കൊച്ചി: വൈദ്യുതി ബോർഡിനെ സംഘടനകൾക്ക് ഡയറി അടിക്കാൻ ഒടുവിൽ മാനേജ്‌മെന്റിന്റെ അനുമതി. അതേസമയം, ഡയറിയുടെ പേരിൽ പരസ്യം പിടിക്കരുതെന്ന നിർദേശവും മുന്നോട്ടു വെച്ചതോടെ ഉദ്യോഗസ്ഥന്മാരുടെ സംഘടനകൾ വെട്ടിലായി. വാർഷിക ഡയറി അച്ചടിക്കുന്നതിന്റെ പേരിൽ സംഘടനകൾ വർഷം തോറും ലക്ഷങ്ങളാണ് പിരിച്ചെടുത്തിരുന്നത്. ഇപ്പോഴത്തെ തീരുമാനത്തോടെ ഓഫീസർമാരുടെ സംഘടനകളും വെട്ടിലായി.

ഡയറി അടിക്കുന്നതിന്റെ പേരിൽ ലക്ഷങ്ങളാണ് സംഘടനകൾ എല്ലാ വർഷവും പിരിച്ചിരുന്നത്. വർഷങ്ങളായി തുടരുന്ന പണക്കൊയ്ത്താണ് കെ.എസ്.ഇ.ബി. മാനേജ്മെന്റ് ഉത്തരവിലൂടെ അവസാനിപ്പിച്ചത്. ചട്ടം 77 ബി. ഒന്നുമുതൽ 15 വരെ പാലിച്ചുകൊണ്ട് പ്രസിദ്ധീകരണങ്ങളിൽ വാണിജ്യ പരസ്യം ഉപയോഗിക്കരുതെന്നാണ് കെ.എസ്.ഇ.ബി. അറിയിച്ചിരിക്കുന്നത്.

ചട്ടലംഘനം നടത്തിയാൽ സംഘടനകളെ അയോഗ്യരാക്കാനും പ്രവർത്തനം നിരോധിക്കാനും ബോർഡിന് സാധിക്കുമെന്നതാണ് പ്രത്യേകത. കെ.എസ്.ഇ.ബി.യുമായി ഏതെങ്കിലും തരത്തിൽ സാമ്പത്തിക, കച്ചവട, കരാർ, ഉഭയകക്ഷി താത്പര്യങ്ങളുള്ള വ്യക്തികളിൽനിന്നും സ്ഥാപനങ്ങളിൽ നിന്നും പരസ്യമോ സംഭാവനയോ സ്വീകരിക്കാൻ പാടില്ലെന്നും അറിയിച്ചിട്ടുണ്ട്. ഡയറി അടിക്കുകയാണെങ്കിൽ അതിന്റെ ചുമതലയുള്ള ജീവനക്കാരന്റെ പേരും ഔദ്യോഗിക മേൽവിലാസവും അറിയിക്കാനും ആവശ്യപ്പെട്ടിട്ടുണ്ട്. ഇതോടെ ഇനി ഡയറി അടിക്കണോ എന്ന ആശങ്കയിലാണ് ഉദ്യോഗസ്ഥ സംഘടനകൾ.

കെ.എസ്.ഇ.ബി.യിലെ സംഘടനകൾ ഡയറിയുടെ പേരിൽ വൻകിട വൈദ്യുതി ഉപഭോക്താക്കളിൽനിന്ന് പണം പിരിക്കുന്നത് വർഷങ്ങളായുള്ള വിവാദമാണ്. ഇത്തരം പിരിവുമായി ഉദ്യോഗസ്ഥർ മുന്നോട്ടു പോകുമ്പോൾ പലപ്പോഴും പല കാര്യങ്ങളിലും വിട്ടുവീഴ്‌ച്ചയും ചെയ്യേണ്ടി വരാറുണ്ട്. ഇത് കൂടി മുന്നിൽ കണ്ടാണ് ഇക്കുറി തീരുമാനം തിരുത്തിയിരിക്കുന്നത്.

കൊറോണക്കാലത്തുപോലും പണപ്പിരിവുണ്ടായെന്ന ആക്ഷേപവും ഉയർന്നിരുന്നു. ഇതിനെതിരേ വൈദ്യുതി ബോർഡിലെ ജീവനക്കാർതന്നെ രംഗത്തുവന്നിരുന്നു. ലോകായുക്തയ്ക്കും സംസ്ഥാന വിജിലൻസിനും മുഖ്യമന്ത്രിക്കും വരെ പരാതികൾ പോയി. പൊതുപ്രവർത്തകൻ കല്ലിയൂർ മുരളിയുടെ പരാതിയിൽ ഇക്കാര്യത്തിൽ സ്റ്റേറ്റ് വിജിലൻസിന്റെ അന്വേഷണവും നടക്കുന്നുണ്ട്.

ഇതിനിടെ ബോർഡിന്റെ അനുമതിക്കായി ഒരു സംഘടന അപേക്ഷ നൽകിയതാണ് വിനയായത്. ചട്ടങ്ങളെല്ലാം ഉദ്ധരിച്ചുകൊണ്ടുതന്നെ പരസ്യം പിടിക്കുന്നത് നിയമ ലംഘനമാണെന്ന് ബോർഡ് വ്യക്തമാക്കുകയായിരുന്നു. പരസ്യത്തിന്റെ വരുമാനംകൊണ്ട് വിവിധ ജില്ലകളിൽ വലിയ ആസ്തികൾ വാങ്ങിക്കൂട്ടിയ സംഘടനകളുമുണ്ട്. ഓഫീസ് സമയത്ത് നടത്തിയിരുന്ന പണപ്പിരിവിൽ, ശേഖരിക്കുന്ന തുകയുടെ നിശ്ചിത ശതമാനം അംഗങ്ങൾക്ക് കമ്മിഷൻ കൊടുത്തിരുന്ന സംഘടനകളും ഉണ്ട്.