പിച്ചതിനു ശേഷം ബന്ധത്തിൽ നിന്ന് പിന്മാറിയത് പെൺകുട്ടിയെ വിഷമിപ്പിച്ചിരുന്നതായും കൊട്ടിയം എസ്‌ഐ അമൽ പറഞ്ഞു. മൂന്ന് മാസത്തോളം ഗർഭിണിയായിരക്കേയാണ് പെൺകുട്ടിയുടെ ഗർഭം അലസിപ്പിച്ചിരുന്നു. മറ്റൊരു വിവാഹ ബന്ധത്തിനു വേണ്ടിയാണ് റംസിയെ ഒഴിവാക്കിയതെന്നും സംഭവത്തിൽ കൂടുതൽ ആളുകൾക്ക് പങ്കുണ്ടോയെന്ന് പരിശോധിക്കുമെന്നും കൊട്ടിയം എസ്‌ഐ അറിയിച്ചു. മരിക്കുന്നതിനു തൊട്ടുമുൻപ് യുവതി ഹാരിസിന് അയച്ച സന്ദേശങ്ങളും പുറത്തു വന്നു. ഞാൻ ആരുടെയും അവസരങ്ങൾ തട്ടിയെടുത്തിട്ടില്ലെന്നും തനിക്കു വേണ്ടി കാത്തിരിക്കാൻ ആരുമില്ലെന്നും യുവതി ശബ്ദ സന്ദേശത്തിൽ പറയുന്നു. ലക്ഷ്മി പ്രമോദിന്റെ നേതൃത്വത്തിലെ ഗൂഢാലോചനയാണ് ആത്മഹത്യയിലേക്ക് കാര്യങ്ങളെത്തിച്ചതെന്ന് പൊലീസ് തിരിച്ചറിഞ്ഞിട്ടുണ്ട്. എന്നാൽ ലക്ഷ്മിയെ പ്രതി ചേർക്കാതിരിക്കാൻ ചില ഉന്നത ഉദ്യോഗസ്ഥർ ചരടു വലി നടത്തുന്നുണ്ട്.

നല്ല സാമ്പത്തികമുള്ള പെൺകുട്ടിയുമായി ഹാരിസിന് മറ്റാരു പ്രണയമുണ്ടായിരുന്നതായി യുവതിയുടെ ബന്ധുക്കൾ ആരോപിക്കുന്നു. പലപ്പോഴും ഹാരിസിനോട് ഇതേ പറ്റി സംസാരിച്ചിരുന്നപ്പോൾ വളരെ ക്രൂരമായാണ് പെരുമാറിയിരുന്നതെന്നും ബന്ധുക്കൾ ആരോപിക്കുന്നു. മരിക്കുന്നതിനു മുൻപും റംസി ഹാരിസിനോടും ഹാരിസിന്റെ ഉമ്മയോടും ഫോണിൽ സംസാരിച്ചിരുന്നു. നിന്നെ ഞങ്ങൾക്ക് ആവശ്യമില്ലെന്നും പോയി മരിക്കുവെന്നായിരുന്നു മറുപടി. ഇതാണ് റംസി ചെയ്തതും. എല്ലാ തെളിവുകളും റംസിയുടെ കുടുംബം പൊലീസിന് കൈമാറി. മകളുടെ ദുരവസ്ഥ ഇനിയാർക്കും ഉണ്ടാകരുതെന്നാണ് അവരുടെ നിലപാട്. അതുകൊണ്ടാണ് സത്യം തെളിയിക്കാൻ നിയമ പോരാട്ടത്തിന് ഇറങ്ങിയതും.

സംഭവത്തിൽ ഹാരീഷിനെ പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. വടക്കേവിള ഇക്‌ബാൽ നഗർ കിഴക്കന്റഴികം അബ്ദുൾ ഹക്കീമിന്റെ മകൻ ഹാരിഷിനെയാണ് കൊട്ടിയം പൊലീസ് അറസ്റ്റ് ചെയ്തത്. ഒളിവിൽ പോയ ഇയാളെ സൈബർ സെല്ലിന്റെ സഹായത്തോടെ കണ്ടെത്തി കസ്റ്റഡിയിലെടുക്കുകയായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിൽ എല്ലാം ഏറ്റു പറഞ്ഞതിനെ തുർന്നാണ് പൊലീസ് അറസ്റ്റ് ചെയ്തത്. അഞ്ചലിൽ ഉത്ര പാമ്പു കേടിയേറ്റ് കൊല്ലപ്പെട്ടതിന് സമാനമാണ് ഈ കേസും. വെറുമൊരു ആത്മഹത്യയായി കേസെതുക്കാനായിരുന്നു ശ്രമം. ഇതിനിടെയാണ് റംസിയുടെ മരണത്തിൽ മറുനാടൻ മലയാളി ഇടപെടൽ നടത്തുന്നത്. നിർണ്ണായക ഫോൺ സംഭാഷണവും സീരിയൽ നടിയുടെ ബന്ധങ്ങളുമെല്ലാം വാർത്തയാക്കി. ഇതോടെയാണ് ഒളിവിലായിരുന്ന ഹാരീഷ് പൊലീസിന് പിടികൊടുത്തത്. ചോദ്യം ചെയ്യാൻ കസ്റ്റഡിയിൽ എടുത്ത് പൊലീസിന് കുറ്റകൃത്യത്തിന്റെ ഗൗരവവും പിടികിട്ടി.

