തദ്ദേശ തെരഞ്ഞെടുപ്പിൽ പാർട്ടിക്ക് പ്രതീക്ഷിച്ച വിജയം നേടാൻ കഴിയാതെ വന്നതോടെ നേതൃമാറ്റം ആവശ്യപ്പെട്ട് നിരവധി പേരാണ് രം​ഗത്തെത്തിയത്. കോൺ​ഗ്രസ് നേതാക്കൾ മുതൽ ഘടകകക്ഷികൾ വരെ കെപിസിസി നേതൃത്വത്തിനെതിരെ വിമർശനവുമായി രം​ഗത്തെത്തിയിരുന്നു. വിവാദങ്ങൽ കെട്ടടങ്ങിയതിന് പിന്നാലെ കോൺ​ഗ്രസ് എന്നത് കൂട്ടായ നേതൃത്വമാണ് എന്ന സന്ദേശവുമായി കെപിസിസിയുടെ ഫേസ്‌ബുക്ക് പേജിന്റെ കവർ ചിത്രം മാറ്റിയിരുന്നു. സംഭവം വലിയ ചർച്ചകൾക്കും വിമർശനങ്ങൾക്കുമാണ് ഇപ്പോൾ വഴിയൊരുക്കിയിരിക്കുന്നത്.

എകെ ആന്റണി, ഉമ്മൻ ചാണ്ടി, രമേശ് ചെന്നിത്തല, മുല്ലപ്പള്ളി രാമചന്ദ്രൻ എന്നിവർക്കൊപ്പം കെ സി വേണുഗോപാലും കവർ ചിത്രത്തിൽ ഇടംപിടിച്ചിരുന്നു. കേരള രാഷ്ട്രീയത്തിൽ ഇനി വേണുഗോപാലിനും പ്രസക്തിയുണ്ട് എന്ന് വ്യക്തമാക്കുന്നതായിരുന്നു ആ ചിത്രം. കോൺഗ്രസ് ഗ്രൂപ്പില്ലാതെ പ്രവർത്തിക്കാൻ തീരുമാനമെടുത്തെന്ന സന്ദേശം നൽകാനാണ് നേതൃത്വം ഉദ്ദേശിച്ചതെങ്കിലും കവർ ചിത്രം ഗ്രൂപ്പ് തിരിഞ്ഞുള്ള വിമർശനങ്ങൾക്കും വഴിവയ്ക്കുന്നുണ്ട്. കവർ ചിത്രത്തിൽ ചിലരെ ഉൾപ്പെടുത്തിയതും ചിലരെ ഒഴിവാക്കിയും ആണ് സൈബർ അണികളെ രോഷം കൊള്ളിക്കുന്നത്. കമന്റുകളിൽ തന്നെ ഇത് പ്രകടമാണ്.

ചിത്രത്തിൽ ഉമ്മൻ ചാണ്ടിയുടെ സ്ഥാനം ചിലരിൽ രോഷമുണ്ടാക്കുന്നു. വലതു ഭാഗത്ത് ഏറ്റവും പിറകിലായിട്ടാണ് ഉമ്മൻ ചാണ്ടിയുള്ളത്. തിരഞ്ഞെടുപ്പ് നയിക്കാൻ ശേഷിയുള്ള ഉമ്മൻ ചാണ്ടിയെ പിറകിലാക്കിയത് മോശമായിപ്പോയി എന്നാണ് പരാതി. പിന്നിൽ നിൽക്കുന്ന ഉമ്മൻ ചാണ്ടിയെ മുന്നിൽ നിർത്തിയാൽ തിരഞ്ഞെടുപ്പ് ജയിക്കുമെന്നും ഇക്കൂട്ടർ ചൂണ്ടിക്കാട്ടുന്നു.

എകെ ആന്റണിയേയും മുല്ലപ്പള്ളി രാമചന്ദ്രനേയും കെസി വേണുഗോപാലിനേയും ഒക്കെ ഈ കവർചിത്രത്തിൽ ഉൾപ്പെടുത്തിയിരിക്കുന്നത് എന്തിനാണ് എന്നാണ് ചിലരുടെ ചോദ്യം. ഇത് തെറ്റായ സന്ദേശമാണ് അണികൾക്ക് നൽകുന്നത് എന്ന വിമർശനവും ചിലർ ഉന്നയിക്കുന്നുണ്ട്. എകെ ആന്റണിയുടെ കാര്യത്തിൽ കടുത്ത വിമർശനമാണ് പലർക്കും.ചിലരെ ഉൾപ്പെടുത്തിയത് മാത്രമല്ല അണികളുടെ പ്രശ്‌നം. മറ്റ് ചിലരെ ഒഴിവാക്കിയതും കൂടിയാണ്. കെ മുരളീധരനേയും കെ സുധാകരനേയും ഉൾപ്പെടുത്താത്തതിന്റെ രോഷം കമന്റുകളിൽ ഒരുപാട് കാണാനാകും. ആന്റണിയേയും കെസി വേണുഗോപാലിനേയും ഒഴിവാക്കിക്കൊണ്ട് മുരളിയേയും സുധാകരനേയും ചേർക്കേണ്ടതായിരുന്നു എന്നാണ് ഇവർ പറയുന്നത്.

