കോട്ടയം: ക്രൈസ്തവ സ്ഥാപനങ്ങൾ പതിവില്ലാത്തവിധത്തിൽ ആരോപണങ്ങൾ അടുത്തകാലത്തായി നേരിടുന്നുവെന്ന് കെ.സി.ബി.സി. സാമൂഹികവും രാഷ്ട്രീയവുമായ വിഷയങ്ങളേക്കാൾ സഭയ്‌ക്കെതിരെയുള്ള വിഷയങ്ങൾ ചർച്ചയാക്കുകയാണെന്ന് കെ.സി.ബി.സി ഐക്യ ജാഗ്രതാ കമ്മീഷൻ സെക്രട്ടറി ഡോ. മൈക്കിൾ പുളിക്കൽ പറഞ്ഞു. 'ദീപിക' ദിനപത്രത്തിലെഴുതിയ ലേഖനത്തിലാണ് അദ്ദേഹം ഇക്കാര്യങ്ങൾ പറയുന്നത്. മലപ്പുറത്തെ സ്‌കൂളിനെതിരെ നടന്ന പ്രതിഷേധങ്ങൾ അടക്കം ചൂണ്ടിക്കാട്ടിയാണ് വിമർശനം.

പ്രധാനപ്പെട്ട വിഷയങ്ങളിൽ നിന്നും ശ്രദ്ധതിരിക്കാൻ പശുവിനെക്കുറിച്ച് എഴുതാൻ ആവശ്യപ്പെട്ടപ്പോൾ പശുവിനെ കെട്ടിയ തെങ്ങിനെക്കുറിച്ച് എഴുതിയത് പോലെയാണിതെന്നും മലപ്പുറത്തെ സ്‌കൂളിലെ വിരമിച്ച ഭരണകക്ഷി രാഷ്ട്രീയക്കാരനായ അധ്യപകനെതിരെ വ്യക്തിപരമായ ആരോപണങ്ങൾ ഉയർന്നപ്പോൾ സ്‌കൂൾ മാനേജ്‌മെന്റിനെതിരെ ചില മാധ്യമങ്ങൾ തിരിയുകയാണെന്നും അദ്ദേഹം ലേഖനത്തിൽ പറയുന്നു. സ്‌കൂൾ വിദ്യാർത്ഥിനി അപമാനിതയാക്കപ്പെട്ട വിഷയത്തിൽ സമസ്ത നേതാക്കൾക്കും അവരുടെ നയങ്ങൾക്കും നേരെ വിരൽ ചൂണ്ടിയപ്പോൾ അതിനെ മറികടക്കാനുള്ള എളുപ്പവഴിയായാണ് ഈ സ്‌കൂളുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ ഉണ്ടായത്.

കത്തോലിക്കാ സഭയുടെ സ്ഥാപനങ്ങൾ പ്രതിക്കൂട്ടിൽ നിർത്തപ്പെടുന്ന സാഹചര്യത്തിൽ മാത്രം പ്ലക്കാർഡ് പിടിക്കുന്ന ചില 'പ്രബുദ്ധ' സംഘടനകൾ അദ്ധ്യാപകന്റെ വസ്തിയിലോ, പാർട്ടി ഓഫീസിലോ, നിയമം നടപ്പിലാക്കേണ്ട പൊലീസ് സ്റ്റേഷന് മുന്നിലോ പ്രതിഷേധിക്കേണ്ടതിന് പകരം സ്‌കൂളിന് മുന്നിലാണ് പ്രതിഷേധവുമായി എത്തിയത്. കുറ്റാരോപിതനെ നടപടികൾ സ്വീകരിക്കേണ്ടതിന് പകരം സഭയെ പ്രതിക്കൂട്ടിൽ നിർത്താനാണ് ശ്രമിച്ചതെന്ന് അദ്ദേഹം ലേഖനത്തിലൂടെ പറയുന്നു.