ഇതോടെയാണ് ഹാരീഷ് കുടുങ്ങിയത്. ഉത്രയെ ഭർത്താവ് സാമ്പത്തികം സ്വന്തമാക്കാൻ പാമ്പിനെ കൊണ്ട് കടിപ്പിച്ചു കൊന്നപ്പോൾ ഇവിടെ മറ്റൊരു വിവാഹത്തിലൂടെ സ്ത്രീധനം നേടാൻ കാമുകിയെ കാമുകൻ മാനസിക പീഡനത്തിലൂടെ ആത്മഹത്യയ്ക്ക് പ്രേരിപ്പിക്കുകയായിരുന്നു. വ്യാഴാഴ്ച ഉച്ചയോടെയാണ് കൊട്ടിയം കൊട്ടുംപുറം പള്ളിക്ക് സമീപം വാടകയ്ക്ക് താമസിക്കുന്ന ഇരവിപുരം വാളത്തുംഗൽ വാഴക്കൂട്ടത്തിൽ പടിഞ്ഞാറ്റതിൽ റഹീമിന്റെ മകൾ റംസി(24) വീടിനുള്ളിൽ തൂങ്ങി മരിച്ചത്. പള്ളിമുക്ക് സ്വദേശിയും സീരിയൽതാരം ലക്ഷ്മിപ്രമോദിന്റെ ഭർതൃ സഹോദരനുമായ ഹാരിഷ് മുഹമ്മദാണ് വിവാഹത്തിൽ നിന്നും പിന്മാറിയത്.

ഇതിന്റെ മനോവിഷമത്തിലാണ് റംസി ആത്മഹത്യ ചെയ്തത്. കഴിഞ്ഞ 10 വർഷമായി റംസിയും ഹാരിഷും പ്രണയത്തിലായിരുന്നു. തുടർന്ന് വീട്ടുകാർ വളയിടീൽ ചടങ്ങും നടത്തിയിരുന്നു. ഇതിന് തൊട്ടു പിന്നാലെയായിരുന്നു ഹാരിഷ് വിവാഹത്തിൽ നിന്നും പിന്മാറിയത്. മറ്റൊരു പെൺകുട്ടിയെ വിവാഹം കഴിക്കാൻ പോകുന്നു എന്നാണ് ഇയാൾ കാരണം പറഞ്ഞത്. പൊലീസ് ചേദ്യം ചെയ്യലിൽ ഇയാൾ റംസിയുടെ ബന്ധുക്കൾ ആരോപിക്കുന്ന എല്ലാ കാര്യങ്ങളും സമ്മതിച്ചു. ഗർഭച്ഛിദ്രം നടത്തിയത് ബംഗളൂരുവിൽ വച്ചായിരുന്നു എന്നാണ് ഇയാൾ നൽകിയ മൊഴി. ഗർഭിണിയാണെന്ന് സ്ഥിരികരിച്ചത് മെഡിട്രീന ഹോസ്പിറ്റലിൽ വച്ചാണെന്നും പൊലീസിന് മുന്നിൽ സമ്മതിച്ചു. വാഗമൺ ഉൾപ്പെടെയുള്ള വിനോദ സഞ്ചാര കേന്ദ്രങ്ങളിൽ യാത്ര പോയതും ഹോട്ടൽ മുറിയിൽ തങ്ങിയതുമെല്ലാം പറഞ്ഞിട്ടുണ്ട്. കൃത്യമായ തെളിവുകൾ പൊലീസിന് മുന്നിലുണ്ടായിരുന്നതിനാലാണ് ഇയാൾ ഒന്നും മറച്ചു വയ്ക്കാതെ തുറന്നു പറഞ്ഞത്.

സാമ്പത്തിക ഞെരുക്കം മൂലമാണ് മറ്റൊരു വിവാഹത്തിലേക്ക് പോകാൻ ശ്രമിച്ചത് എന്ന് ഇയാൾ പറഞ്ഞു. മാതാപിതാക്കളും ഇതിന് നിർബന്ധിപ്പിച്ചതായി മൊഴിയിലുണ്ട്. ഇതോടെ മാതാപിതാക്കളും ഈ സംഭവത്തിൽ പ്രതി ചേർക്കപ്പെടും. ഹാരിഷിന്റെ സഹോദരന്റെ ഭാര്യയായ ലക്ഷ്മി പ്രമോദിനെയും മാതാവ് ആരിഫയെയും പിതാവ് അബ്ദുൾ ഹക്കീമിനെയും പൊലീസ് ചോദ്യം ചെയ്യാനായി നോട്ടീസ് അയച്ചിട്ടുണ്ട്. ഇവരെ വിശദമായി ചോദ്യം ചെയ്തതിന് ശേഷം അറസ്റ്റ് രേഖപ്പെടുത്താനുള്ള സാധ്യതയുണ്ട്. ഇവരെല്ലാം പെൺകുട്ടിയുടെ മരണത്തിന് കാരണക്കാരാണ്.

മരണമൊഴി എന്ന് കരുതപ്പെടുന്ന റംസിയും ആരിഫയും സംസാരിക്കുന്ന ഫോൺ സംഭാഷണത്തിൽ നിന്നും ഇവർക്കെതികരെയുള്ള മുഴുവൻ വിവരങ്ങളും ഉണ്ട്. അതിനാൽ സീരിയൽ താരവും കുടുംബവും അഴിക്കുള്ളിലേക്ക് പോകുമെന്ന കാര്യത്തിൽ സംശയമില്ല. ഹാരിസുമായുള്ള റംസിയുടെ വിവാഹം ഉറപ്പിച്ചിരുന്നതായി വീട്ടുകാർ പൊലീസിന് നൽകിയ പരാതിയിൽ വ്യക്തമാക്കിയിരുന്നു.