കൊട്ടാരക്കര: ദേശീയ തലത്തിൽ കോൺഗ്രസിന്റെ പാരമ്പര്യങ്ങളെ തകർക്കാൻ വേണ്ടി തീവ്രശ്രമങ്ങൾ എങ്ങും നടക്കുകയാണ്. എന്നാൽ, ഒരു കാലത്ത് കോൺഗ്രസ് മറന്ന കാര്യങ്ങളിലേക്ക് തിരിഞ്ഞു പോകുകയാണ് കേരളത്തിലെ കോൺഗ്രസ്. കുടുംബങ്ങളിൽ നിന്നും കോൺഗ്രസ് വളർത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നത്. ഇതിനുള്ള ശ്രമങ്ങൾ ഊർജ്ജിതമാണ്. കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി.)കൾ വഴി ശിൽപ്പാശാലകൾ നടത്തി പാർട്ടിയെ അറിഞ്ഞു പഠിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്.

വല്യ ആർഭാഢങ്ങളില്ലാതെ ക്ലാസുകളാണ് സംഘടിപ്പിക്കുന്നത്. വേദിയിൽ നേതാക്കളാരുമില്ല, ക്ലാസെടുക്കുന്ന അദ്ധ്യാപകൻ മാത്രം. പ്രൊജക്ടർ ഉൾപ്പെടെ ആധുനിക സംവിധാനങ്ങളോടെ പരിശീലനം. വിദ്യാർത്ഥികളുടെതുപോലെ സംശയനിവാരണവും. രാവിലെ ക്ലാസ് തുടങ്ങിയാൽ വൈകീട്ട് നാലിന് കഴിയുന്നതുവരെ ഒരാൾക്കും പുറത്തുപോകാൻ കഴിയില്ല.

ക്ലാസിന് പ്രത്യേക പാഠ്യപദ്ധതിയുണ്ട്. കോൺഗ്രസിന്റെയും സ്വാതന്ത്ര്യസമരത്തിന്റെയും ചരിത്രം, പഞ്ചായത്തീരാജ്, ഗ്രാമസ്വരാജ് തുടങ്ങി ഒരു യൂണിറ്റ് കമ്മിറ്റി ഭാരവാഹി എങ്ങനെയാകണം എന്നതുൾപ്പെടെ വിഷയങ്ങൾ നിരവധി. ദൃശ്യങ്ങളുടെ സഹായത്തോടെയാണ് ക്ലാസുകൾ. കേരളത്തിലെ കോൺഗ്രസ് മാറുകയാണെന്ന് കെപിസിസി. അധ്യക്ഷൻ പറഞ്ഞതിന്റെ പൊരുൾ ഇവിടെക്കാണാം. സംസ്ഥാനത്തെ എല്ലാ നിയോജകമണ്ഡലങ്ങളിലും തിരഞ്ഞെടുത്ത രണ്ടു മണ്ഡലങ്ങളിൽ ശില്പശാലകൾ പൂർത്തിയായി. ബൂത്തുകമ്മിറ്റികൾക്കും താഴെ കോൺഗ്രസ് യൂണിറ്റ് കമ്മിറ്റി (സി.യു.സി.) രൂപവത്കണം രണ്ടാംഘട്ടത്തിന്റെ പരിശീലനമാണ് ശില്പശാലകളിൽ നടന്നത്.

ഗാന്ധിജയന്തിദിനത്തിൽ എല്ലാ ജില്ലയിലും ഒരുമണ്ഡലത്തിൽ യൂണിറ്റ് രൂപവത്കരിച്ചിരുന്നു. രണ്ടാംഘട്ടത്തിൽ, ജവഹർലാൽ നെഹ്റുവിന്റെ ജന്മദിനമായ 14-ന് സംസ്ഥാനത്ത് 1400 സി.യു.സി.കൾ നിലവിൽവരും. താഴേത്തട്ടിൽ പാർട്ടിയെ ചലിപ്പിക്കുക എന്നതാണ് സി.യു.സി. രൂപവത്കരണത്തിന്റെ ലക്ഷ്യം. പരിശീലനം ലഭിച്ച നേതാക്കളാണ് ഓരോ മണ്ഡലത്തിലും ശില്പശാലകൾക്ക് നേതൃത്വംനൽകിയത്. വാർത്തയോ ചിത്രമോ പ്രചരിപ്പിക്കരുതെന്ന് നിർദേശവും നൽകിയിരുന്നു. പ്രസിഡന്റ്, സെക്രട്ടറി, ഖജാൻജി, രണ്ടു ബൂത്തുകമ്മിറ്റി പ്രതിനിധികൾ എന്നിവരടങ്ങുന്നതാണ് യൂണിറ്റ് കമ്മിറ്റിയുടെ ഘടന. ഇവരിൽ ഒരാൾ വനിതയും ഒരാൾ പട്ടികജാതിയും ആകണമെന്ന് നിർബന്ധമുണ്ട്. ഡിസംബർ 28-ന് കോൺഗ്രസ് ജന്മദിനത്തിൽ സംസ്ഥാനത്തെ എല്ലാ ബൂത്തുകളിലുമായി ഒന്നേകാൽ ലക്ഷം സി.യു.സി.കൾ നിലവിൽവരുമെന്നാണ് പ്രഖ്യാപനം.

ഒരു കുടുംബത്തിലെ അഞ്ചുപേരും കോൺഗ്രസുകാരാണെങ്കിൽ അത് പാർട്ടി കുടുംബം. ഒരാളെങ്കിലും മറ്റു പാർട്ടി പ്രവർത്തകനാണെങ്കിൽ അത് അനുഭാവി കുടുംബം. 20 പാർട്ടി-അനുഭാവി കുടുംബങ്ങൾ ചേരുമ്പോൾ ഒരു സി.യു.സി. തങ്ങളുടെ പരിധിയിലെ എല്ലാ വീടുകളുടെയും ആളുകളുടെയും പാർട്ടിതിരിച്ചുള്ള വിവരശേഖരണം നടത്തും. ഭാരവാഹികളാകുന്നവർക്ക് കോൺഗ്രസിന്റെ മറ്റു ഘടകങ്ങളിൽ ചുമതലകൾ പാടില്ല. 20 പേരടങ്ങുന്ന പ്രവർത്തകസമിതി വേണം. വർഷത്തിൽ രണ്ടു കുടുംബയോഗമെങ്കിലും കൂടണം. പാലിയേറ്റീവ് കെയർ ഉൾപ്പെടെ കോൺഗ്രസ് വിഭാവനം ചെയ്യുന്ന പദ്ധതികളുടെ നടത്തിപ്പും സി.യു.സി.കൾ വഴിയാകും.