യുവനേതാക്കളെ ആരേയും ഉൾപ്പെടുത്താത്തതിലുള്ള രോഷവും ചിലർ പ്രകടിപ്പിക്കുന്നുണ്ട്. ഷാഫി പറമ്പിൽ, വിടി ബൽറാം എന്നിവർക്ക് വേണ്ടിയാണ് ഇവരുടെ വാദം. പുതുതലമുറ നേതാക്കളെ മുന്നിൽ നിർത്തിയാൽ മാത്രമേ കോൺഗ്രസിന് രക്ഷയുള്ളൂ എന്നും ചിലർ പറയുന്നുണ്ട്. യുഡിഎഫ് കൺവീനർ ആയ എംഎം ഹസ്സനെ എന്ത് അടിസ്ഥാനത്തിൽ ആണ് ഒഴിവാക്കിയത് എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്. ജാതി സമവാക്യമാണ് കെപിസിസിയുടെ കവർ ചിത്രത്തിൽ പ്രകടമാകുന്നത് എന്നാണ് മറ്റൊരു ആക്ഷേപം. ഹസ്സനേയും കൊടിക്കുന്നിൽ സുരേഷിനേയും ഒക്കെ ഒഴിവാക്കിയത് അത്തരം സമവാക്യങ്ങളുടേയും താത്പര്യങ്ങളുടേയും ഭാഗമായിട്ടാണോ എന്ന ചോദ്യവും ചിലർ ഉയർത്തുന്നുണ്ട്.

ചിത്രത്തിൽ രമേശ് ചെന്നിത്തലയുടെ മുഖ ഭാവം പോലും ചിലർ പ്രശ്‌നവത്കരിക്കുന്നുണ്ട്. ബാക്കി എല്ലാവരുുടേയും ചിരിച്ചുനിൽക്കുന്ന ചിത്രങ്ങളാണെങ്കിൽ, ചെന്നിത്തലയുടേത് അത്തരത്തിലുള്ള ഒന്നല്ല എന്നതാണ് പ്രശ്‌നമായി ചൂണ്ടിക്കാണിക്കുന്നത്. ഇതിനെ പരിഹസിച്ചും ചിലർ രംഗത്ത് വരുന്നുണ്ട്. മുല്ലപ്പള്ളി രാമചന്ദ്രനും എകെ ആന്റണിയും എംഎം ഹസ്സനും നേതൃത്വത്തിൽ നിന്ന് മാറി നിൽക്കട്ടേ എന്നാണ് മറ്റ് ചിലർ പറയുന്നത്. അവർക്ക് പകരം കെ മുരളീധരന്റേയും കെ സുധാകരന്റേയും ഷാഫി പറമ്പിലിന്റേയും പേരുകളാണ് ഉയർത്തുന്നത്. വിഡി സതീശനെ പിന്തുണച്ചുകൊണ്ടും ചിലർ രംഗത്ത് വരുന്നുണ്ട്. ചിത്രത്തിലുള്ള അഞ്ചിൽ നാല് പേരേയും ഇപ്പോൾ കോൺഗ്രസിന് ആവശ്യമില്ലെന്നും അവർ ബാധ്യതയാണെന്നും പറയുന്നവരുണ്ട്. അവർക്ക് ഉമ്മൻ ചാണ്ടിയെ മാത്രമാണ് പഥ്യം. അതിനൊപ്പം സുധാകരനേയും മുരളിയേയും കൂടി കൊണ്ടുവന്നാൽ പോലും ഇവർക്ക് തർക്കമൊന്നുമില്ല.

വി എം സുധീരനെ എന്തുകൊണ്ട് ഒഴിവാക്കി എന്ന ചോദ്യവും ചിലർ ചോദിക്കുന്നുണ്ട്. കേരളത്തിൽ ഏറ്റവും പ്രതിച്ഛായയുള്ള സുധീരനെ പോലെ ഒരാളെ മാറ്റി നിർത്തിയതിലും ജാതി സമവാക്യ പ്രശ്‌നങ്ങൾ ചിലർ ഉയർത്തുന്നുണ്ട്. എന്തായാലും പോസ്റ്റിൽ ഉയർന്ന ചോദ്യങ്ങൾക്കും കെപിസിസി മറുപടി നൽകുമെന്ന പ്രതീക്ഷ കമന്റ് ചെയ്തവർക്കുമില്ല. തദ്ദേശ തിരഞ്ഞെടുപ്പിൽ നേരിട്ട പരാജയത്തിൽ നിന്ന് കര കയറാനുള്ള ശ്രമത്തിലാണ് കോൺഗ്രസ്. ഇത്തവണ ഭരണം ലഭിച്ചില്ലെങ്കിൽ, കേരളത്തിൽ പാർട്ടിയുടെ നിലനിൽപ് തന്നെ ഭീഷണിയിലാകുമെന്ന വിലയിരുത്തലും ഉണ്ട്. അതുകൊണ്ട് തന്നെ, കേന്ദ്ര നേതൃത്വം നേരിട്ടാണ് കേരളത്തിലെ നീക്കങ്ങൾ നിയന്ത്രിക്കുന്നത്.