തിരുവനന്തപുരം: കെഎസ്ആർടിസിയെ രക്ഷപെടുത്താൻ നിയോഗിക്കപ്പെട്ട കമ്മീഷനുകൾ നിർദേശിച്ചിരുന്ന ഏകമാർഗ്ഗം ടിക്കറ്റ് ഇതര വരുമാനം സമാഹരിക്കണം എന്നാണ്. ഇതിന്റെ ഭാഗമായി വിവിധ ഇടങ്ങളിൽ കെഎസ്ആർടിസി വലിയ ഷോപ്പിങ് കോംപ്ലക്‌സുകൾ നിർമ്മിച്ചിരുന്നു. എന്നാൽ, വാടകക്കാർ ഇല്ലാതെ ഇവിടം ഒഴിഞ്ഞുകിടക്കുകയാണ്. ഇത്തരം ഷോപ്പിങ് കോംപ്ലക്‌സുകൾ വാടകയ്ക്ക് കൊടുത്തു വരുമാനം ഉണ്ടാകുക എന്ന തന്ത്രമാണ് കെഎസ്ആർടിസി ബിവറേജസ് കോർപ്പറേഷന് കെട്ടിടം വാടകയ്ക്കു കൊടുക്കാൻ തീരുമാനിച്ചപ്പോൾ ലക്ഷ്യമിട്ടത്. എന്നാൽ, കെഎസ്ആർടിസി നേരിട്ട് മദ്യവിൽപ്പന തുടങ്ങുന്നു എന്ന വിധത്തിലേക്ക് പ്രചരണം എത്തിയതോടെ കാര്യങ്ങൾ കൈവിട്ടു. കോർപ്പറേഷൻ ആകെ പൊല്ലാപ്പിലായ അവസ്ഥയിലായി. ഒടുവിൽ വിഷയത്തിൽ വിശദീകരണവുമായി രംഗത്തുവരേണ്ട നിലയിലാണ് കാര്യങ്ങൾ.

കെ.എസ്.ആർ.ടി.സി. നേരിട്ട് മദ്യക്കച്ചവടം തുടങ്ങി എന്ന വിധത്തിലാണ് വിമർശനങ്ങളും ആക്ഷേപങ്ങളും. സാമൂഹിക മാധ്യമങ്ങളിൽ കണ്ടക്ട റെയും സ്റ്റേഷൻ മാസ്റ്ററെയുമൊക്കെ മദ്യവിൽപ്പനക്കാരായി ചിത്രീകരിച്ചുകൊണ്ട് ട്രോളുകളുടെ പെരുമഴയാണ്. ശമ്പളം നൽകാൻപോലും വഴിയില്ലാതെ വലയുന്ന കോർപ്പറേഷൻ വരുമാനം കൂട്ടാൻ സാധ്യമായതെല്ലാം ചെയ്യുന്നുണ്ട്. ടിക്കറ്റിതര വരുമാനം വർധിപ്പിക്കാൻ പരമാവധി കെട്ടിടങ്ങൾ വാടകയ്ക്കു കൊടുക്കാനാണ് ശ്രമം.

ഹൈക്കോടതി ഉത്തരവിനെത്തുടർന്ന് പുതിയ ഷോപ്പുകൾക്ക് നെട്ടോട്ടമോടുന്ന ബിവറേജസ് കോർപ്പറേഷൻ യാദൃച്ഛികമായാണ് കെ.എസ്.ആർ.ടി.സി. മാർക്കറ്റിങ് വിഭാഗത്തിന്റെ മുന്നിൽപ്പെട്ടത്. ബസ് സർവീസിനും യാത്രക്കാർക്കും അസൗകര്യമുണ്ടാക്കരുത് എന്നുമാത്രമാണ് കെ.എസ്.ആർ.ടി.സി. മുന്നോട്ടുവെച്ച നിബന്ധന. മറ്റാരെക്കാളും കുറഞ്ഞതുകയ്ക്ക് കെട്ടിടം ലഭിക്കുമെന്നതാണ് ബിവറേജസ് കോർപ്പറേഷന്റെ നേട്ടം.

