തലശേരി: കെ.എസ്.ആർ.ടി.സി ഡ്രൈവറെ സൈഡ് കൊടുത്തില്ലെന്ന കാരണത്താൻ ഹെൽമെറ്റുകൊണ്ട് അടിക്കുകയും അസഭ്യം പറയുകയും മൊബൈൽ ഫോൺ നശിപ്പിക്കുകയും ബസിന്റെയന്ത്രഭാഗത്തിന് കേടുപാടുകൾ വരുത്തുകയും ചെയ്ത രണ്ടു പേർക്കെതിരെ തലശേരി ടൗൺ പൊലിസ് കേസെടുത്തു.

ഇന്നലെ വൈകുന്നേരം നാലരയ്ക്ക് തലശേരി ടൗൺ ഹാളിനു സമീപമാണ് സംഭവം.കെ.എൽ 58 സെഡ് 7830 നമ്പർ സ്‌കൂട്ടറിൽ വന്ന യാത്രക്കാരാണ് തങ്ങളുടെ വാഹനത്തിന് സൈഡ് കൊടുക്കാത്ത വൈരാഗ്യത്തിന് ബസ് തടഞ്ഞു നിർത്തി ഡ്രൈവറെ അക്രമിച്ചത്. പിടിവലിക്കിടെ ബസ് ഡ്രൈവറുടെ പതിനെട്ടായിരം രൂപയുടെ മൊബൈൽ ഫോൺ തകർന്നു.

ബസിന്റെ ഇൻഡിക്കേറ്റർ തകർത്തതായും പരാതിയുണ്ട് പൊലിസ് സംഭവസ്ഥലത്തെത്തി സ്‌കൂട്ടർ കസ്റ്റഡിയിലെടുത്തു. അക്രമികൾ സംഭവസ്ഥലത്തു നിന്നും രക്ഷപ്പെട്ടിരുന്നു. ഇവർക്കായി തെരച്ചിൽ തുടങ്ങിയിട്ടുണ്ടെന്ന് പൊലിസ് പറഞ്ഞു.കെ.എസ്ആർ.ടി.സി ഡ്രൈവറുടെ പരാതിയിൽ സ്‌കൂട്ടർ യാത്രക്കാരായ രണ്ടു പേർക്കെതിരെ കേസെടുത്തിട്ടുണ്ട്.പ്രതികളെ തിരിച്ചറിഞ്ഞിട്ടുണ്ടെന്നും ഉടൻ ഇവരെ പിടികൂടുമെന്ന് പൊലിസ് പറഞ്ഞു.