തിരുവനന്തപുരം: കെ.പി. മോഹനനെ മന്ത്രിയാക്കണം എന്ന ആവശ്യം എൽഡിഎഫിൽ ശക്തമായി ഉന്നയിക്കാൻ ലോക്താന്ത്രിക് ജനതാദൾ(എൽജെഡി) നേതൃയോഗം തീരുമാനിച്ചെങ്കിലും അത് മുഖ്യമന്ത്രി പിണറായി വിജയൻ അംഗീകരിക്കില്ലെന്ന് സൂചന. എല്ലാ ഘടകക്ഷികളും സമ്മതിച്ചാൽ മാത്രമേ എൽജെഡിയുടെ മോഹം നടക്കൂ. എന്നാൽ ജോസ് കെ മാണിയുടെ ഇടപെടലാണ് ഇതിൽ പ്രധാനം. ഏകാംഗ പാർട്ടികൾക്ക് മന്ത്രിസ്ഥാനം നൽകിയാൽ കേരളാ കോൺഗ്രസ് എമ്മിന് രണ്ട് മന്ത്രിമാരെ വേണമെന്നാണ് ആവശ്യം. ഇതോടെ എൽജെഡിയുടെ ആവശ്യത്തിൽ ഇടതുപക്ഷത്തിന് അനുകൂല തീരുമാനം എടുക്കാനാകില്ല.

കെബി ഗണേശ് കുമാറിനെ മന്ത്രിയാക്കണമെന്ന ആഗ്രഹം പിണറായിക്കുണ്ട്. പുതിയ വിവാദം അതിനേയും ബാധിക്കും. ഗണേശ് കുമാറിന് മന്ത്രിസ്ഥാനം നൽകിയാലും അത് ഇടതുപക്ഷത്തു നിന്ന് സിപിഎമ്മിന് അനുവദിക്കുന്ന ക്വാട്ടയിൽ വേണ്ടിവരും. ജോസ് കെ മാണിയുടെ പാർട്ടിക്ക് രണ്ട് കാബിനറ്റ് സ്ഥാനങ്ങൾ ലഭിക്കുമെന്നും ഉറപ്പാണ്. ഒരു മന്ത്രിസ്ഥാനവും പിന്നെ ചീഫ് വിപ്പ് പദവിയും. കേരളാ കോൺഗ്രസിന് വേണ്ടി ചീഫ് വിപ്പ് പദം വിട്ടുകൊടുക്കാൻ സിപിഐ സമ്മതം മൂളിയിട്ടുണ്ട്. ഇതിനിടെയാണ് എൽജെഡിയുടെ സമ്മർദ്ദം. തെരഞ്ഞെടുപ്പിൽ മതിയായ കരുത്തു കാട്ടാത്ത എൽജെഡിക്ക് മന്ത്രിപദം കൊടുക്കുന്നതിനോട് സിപിഎം നേതൃത്വത്തിനും താൽപ്പര്യമില്ല.

എൽജെഡി നോമിനികളായി മത്സരിച്ച മൂന്നു പേരിൽ സംസ്ഥാന പ്രസിഡന്റ് എം വിശ്രേയാംസ് കുമാർ അടക്കം രണ്ടു പേരും തോറ്റ സാഹചര്യത്തിൽ നേതൃത്വത്തിനെതിരെ പാർട്ടിയിൽ ശക്തമായ വിമർശനം ഉയർന്നു. പ്രതിഷേധ സൂചകമായി ജനറൽ സെക്രട്ടറി ഷേക്ക് പി.ഹാരിസ് രാജി സന്നദ്ധത പ്രഖ്യാപിച്ചു. സംസ്ഥാന ഭാരവാഹിയായ വി.സുരേന്ദ്രൻ പിള്ളയും രാജിവയ്ക്കുമെന്നു വ്യക്തമാക്കി. രാജികൾ യോഗം അംഗീകരിച്ചില്ല. ഇതിനിടെയാണ് മന്ത്രി സ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിക്കു പാർട്ടി കഴിഞ്ഞ ദിവസം കത്തു നൽകിയത്. എന്നാൽ ഇത് അവഗണിക്കുമെന്നാണ് ഇടതുപക്ഷം നൽകുന്ന സൂചന.

രണ്ടാം പിണറായി സർക്കാരിൽ സിപിഐക്ക് 4 മന്ത്രിമാരും ഡെപ്യൂട്ടി സ്പീക്കറും ഉണ്ടാകും. കേരള കോൺഗ്രസി(എം)നെ പരിഗണിക്കേണ്ട സാഹചര്യത്തിൽ കാബിനറ്റ് റാങ്കോടെയുള്ള ചീഫ് വിപ്പ് സ്ഥാനം സിപിഐ വിട്ടുകൊടുത്തേക്കും. ഏകാംഗ കക്ഷികൾക്കു മന്ത്രിസ്ഥാനം ഉണ്ടാകില്ലെന്ന സൂചനയാണ് സിപിഎം സിപിഐ ചർച്ച നൽകുന്നത്. ജോസ് കെ മാണിക്ക് ഒരു മന്ത്രിയും ചീഫ് വിപ്പും നൽകും. എൻസിപിക്കും ജെഡിയുവിനും ഓരോ മന്ത്രിമാരാകും ഉണ്ടാവുക. സിപിഎം 13 മന്ത്രിമാരേയും സ്പീക്കറേയും നിയമിക്കും.