ബിവറേജസ് കോർപ്പറേഷനു വേണമെങ്കിൽ കെ.എസ്.ആർ.ടി.സി.യുടെ സ്ഥലത്ത് കെട്ടിടങ്ങൾ നിർമ്മിക്കുകയും ചെയ്യാം. ഉപയോഗശൂന്യമായ ഭൂമി നിശ്ചിതകാലത്തേക്കു കൈമാറാൻ കെ.എസ്.ആർ.ടി.സി. തയ്യാറാണ്. മാറ്റിസ്ഥാപിക്കേണ്ട 153 ഷോപ്പുകൾക്ക് സ്ഥലം കണ്ടെത്താൻ ബിവറേജസ് ശ്രമം തുടങ്ങിയപ്പോൾമുതൽ പല എതിർപ്പുകൾ ഉയരുന്നുണ്ട്. സ്ഥലപരിമിതിയുള്ള ഷോപ്പുകൾ മാറ്റിസ്ഥാപിക്കാൻ കഴിഞ്ഞില്ലെങ്കിൽ അവ പൂട്ടേണ്ടിവരും. ഇതിന്റെ നേട്ടം ബാറുടമകൾക്കു ലഭിക്കും.

ഇതോടെയാണ് ആലോചന കെഎസ്ആർടിസിയിലേക്കും എത്തിയത്. കൊട്ടാരക്കരയിലെ ബിവറേജസ് ഷോപ്പ് പ്രവർത്തിക്കുന്നത് സ്വകാര്യ ബസ്സ്റ്റാൻഡിലെ കെട്ടിടത്തിലാണ്. സ്വകാര്യ ബസ് സ്റ്റാൻഡിൽ ആകാമെങ്കിൽ എന്തുകൊണ്ട് കെഎസ്ആർടിസി ബസ് സ്റ്റാൻഡിൽ ആയിക്കൂടെന്നചോദ്യാണ് മുൻ മന്ത്രി കൂടിയായ കെ.ബി. ഗണേശ്‌കുമാർ എംഎ‍ൽഎ.യാണ് ഉന്നിയിച്ചതു.ം

രണ്ട് കോഴിക്കോട്, രണ്ട് അച്ചാർ, ഒരു സോഡ!

അതേസമയം കെ.എസ്.ആർ.ടി.സി. ബസ് ടെർമിനൽ കോംപ്ലക്സുകളിൽ വിദേശമദ്യ വിൽപ്പനശാലകൾ ആരംഭിക്കാനുള്ള നീക്കം വാർത്തയായതോടെ സാമൂഹ്യ മാധ്യമങ്ങളിൽ ട്രോളുകളുടെ പെരുമഴ തന്നെയാണ് ഉണ്ടായത്. ബിവറേജസ് മദ്യശാലകൾക്ക് കെട്ടിടങ്ങൾ വാടകയ്ക്ക് നൽകാൻ സന്നദ്ധമാണെന്നും അനുയോജ്യമായത് തിരഞ്ഞെടുക്കാമെന്നും കെ.എസ്.ആർ.ടി.സി. അറിയിച്ചതിന് പിന്നാലെയാണ് സമൂഹമാധ്യമങ്ങളിൽ ട്രോളുകൾ പ്രത്യക്ഷപ്പെട്ടത്.

ബസ് സ്റ്റാൻഡുകളിൽ മദ്യവിൽപന ശാലകൾ വന്നാലുണ്ടാകുന്ന സാഹചര്യങ്ങളും പ്രശ്‌നങ്ങളും ഹാസ്യാത്മകമായ ചിത്രീകരിക്കുന്നവയാണ് മിക്ക ട്രോളുകളും. 'രണ്ട് കോഴിക്കോട്, രണ്ട് അച്ചാർ, ഒരു സോഡ' എന്ന് ഒരു യാത്രക്കാരൻ കണ്ടക്ടറോട് ആവശ്യപ്പെടുന്നതാണ് ഏറെ വൈറലായ ട്രോളുകളിലൊന്ന്. ഇനി കട്ടപ്പുറത്തിരിക്കുന്ന ബസുകളിൽ കയറിയിരുന്ന് അടിക്കാനുള്ള അനുവാദം കൂടി തന്നാൽ ഹാപ്പിയായി എന്നതാണ് മറ്റൊരു ട്രോൾ.

ബസ് ഡിപ്പോകളുടെ പ്രവർത്തനത്തിന് തടസ്സമില്ലാതെയും യാത്രക്കാർക്ക് അസൗകര്യങ്ങളുണ്ടാകാത്തവിധത്തിലുമാകും കെട്ടിടങ്ങൾ നൽകുകയെന്നും ഒട്ടേറെ ഡിപ്പോകളിൽ കെട്ടിടങ്ങൾ ഒഴിഞ്ഞുകിടക്കുന്നുണ്ടെന്നും കെ.എസ്.ആർ.ടി.സി അറിയിച്ചിട്ടുണ്ടെങ്കിലും ട്രോളുകകൾക്ക് മയമൊന്നുമില്ല. ഫേസ്‌ബുക്കിന് പുറമേ ഇൻസ്റ്റഗ്രാമിലും ട്വിറ്ററിലും ട്രോളുകൾ നിറയുകയാണ്.