തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പുകളിൽ തോൽവികൾ ഉണ്ടായാൽ അത് പരിശോധിക്കാൻ കമ്മീഷനുകളെ വെക്കുക എന്നത് കോൺഗ്രസിന്റെ ശീലമാണ്. ഇത്തരം നിരവധി അന്വേഷണ റിപ്പോർട്ടുകളാണ കെപിസിസി ഓഫീസിൽ കെട്ടിക്കിടക്കുന്നത്. എന്നാൽ, ഈ റിപ്പോർട്ടിന്മേലൊന്നും നടപടികൾ ഉണ്ടായിട്ടില്ലെന്നതാണ് വാസ്തവം. എന്തായാലും കെ സുധാകരൻ കെപിസിസി അധ്യക്ഷനായ ശേഷം ഇക്കാര്യത്തിൽ മാറ്റമുണ്ടാകും എന്നാണ് പ്രഖ്യാപിച്ചത്. അതുകൊണ്ട് തന്നെ തോൽവി പഠിക്കാനുള്ള പുതിയ അന്വേഷണ കമ്മീഷനെയും നിയമിച്ചു കഴിഞ്ഞു.

കെപിസിസി തുടരന്വേഷണം പ്രഖ്യാപിച്ചിരിക്കുന്നത് ഉറച്ച വിജയസാധ്യത വിലയിരുത്തിയ 8 മണ്ഡലങ്ങളിലാണ്. ബാലുശ്ശേരി ഒൻപതാമത്തെ മണ്ഡലമായി ആ പട്ടികയിൽ പെടുത്തിയത് സ്ഥാനാർത്ഥിയായ ധർമജൻ ബോൾഗാട്ടി നൽകിയ പരാതിയുടെ പേരിലാണ്. ഒരു മാസത്തിനുള്ളിൽ റിപ്പോർട്ട് സമർപ്പിക്കാനാണ് ഏകാംഗ കമ്മിഷനുകളോട് ആവശ്യപ്പെട്ടിരിക്കുന്നത്.

കെപിസിസിയുടെ 5 അന്വേഷണ സമിതികൾ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ 18 മണ്ഡലങ്ങൾ ബോധപൂർവം നഷ്ടപ്പെടുത്തിയെന്നു കണ്ടെത്തി. അതിൽ തന്നെ ഗുരുതര വീഴ്ച ഉണ്ടായെന്ന നിഗമനത്തിലെത്തിയ 8 മണ്ഡലങ്ങളുടെ കാര്യത്തിലാണു രണ്ടാമതും അന്വേഷണം നടക്കുന്നത്. ബാലുശ്ശേരി, അടൂർ, ചവറ എന്നിവിടങ്ങളിലെ വീഴ്‌ച്ച അന്വേഷിക്കാൻ കെ.പി.ധനപാലനെയാണ് ചുമതലപ്പെടുത്തിയത്. പീരുമേട്, ഇടുക്കി, കായംകുളം എന്നീ മണ്ഡലങ്ങളിൽ പരിശോധനക്കായി കെ.മോഹൻകുമാറെയും നിയോഗിച്ചു. അഴീക്കോട്, കുന്നത്തൂർ, തൃശൂർ മണ്ഡങ്ങളിലെ കമ്മീഷൻ അംഗം പി ജെ ജോയിയാണ്.

കായംകുളത്ത് 22 ഡിസിസി ഭാരവാഹികളും 6 കെപിസിസി ഭാരവാഹികളും ഉണ്ടായിട്ടും സംഘടനാപരമായ ജാഗ്രത പുലർത്തിയില്ലെന്നാണു പ്രാഥമിക അന്വേഷണത്തിലെ നിഗമനം. പീരുമേട്ടിൽ സിപിഐയുടെ സ്ഥാനാർത്ഥിക്ക് ഉറച്ച ജയസാധ്യത അവർ പോലും പുലർത്തിയിരുന്നില്ല. അടൂരിൽ രാഹുലിന്റെയോ പ്രിയങ്കയുടെയോ പരിപാടി വയ്ക്കാനുള്ള സാധ്യത ഉണ്ടായിരുന്നിട്ടും അതു ചെയ്തില്ലെന്നും നിലവിൽ അന്വേഷണ കമ്മീഷനുകൾകണ്ടെത്തിയിട്ടുണഅട്.

ഘടകകക്ഷികൾ മത്സരിച്ചതിൽ തുടർഅന്വേഷണ പട്ടികയിലുള്ള ചവറയിൽ ഇതിനകം യുഡിഎഫ് ചെയർമാനെതിരെ നടപടിയെടുത്തു കഴിഞ്ഞു. കുന്നത്തൂരിൽ ഡിസിസി ഭാരവാഹികളുടെ വലിയ നിര ഉണ്ടായിരുന്നിട്ടും മതിയായ പിന്തുണ ആർഎസ്‌പി സ്ഥാനാർത്ഥിക്കു നൽകിയില്ലെന്നാണ് നിഗമനം. കെ.എം.ഷാജി മത്സരിച്ച അഴീക്കോട്ട് വിജയത്തിനായി കേന്ദ്രീകരിച്ചുള്ള പ്രവർത്തനം കോൺഗ്രസിന്റെ ഭാഗത്തുനിന്ന് കൂട്ടായ പ്രവർത്തനം ഉണ്ടായില്ലെന്ന വിമർശനവും ഉയർന്നിട്ടുണ്ട്.

