തിരുവനന്തപുരം: കെ.എസ്.ഇ.ബി കാട്ടാക്കട മാറനല്ലൂർ സെക്ഷൻ ഓഫിസിലെ വൈദ്യുതി വകുപ്പ് ജീവനക്കാരെ ആക്രമിക്കുകയും ഓഫിസ് അടിച്ചുതകർക്കുകയും ചെയ്തു എന്ന പരാതി വ്യാജമാണെന്ന് ആരോപണ വിധേയർ. മാറനല്ലൂർ കൃഷ്ണരാമത്തിൽ ആവണി എം നായരാണ് കെ.എസ്.ഇ.ബി ജീവനക്കാർ പകപോക്കൽ നടത്തുകയാണ് എന്ന് ആരോപിച്ച് രംഗത്തെത്തിയിരിക്കുന്നത്. മുൻപ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥർ മദ്യപിക്കുന്നു എന്ന് ആരോപിച്ച് പരാതിയുമായി എത്തിയതിന്റെ പക പോക്കലാണെന്നാണ് ആവണി മറുനാടൻ മലയാളിയോട് പറഞ്ഞത്.

കഴിഞ്ഞ 23 നാണ് കെ.എസ്.ഇ.ബി ഓഫീസിൽ സമീപത്തുള്ളവർ അക്രമം നടത്തിയത് എന്ന് കാട്ടി സബ്.എഞ്ചിനീയർ പൊലീസിൽ പരാതി നൽകിയത്. ഓഫീസിന് മുന്നിൽ മാർഗതടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന രണ്ട് വാഹനങ്ങൾ നീക്കണമെന്ന് കെ.എസ്.ഇ.ബി ജീവനക്കാർ ആവശ്യപ്പെട്ടതിനെച്ചൊല്ലിയാണ് അക്രമം അരങ്ങേറിയത് എന്ന് പരാതിയിൽ പറയുന്നു. കൂടാതെ ജീവനക്കാരെ മർദ്ദിച്ചതായും പരാതിയിലുണ്ട്. ഈ പരാതി വ്യാജമാണെന്നാണ് ആവണി എം നായർ പറയുന്നത്. ഏതാനും ദിവസങ്ങൾക്ക് മുൻപ് കെ.എസ്.ഇ.ബി ഓഫീസിൽ ഉദ്യോഗസ്ഥർ മദ്യപിച്ച് ബഹളം വയ്ക്കുന്നത് ചോദ്യം ചെയ്തു എന്നും ഇതിനെ ചൊല്ലിയുള്ള വൈരാഗ്യമാണ് ഇത്തരം ഒരു പരാതിക്കടിസ്ഥാനമെന്നുമാണ് അവർ പറയുന്നത്.

ചോദ്യം ചെയ്തതിന് പിന്നാലെ കെ.എസ്.ഇ.ബി ഓഫീസിന് മുന്നിലേക്ക് മലിന ജലം ഒഴുക്കുന്നു എന്ന് മാധ്യമങ്ങളിൽ വാർത്ത നൽകിയിരുന്നു. വാർത്ത അടിസ്ഥാന രഹിതമാണെന്ന് കെ.എസ്.ഇ.ബി ഓഫീസ് വാടകയ്ക്ക് പ്രവർത്തിക്കുന്ന വീട്ടുടമയോട് ഇവർ വ്യക്തമാക്കിയിരുന്നു. തുടർന്ന് സ്ഥലത്ത് വെള്ളം പോകാനായി ചെറിയ ഓട സ്ഥാപിക്കുകയും ചെയ്തു. ഇതിനിടയിൽ ആവണിയുടെ കുട്ടിയുടെ ചോറൂണിനെത്തിയ ബന്ധുക്കളുടെ കാറുകൾ വഴിയിൽ പാർക്ക് ചെയ്തതിനെ ചൊല്ലിയുള്ള തർക്കത്തിനിടയിലാണ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുമായി തർക്കമുണ്ടായത് എന്നാണ് ആവണി പറയുന്നത്. തുടർന്ന് അന്ന് തന്നെ പൊലീസ് കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരുടെ പരാതിയിന്മേൽ കേസെടുക്കുകയായിരുന്നു. ഉദ്യോഗസ്ഥർ പറയുന്നതു പോലെ ആരെയും മർദ്ദിക്കുകയോ ജോലി തടസപ്പെടുത്തുകയോ ചെയ്തിട്ടില്ല എന്നും അവർ പറഞ്ഞു.

അതേ സമയം ആവണിയുടെ വാദം തെറ്റാണെന്നാണ് കെ.എസ്.ഇ.ബി അധികൃതർ പറയുന്നത്. ഓഫീസിന് മുന്നിൽ മാർഗ്ഗ തടസം സൃഷ്ടിച്ച് പാർക്ക് ചെയ്തിരുന്ന വാഹനങ്ങൾ മാറ്റണമെന്നാവിശ്യപ്പെട്ടപ്പോൾ ഇവർ അസഭ്യം പറഞ്ഞ് കൂട്ടത്തോടെ ഓഫീസിലേക്ക് തള്ളിക്കയറി വരുകയായിരുന്നു. വാക്കു തർക്കത്തിനിടയിൽ മൂലക്കോണത്ത് വാഹനം ഇടിച്ച് 11 കെവി ലൈൻ കടന്നു പോകുന്ന പോകുന്ന പോസ്റ്റിന് തരാർ പറ്റി വൈദ്യുത കമ്പി പൊടടി വീണു എന്ന് വിവരം ലഭിച്ചു. അവിടേക്ക് പോകാൻ ശ്രമിച്ച ജീവനക്കാരെ തടഞ്ഞു വയ്ക്കുകയും മർദ്ദിക്കുകയുമായിരുന്നു. കാറുകൾ മാർഗ്ഗ തടസമായി കിടന്നിരുന്നതിനാൽ കെ.എസ്.ഇ.ബിയുടെ വാഹനം ഇറക്കാൻ കഴിയാതിരുന്നതോടെ ഓഫീസിൽ അക്രമം നടക്കുന്നു എന്നറിഞ്ഞെത്തിയ സബി.എഞ്ചിനീയറുടെ കാറിലാണ് ജീവനക്കാർ അടിയന്തിരമായി അപകടസ്ഥലത്തെത്തിയത് എന്നും കെ.എസ്.ഇ.ബി അധികൃതർ വ്യക്തമാക്കുന്നു.

പിന്നീടാണ് സംഭവത്തെപറ്റി മാറനല്ലൂർ പൊലീസ് സ്റ്റേഷനിൽ പരാതി നൽകിയത്. പരാതി സ്വീകരിച്ച പൊലീസ് സംഭവത്തിൽ നടപടി സ്വീകരിക്കുന്നില്ല എന്നാക്ഷേപം ഉയർന്നതിനെ തുടർന്ന് മാധ്യമങ്ങൾ സംഭവം വീണ്ടും വാർത്ത നൽകിയതോടെയാണ് ആവണി വിശദീകരണവുമായി രംഗത്തെത്തിയത്. ആവണി പറയുന്ന കാര്യങ്ങൾ പച്ചക്കള്ളമാണെന്നും അക്രമം നടക്കുന്ന വീഡിയോ ദൃശ്യങ്ങളിൽ കെ.എസ്.ഇ.ബി ഉദ്യോഗസ്ഥരെ കയ്യേറ്റം ചെയ്യുന്നത് വ്യക്തമായി കാണാൻ കഴിയുമെന്നും കെ.എസ്.ഇ.ബി ജീവനക്കാർ പറയുന്നു.