തിരുവനന്തപുരം: ഡിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട തർക്കങ്ങളിൽ കോൺഗ്രസ് നേതാക്കൾ തൽക്കാലം വെടിനിർത്തിയെന്ന സൂചനയാണ് പുറത്തുവരുന്നത്. ഇതിനിടെ കെപിസിസി പുനഃസംഘടനയുമായി ബന്ധപ്പെട്ട ചർച്ചകളിലേക്കും കടക്കാനാണ് കോൺഗ്രസ് ഒരുങ്ങുന്നത്. ഇപ്പോഴത്തെ വിവാദങ്ങളുടെ പശ്ചാത്തലത്തിൽ മുതിർന്ന നേതാക്കളുമായി ചർച്ച നടത്തി മുന്നോട്ടു പോകാനാണ് വി ഡി സതീശന്റെയും കെ സുധാകരന്റെയും തീരുമാനം. എന്നാൽ, ഇപ്പോഴത്തെ സാഹചര്യത്തിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും സഹകരിക്കുമോ എന്നതാണ് കണ്ടറിയേണ്ടത്.

അടുത്ത ആഴ്‌ച്ച മുതൽ ചർച്ചകൡലേക്ക് കടക്കാനാണ് കോൺഗ്രസ് തീരുമാനം. ഇടഞ്ഞു നിൽക്കുന്ന ഉമ്മൻ ചാണ്ടിയും രമേശ് ചെന്നിത്തലയും അടക്കമുള്ളവരുമായിട്ടാകും ചർച്ച തുടങ്ങുക. കെപിസിസി പ്രസിഡന്റ് കെ.സുധാകരനും പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും രണ്ടാംഘട്ട പുനഃസംഘടന സംബന്ധിച്ച പദ്ധതി കണ്ണൂരിലെ കൂടിക്കാഴ്ചയിൽ തയാറാക്കി. ഒരു മാസത്തിനകം കെപിസിസി ഭാരവാഹികളെ പ്രഖ്യാപിക്കാനാണു തീരുമാനം. സമാന്തരമായി ഡിസിസി ഭാരവാഹികളെ സംബന്ധിച്ച ചർച്ച ജില്ലകളിൽ ആരംഭിക്കും. അതിനായുള്ള ജില്ലാതല സംവിധാനം സംബന്ധിച്ചും മുതിർന്ന നേതാക്കളുമായി ആശയവിനിമയം നടത്തും. ജംബോ കമ്മിറ്റികളെ ഒഴിവാക്കി കൊണ്ടുള്ള പട്ടികയാകും തയ്യാറാക്കുക.

തിങ്കളാഴ്ച തലസ്ഥാനത്തു ചേരുന്ന യുഡിഎഫ് യോഗത്തോടനുബന്ധിച്ചു കോൺഗ്രസ് ചർച്ച തുടങ്ങിവയ്ക്കാനാണ് ആലോചന. ഡിസിസി പ്രസിഡന്റുമാരുടെ നിയമനത്തിൽ ഉമ്മൻ ചാണ്ടിയും ചെന്നിത്തലയും ഇടഞ്ഞതു തങ്ങളുടെ വീഴ്ച കൊണ്ടാണെന്ന വിമർശനം അംഗീകരിക്കാൻ സുധാകരനും സതീശനും തയാറല്ല. പുതിയ നേതൃത്വം പാർട്ടി തീരുമാനങ്ങളുടെ കാർമികരാകുന്നത് ഉൾക്കൊള്ളാനുള്ള ഗ്രൂപ്പുകളുടെ അസഹിഷ്ണുതയാണു പ്രശ്‌നങ്ങൾക്കു കാരണമെന്ന നിലപാടിൽ തന്നെയാണ് അവർ.

എന്നാൽ ഉമ്മൻ ചാണ്ടിയെയും ചെന്നിത്തലയെയും കേട്ടില്ല എന്ന പരാതി ഇനിയും ആവർത്തിക്കാൻ ഇടവരരുതെന്ന് അവർ ആഗ്രഹിക്കുന്നു. ഗ്രൂപ്പുകളുടെ സമ്മർദത്തിനു വഴങ്ങാനോ ഗ്രൂപ്പ് പ്രതിനിധികളെ വയ്ക്കാനോ കഴിയില്ല. ഡിസിസി പ്രസിഡന്റുമാരെ തീരുമാനിച്ച സമീപനം അക്കാര്യത്തിൽ തുടരും. നേതാക്കളുമായി ചർച്ച നടത്തും അവരുടെ ആവശ്യങ്ങൾ പരിഗണിക്കും. എന്നാൽ, എല്ലാം അനുവദിച്ചു കൊടുക്കാൻ തയ്യാറല്ല നേതാക്കൾ. കൂടുതൽ ഇടപെടലുകൽ നേതൃത്വമെന്ന നിലയിൽ ഇവരുടെ ഭാഗത്തു നിന്നു തന്നെയാകും എന്ന ഉറപ്പാണ് നേതാക്കൾ കൊടുക്കുന്നത്.