കണ്ണൂർ, കൊല്ലം തുടങ്ങിയ മണ്ഡലങ്ങളും തുടർ അന്വേഷണ പട്ടികയിൽ പെടുത്താനും ആലോചന ഉണ്ടായിരുന്നു. നിലവിൽ നോട്ടിസ് നൽകാൻ തീരുമാനിച്ച 97 പേരും അന്വേഷണ സമിതി ശുപാർശ ചെയ്തവരാണ്. സമിതി കുറ്റക്കാരായി കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിൽ വിശദീകരണം ചോദിച്ചു എന്നതല്ലാതെ അക്കാര്യത്തിൽ മറ്റു പരിശോധനകൾ നടത്തിയിട്ടില്ല. ഈ സാഹചര്യത്തിലാണ് അവരുടെ പേരുകൾ വെളിപ്പെടുത്താത്തത്. കെപിസിസി പ്രസിഡന്റ് കെ.സുധാകരൻ ഡൽഹിയിൽ നിന്നു തിരിച്ചെത്തിയ ശേഷമേ ഇവർക്ക് നോട്ടിസ് കൈമാറൂ.

അതേസമയം സ്ഥാനാർത്ഥികളിൽ പലരും പലവിധത്തിലുള്ള പരാതികളാണ് പറയുന്നത്. പ്രിയങ്കയുടെ വാഹനത്തിൽ കയറ്റാത്തത് തോൽവിക്ക് കാരണമായെന്നാണ് പത്മജ വേണുഗോപാൽ പറയുന്ന്. പ്രിയങ്ക ഗാന്ധിയുടെ റോഡ് ഷോയിൽ അവർക്കൊപ്പം വാഹനത്തിൽ ബോധപൂർവം തന്നെ കയറ്റാതിരുന്നു എന്ന ഗുരുതര പരാതിയാണ് ആദ്യ അന്വേഷണ സമിതിക്കു മുൻപാകെ തൃശൂരിലെ സ്ഥാനാർത്ഥി പത്മജ വേണുഗോപാൽ ഉന്നയിച്ചത്.

പ്രിയങ്കയുടെ പരിപാടിക്കായി മാത്രം തന്റെ പക്കൽനിന്നു വലിയ തുക വാങ്ങിയ ശേഷമാണ് ഈ ചതി ചെയ്തത്. 5 വർഷം തൃശൂരിൽ തന്നെ തുടർന്ന തനിക്ക് ഇടതുപക്ഷ വോട്ടുകൾ വരെ ലഭിച്ചപ്പോൾ കോൺഗ്രസിലെ ഒരു വിഭാഗം കൈവിട്ടെന്നും അതിന് ഏതാനും നേതാക്കൾ കൂട്ടുനിന്നെന്നും പത്മജ പരാതിപ്പെട്ടു.

അതിനിടെ കെപിസിസി ഭാരവാഹികളുടെ അന്തിമ പട്ടിക കോൺഗ്രസ് ഹൈക്കമാൻഡിന് ഇന്നു കൈമാറാൻ സംസ്ഥാന നേതൃത്വത്തിന്റെ ശ്രമം. ഡൽഹിയിലുള്ള കെപിസിസി പ്രസിഡന്റ് കെ. സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി.സതീശനും ദേശീയ നേതൃത്വവുമായി ഇന്നലെയും ചർച്ചകൾ തുടർന്നു.

കേരളത്തിന്റെ ചുമതലയുള്ള ജനറൽ സെക്രട്ടറി താരിഖ് അൻവർ, സംഘടനാ ചുമതലയുള്ള ജനറൽ സെക്രട്ടറി കെ.സി.വേണുഗോപാൽ എന്നിവരുമായും ഇവർ കൂടിക്കാഴ്ച നടത്തി. പട്ടിക ഇന്നു പ്രഖ്യാപിക്കാനാണു ശ്രമമെന്നു താരിഖ് പറഞ്ഞു. വനിതകൾക്കും യുവാക്കൾക്കും അർഹമായ പ്രാതിനിധ്യം ഉറപ്പാക്കും. പട്ടിക സംബന്ധിച്ച് ആവശ്യമെങ്കിൽ ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല എന്നിവരോട് സംസാരിക്കും. ജംബോ പട്ടിക ഇക്കുറിയുണ്ടാവില്ലെന്നും താരിഖ് വ്യക്തമാക്കി.