കൊച്ചി: കെഎസ്ആർടിസിയിലെ ശമ്പള പ്രതിസന്ധി തുടരുന്ന പശ്ചാത്തലത്തിൽ സിഐടിയു സമരത്തിലേക്ക്. പ്രശ്‌നത്തിൽ ശക്തമായി പ്രതികരിക്കാൻ കെഎസ്ആർടിസി എംപ്ലോയീസ് അസോസിയേഷന് സിഐടിയു ജനറൽ കൗൺസിൽ യോഗം അനുമതി നൽകി. ഗതാഗത മന്ത്രി ആന്റണി രാജുവിനെതിരെ യോഗത്തിൽ നിശിത വിമർശനമുയർന്നു. മന്ത്രി നടത്തുന്നത് ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണെന്നാണ് വിമർശനം.

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങളുടെ ഗുരുതരാവസ്ഥ വ്യക്തമാക്കുന്ന റിപ്പോർട്ടാണ് കെഎസ്ആർടി എംപ്ലോയീസ് അസോസിയേഷൻ തിരുവനന്തപുരത്തു ചേർന്ന സിഐടിയു ജനറൽ കൗൺസിലിൽ അവതരിപ്പിച്ചത്. ശമ്പളം അടിയന്തരമായി വിതരണം ചെയ്തില്ലെങ്കിൽ സമരം അനിവാര്യമായ സാഹചര്യമാണെന്ന് റിപ്പോർട്ട് പറയുന്നു.

കെഎസ്ആർടിസിയിലെ പ്രശ്‌ന പരിഹാരത്തിന് കാലാകാലങ്ങളിൽ എംപ്ലോയീസ് അസോസിയേഷൻ മുന്നോട്ടുവച്ച നിർദേശങ്ങൾ ടോമിൻ തച്ചങ്കരി മുതലുള്ള എംഡിമാർ പരിഗണിച്ചില്ല. ഏകപക്ഷീയമായാണ് പരിഷ്‌കാരങ്ങൾ നടപ്പിലാക്കിയത്. തുടർന്ന് നടന്ന ചർച്ചയിലാണ് മന്ത്രി ആന്റണി രാജുവിനെതിരെ രൂക്ഷ വിമർശനമുണ്ടായത്.

ശമ്പള പ്രശ്‌നത്തിൽ ഉത്തരവാദിത്തമില്ലാത്ത പ്രതികരണമാണ് ഗതാഗത മന്ത്രി നടത്തിയത്. പണിമുടക്കിയവർ ശമ്പള പ്രശ്‌നത്തിന് പരിഹാരം കാണണമെന്നു പറഞ്ഞത് ശരിയായില്ല. മന്ത്രി തുടർച്ചയായി തൊഴിലാളികളെ അവഹേളിക്കുന്നെന്നും സമരത്തോട് പ്രതികരിക്കേണ്ടത് ഇങ്ങനെയായിരുന്നില്ലെന്നും വിമർശനമുണ്ടായി.

കെഎസ്ആർടിസിയിലെ പ്രശ്‌നങ്ങൾ പഠിക്കുന്നതിൽ മന്ത്രിക്കും എംഡിക്കും വീഴ്ചപറ്റിയെന്നും വിമർശനമുയർന്നു. സർക്കാരുമായും കെഎസ്ആർടിസി മാനേജ്‌മെന്റുമായും ചർച്ച നടത്തും. 20നകം ശമ്പളവിതരണം നടത്തുമെന്ന അനൗദ്യോഗിക ഉറപ്പാണ് മാനേജ്‌മെന്റ് ഇപ്പോൾ നൽകിയിരിക്കുന്നത്. വാഗ്ദാനം പാലിച്ചില്ലെങ്കിൽ സമരത്തിലേക്ക് നീങ്ങേണ്ടിവരും. കഴിഞ്ഞതവണ ഐഎൻടിയുസി സംഘടനയായ ടിഡിഎഫ് നടത്തിയ പണിമുടക്കിനോട് സിഐടിയു അംഗങ്ങൾ ജോലിക്ക് ഹാജരാകാതെ സഹകരിച്ചിരുന്നു. എന്നാൽ ഇനി നേരിട്ട് സമരരംഗത്തേക്ക് കടക്കാനാണ് ജനറൽ കൗൺസിലിന്റെ തീരുമാനം.