അതിനിടെ മഞ്ഞുരുക്കുന്നതിന്റെ ഭാഗമായി കെപിസിസി വർക്കിങ് പ്രസിഡന്റ് ടി.സിദ്ദിഖ് ഉമ്മൻ ചാണ്ടിയെ തിരുവനന്തപുരത്തെ വസതിയിലെത്തി കണ്ടു. എല്ലാ നേതാക്കളെയും ഒരുമിച്ചു കൊണ്ടുപോകാനാണു പുതിയ നേതൃത്വം ശ്രമിക്കേണ്ടതെന്നു സിദ്ദിഖിനെ കേട്ട ശേഷം ഉമ്മൻ ചാണ്ടി വ്യക്തമാക്കി. അമർഷം ശക്തമാണെങ്കിലും പരസ്യ പ്രതികരണങ്ങൾക്കില്ലെന്ന നിലപാടിലാണു ഗ്രൂപ്പ് നേതൃത്വം. ചെന്നിത്തലയുടെ ഇന്നലത്തെ പ്രതികരണത്തിലും അസന്തുഷ്ടി പ്രകടമായി. ഗ്രൂപ്പു യോഗങ്ങൾ ആരംഭിച്ചിട്ടില്ലെങ്കിലും അത്തരം ചർച്ചകൾ രണ്ടു വിഭാഗങ്ങളിലും ഉണ്ട്.

എഐസിസി ജനറൽ സെക്രട്ടറി താരിഖ് അൻവർ പക്ഷപാതപരമായി പെരുമാറുന്നെന്ന ആക്ഷേപവും അവർ പങ്കുവയ്ക്കുന്നു. കെ.ശിവദാസൻ നായരെയും കെ.പി.അനിൽകുമാറിനെയും സസ്‌പെൻഡ് ചെയ്ത നേതൃത്വം ഉമ്മൻ ചാണ്ടിക്കെതിരെ തിരിഞ്ഞ രാജ്‌മോഹൻ ഉണ്ണിത്താനോടു കാട്ടുന്ന അനുനയത്തിലും എതിർപ്പുണ്ട്. കെപിസിസിഡിസിസി ചർച്ചകളിലെ നേതൃത്വത്തിന്റെ സമീപനം ഇതുകൊണ്ടെല്ലാം നിർണായകമാകും.

അതിനിടെ കോൺഗ്രസിൽ നിന്നും രാജിവെച്ച എ വി ഗോപിനാഥുമായി കെ സുധാകരൻ ചർച്ച നടത്തിയേക്കുമെന്നുമാണ് അറിയുന്നത്. കോൺഗ്രസിന്റെ പൊന്നാപുരം കോട്ടയായ പെരിങ്ങോട്ടുകുറിശ്ശി കൈവിട്ടു പോകരുത് എന്നാണ് കോൺഗ്രസ് നേതാക്കൾ ആഗ്രഹിക്കുന്നത്. അതുകൊണ്ട് തന്നെ എ വി ഗോപിനാഥിനെ തിരികെ കൊണ്ടുവരാൻ ശ്രമം നടത്തും. കെപിസിസി നേതൃത്വത്തിൽ ഉചിതമായ പദവി അദ്ദേഹത്തിന് നൽകിയെക്കുമെന്നാണ് സൂചന.

നേരത്തെ ഡിസിസി പ്രസിഡന്റുമാരുടെ പട്ടികയിൽ കോൺഗ്രസിൽ വമ്പൻ പൊട്ടിത്തെറി ഒഴിവായത് രാഹുൽ ഗാന്ധിയുടെ ഇടപെടൽ മൂലം. ലിസ്റ്റ് പ്രഖ്യാപിക്കുന്നതിന് മുമ്പ് രമേശ് ചെന്നിത്തലയേയും ഉമ്മൻ ചാണ്ടിയേയും രാഹുൽ ഗാന്ധി ഫോണിൽ വിളിച്ചിരുന്നു. ഇതിന് ശേഷമാണ് അന്തിമ പട്ടിക കോൺഗ്രസ് അധ്യക്ഷ സോണിയാ ഗാന്ധി അംഗീകരിച്ചതും സംഘടനാ ജനറൽ സെക്രട്ടറി കെസി വേണുഗോപാൽ ഒപ്പിട്ടതും. കോട്ടയത്തേയും ആലപ്പുഴയിലേയും പ്രസിഡന്റുമാരെ നിശ്ചയിച്ചതും രാഹുലിന്റെ ഇടപെടലുകളാണ്.

ഇപ്പോഴും കടുത്ത അമർഷം ഗ്രൂപ്പുകൾക്കിടയിലുണ്ട്. ഉമ്മൻ ചാണ്ടിയേയും ചെന്നിത്തലയേയും ചർച്ചയ്ക്ക് കൂടെ ഇരുത്താമെന്നതാണ് ഇപ്പോഴത്തേയും ഇവരുടെ വികാരം. ചെന്നിത്തലയുടേയും ചാണ്ടിയുടേയും കാലം കഴിഞ്ഞുവെന്ന പ്രതീതി സൃഷ്ടിക്കാൻ കെസിയും വിഡി സതീശനും കെ സുധാകരനും ശ്രമിക്കുന്നതാണ് ഇവരുടെ പരാതിയും. ഡിസിസി നിയമനത്തിൽ ഈ മൂന്ന് പേരുടെ താൽപ്പര്യമാണ് കടന്ന് കൂടിയത്. നേതാക്കൾ എല്ലാം വീതം വച്ചെടുത്തു. കോട്ടയത്തും ആലപ്പുഴയിലും പോലും അട്ടിമറിക്ക് ശ്രമിച്ചെന്നതാണ് പരാതി.