എസ്.എച്ച്. നേഴ്‌സിങ് കോളേജുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ പർവതീകരിച്ച് അസത്യങ്ങളും അർധ സത്യങ്ങളും പ്രചരിപ്പിക്കാൻ ചില തത്പരകക്ഷികൾക്ക് കഴിഞ്ഞു. സന്യസ്തർക്ക് നീതി നേടിക്കൊടുക്കുന്നുവെന്ന് സ്വയം വിശേഷിപ്പിക്കുന്ന ഒരു സംഘടനയുടെ പ്രതിനിധികൾ അടുത്ത കാലത്ത് മരണപ്പെട്ട ഒരു സന്യാസിനിയുടെ മാതാപിതാക്കളെ സമീപിച്ച് ദുരൂഹത ആരോപിക്കാൻ പ്രേരിപ്പിക്കുകയുണ്ടായി. ഇവർ പ്രലോഭനങ്ങൾക്ക് വഴങ്ങുന്നില്ല എന്ന് കണ്ടപ്പോൾ മരിച്ച വ്യക്തിയെ അപമാനിച്ച് ഫേസ്‌ബുക്ക് പോസ്റ്റും ലേഖനങ്ങളും പ്രസിദ്ധീകരിച്ചു.

പലതും ഒളിപ്പിക്കാനും മറയ്ക്കാനും മാത്രമല്ല, വോട്ടുകൾ ചിതറിപ്പിക്കാനും സ്വരൂപിക്കാനും കത്തോലിക്കാ സഭയുടെ പേരിൽ വിവാദമുണ്ടാക്കിയാൽ മതിയെന്ന ചിലരുടെ ധാരണയായിരുന്നു 'സഭാ സ്ഥാനാർത്ഥി' വിവാദത്തിൽ ഉണ്ടായതെന്ന് ഡോ. മൈക്കിൾ പുളിക്കൽ കുറ്റപ്പെടുത്തുന്നു. യഥാർഥത്തിൽ സമൂഹം ചർച്ച ചെയ്യേണ്ട വിഷയങ്ങൾ ഉപതെരഞ്ഞെടുപ്പിൽ ഉയർന്നുവരേണ്ടിയിരുന്നു. തീവ്രവാദ വിഷയങ്ങളിൽപ്പോലും മൃദുസമീപനം സ്വീകരിക്കുന്ന രാഷ്ട്രീയക്കാരുടെ നിലപാടുകൾ പ്രതിഷേധാർഹമാണ്. എന്തിനും ഏതിനും കാത്തോലിക്കാ സഭയുടെ മേൽ പഴിചാരിയും വിവാദം സൃഷ്ടിച്ചും ജനങ്ങളുടെ കണ്ണിൽ പൊടിയിട്ടും മുന്നോട്ട് പോകാമെന്ന ചിന്ത അപകടകരമാണെന്നും ലേഖനത്തിൽ പറയുന്നു.

അടുത്തിടെ മലപ്പുറത്തെ സ്‌കൂളിലെ വിരമിച്ച അദ്ധ്യാപകനും മുൻ സിപിഐ.എം നഗരസഭാ കൗൺസിലറുമായ കെ.വി ശശികുമാറിനെതിരെ പൂർവവിദ്യാർത്ഥിനികൾ പൊലീസിൽ ലൈംഗിക പീഡന പരാതി നൽകിയിരുന്നു. വിദ്യാർത്ഥിനികളായിരിക്കുമ്പോൾ ഒമ്പത് വയസ് മുതലുള്ള പെൺകുട്ടികളെ ലൈംഗികമായി പീഡിപ്പിച്ചുവെന്നാണ് പരാതി. അന്ന് സ്‌കൂൾ അധികൃതരോട് വിദ്യാർത്ഥിനികളും രക്ഷിതാക്കളും പരാതിപ്പെട്ടിരുന്നുവെങ്കിലും നടപടിയെടുത്തില്ലെന്നും പരാതിയിൽ പറയുന്നു.