കേരളത്തിൽ ഭരണത്തുടർച്ചയെന്ന ചരിത്രംസൃഷ്ടിച്ച സാഹചര്യത്തിൽ പുതിയ മന്ത്രിസഭാ രൂപവത്കരണം ധൃതിപിടിച്ച് വേണ്ടെന്ന തീരുമാനത്തിലാണ് മുഖ്യമന്ത്രി പിണറായി വിജയൻ. എല്ലാ ഘടകകക്ഷികളുമായും പ്രത്യേകം ചർച്ചനടത്തി മാത്രമായിരിക്കും മന്ത്രിമാരുടെ എണ്ണം തീരുമാനിക്കുക. വകുപ്പുവിഭജനത്തിൽ ഇതുവരെയുള്ള കീഴ്‌വഴക്കങ്ങളും മാറും. മുഖ്യമന്ത്രി പിണറായി വിജയനും പൊളിറ്റ് ബ്യൂറോ അംഗം കോടിയേരി ബാലകൃഷ്ണനുമാണ് ഘടകകക്ഷികളുമായുള്ള ചർച്ചകൾ നയിക്കുന്നത്. ഇടതുമുന്നണി കൺവീനർ എ. വിജയരാഘവനും ചില ചർച്ചകളിൽ സംബന്ധിക്കുന്നുണ്ട്. സിപിഐ.യുമായുള്ള പ്രാരംഭചർച്ച നടന്നുകഴിഞ്ഞു.

കേരള കോൺഗ്രസി(എം)ന് ഒരു മന്ത്രിസ്ഥാനവും ചീഫ് വിപ്പ് സ്ഥാനവും നൽകാനുള്ള സാധ്യതയാണു കൂടുതൽ. എന്നാൽ 2 മന്ത്രിസ്ഥാനം വേണമെന്ന ആവശ്യത്തിലാണ് അവർ. നിലവിലെ സാഹചര്യത്തിൽ അത് നടക്കാൻ ഇടയില്ല. അങ്ങനെ വന്നാൽ കേരളാ കോൺഗ്രസിൽ നിന്ന് റോഷി അഗസ്റ്റിൻ മന്ത്രിയാകും. ജയരാജ് ചീഫ് വിപ്പും. മന്ത്രിമാരുടെ എണ്ണം 21 ആക്കി ഉയർത്തുകയും ഏകാംഗ കക്ഷികളെ എല്ലാം പുറത്തു നിർത്തുകയും ചെയ്താൽ സിപിഎമ്മിന് 14 മന്ത്രിസ്ഥാനം വരെ ലഭിക്കാം. അതുകൊണ്ട് തന്നെ ഒറ്റ കക്ഷികളിൽ ഒരാളെ മന്ത്രിയാക്കാൻ സാധ്യതയുണ്ട്.

അതിനിടെ ഏകാംഗ കക്ഷികളായ ഐഎൻഎല്ലും ആർഎസ്‌പി ലെനിനിസ്റ്റും മന്ത്രിസ്ഥാനം ആവശ്യപ്പെട്ട് ഇടതുമുന്നണിക്കു കത്തു നൽകി. ഇതും പരിഗണിക്കാൻ ഇടയില്ല. തിരഞ്ഞെടുപ്പു ഫലം അവലോകനം ചെയ്യാനും മന്ത്രിസ്ഥാനം സംബന്ധിച്ച ചർച്ചയ്ക്കായും ദൾ നേതൃയോഗം 9 നു ചേരും. പാർട്ടി സംസ്ഥാന പ്രസിഡന്റ് കൂടിയായ മാത്യു ടി.തോമസും കെ.കൃഷ്ണൻകുട്ടിയും നിലവിലെ സർക്കാരിൽ ടേം പങ്കിടുകയായിരുന്നു. അതേ ഫോർമുല പ്രകാരം ഇത്തവണത്തെ ആദ്യ ടേം മാത്യു ടി.തോമസിനു നൽകണമെന്ന വാദമുണ്ട്. സംസ്ഥാന നേതൃയോഗത്തിൽ 2 പേരുടെയും പേര് ഉയരാനും ദേശീയ അധ്യക്ഷൻ എച്ച്.ഡി. ദേവെഗൗഡ അന്തിമ തീരുമാനം എടുക്കാനുമാണു സാധ്യത.

സിപിഎം നേതൃത്വവുമായുള്ള ചർച്ചയ്ക്കു ശേഷം നേതൃയോഗം ചേർന്നു പാർട്ടി നോമിനിയെ നിർദേശിക്കാനാണ് എൻസിപി ഒരുങ്ങുന്നത്. പാർട്ടി പ്രവർത്തക സമിതി അംഗവും മുതിർന്ന നേതാവുമായ എ.കെ. ശശീന്ദ്രന് സ്വാഭാവിക മുൻതൂക്കം ലഭിക്കും. എന്നാൽ, മുന്മന്ത്രിയും സംസ്ഥാന പ്രസിഡന്റും ആയിരുന്ന അന്തരിച്ച തോമസ് ചാണ്ടിയുടെ സഹോദരൻ തോമസ് കെ.തോമസ് എംഎൽഎയും മന്ത്രിയാകണമെന്ന ആഗ്രഹത്തിലാണ്.