തിരുവനന്തപുരം: കെഎസ്ആർടിസി സസ്‌പെൻഡ് ചെയ്തത് ആഘോഷിച്ച് വെള്ളക്കെട്ടിൽ മുങ്ങിയ ബസിന്റെ ഡ്രൈവർ ജയദീപ് സെബാസ്റ്റ്യൻ. ശക്തമായ മഴയിൽ വെള്ളക്കെട്ടിൽ പാതി മുങ്ങിയ കെഎസ്ആർടിസി ബസിന്റെ വീഡിയോ ദൃശ്യങ്ങൾ ഇന്നലെ മുതൽ സോഷ്യൽ മീഡിയയിൽ ഉൾപ്പെടെ വൈറലായിരുന്നു. പൂഞ്ഞാർ സെന്റ് മേരീസ് പള്ളിയുടെ മുന്നിലായിരുന്നു കെഎസ്ആർടിസി ബസ് വെള്ളക്കെട്ടിൽ മുങ്ങിയത്. ഈ സംഭവത്തിലാണ് ജയ്ദീപിനെ സസ്‌പെൻഡ് ചെയ്തത്.

വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയതിന് ഗതാഗതമന്ത്രി ആന്റണി രാജു കെഎസ്ആർടിസി മാനേജിങ് ഡയറക്ടർക്ക് നിർദ്ദേശം നൽകിയതിനെ തുടർന്നാണ് ഈരാറ്റുപേട്ട ഡിപ്പോയിലെ ഡ്രൈവറായ ജയദീപിനെ സസ്‌പെൻഡ് ചെയ്തത്. 

എന്നാൽ തന്നെ സസ്‌പെൻഡ് ചെയ്ത നടപടിയെ പരിഹസിച്ചും സസ്‌പെൻഷൻ ആഘോഷിച്ചുമാണ് ജയദീപ് സാമൂഹ്യമാധ്യമങ്ങളിൽ ഇന്ന് നിറഞ്ഞത്. തന്റെ ഫേസ് ബുക്ക് പേജിലൂടെ രൂക്ഷമായ ഭാഷയിലുള്ള നിരവധി പോസ്റ്റുകളാണ് അദ്ദേഹം ഇതുസംബന്ധിച്ച് പങ്കുവയ്ക്കുന്നത്.

അവധി ചോദിച്ചാൽ തരാൻ വാലുള്ളവൻ ഇനി വേറെ ആളെ വച്ച് ഓടിക്കട്ടെ എന്ന് ജയദീപ് ഫെയ്‌സ് ബുക്കിൽ കുറിച്ചു. തബല കൊട്ടിയും പാട്ടുപാടിയും സസ്‌പെൻഷൻ ആഘോഷിക്കുന്നതിന്റെ വീഡിയോകളും അദ്ദേഹം സാമൂഹ്യമാധ്യമങ്ങളിൽ പങ്കുവച്ചു.

ജയദീപിന്റെ ഒരു ഫേസ്‌ബുക്ക് പോസ്റ്റ്

സൂപ്പർ ഹിറ്റായ വാർത്ത പത്രത്തിലും. ഒരു അവധി ചോദിച്ചാൽ തരാൻ വലിയ വാലായിരുന്നവൻ ഇനി വേറെ ആളെ വിളിച്ച് ഓടിക്കട്ടെ. അല്ലെങ്കിൽ അവൻ ഓടിക്കട്ടെ. അവനൊക്കെ റിട്ടയർ ചെയ്തു കഴിയുമ്പോൾ അറ്റാക്ക് ഒന്നും വരാതെ ജീവിച്ചിരുന്നാൽ വല്ലോ സ്‌കൂൾ ബസോ, ഓട്ടോറിക്ഷയോ , ഓടിച്ച് അരി മേടിക്കേണ്ടതല്ലേ? ഒരു പ്രാക്ടീസാകട്ടെ. ഞാൻ വീട്ടുകാര്യങ്ങൾ നോക്കി TS No 50 ലും പോയി സുഖിച്ച് വിശ്രമിക്കട്ടെ.

അവധി കിട്ടുന്ന ദിവസം അമിതപണം അധ്വാനിക്കാതെ ഉണ്ടാക്കുന്ന തന്നെ സസ്‌പെൻഡ് ചെയ്ത് സഹായിക്കാതെ കഞ്ഞികുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ സസ്‌പെൻഡ് ചെയ്യൂ എന്നും ജയ്ദീപ് കെഎസ്ആർടിസി അധികൃതരെ പരിഹസിക്കുന്നുണ്ട്.

ജയ്ദീപിന്റെ മറ്റൊരു ഫേസ്‌ബുക്ക് പോസ്റ്റ്

KSRTC യിലെ എന്നേ സസ്‌പെന്റ് ചെയ്ത കൊണാണ്ടന്മാർ അറിയാൻ ഒരു കാര്യം. എപ്പോളും അവധി ആവശ്യപ്പെട്ട് നടക്കുന്ന ദിവസം അമിത പണം അദ്ധ്വാനിക്കാതെ ഉണ്ടാക്കുന്ന എന്നേ സസ്‌പെന്റ് ചെയ്ത് സഹായിക്കാതെ വല്ലോ കഞ്ഞി കുടിക്കാൻ നിവൃത്തി ഇല്ലാത്തവരെ പോയി ചെയ്യുക. ഹ ഹ ഹ ഹാ...

ഇതിനിടെ യാത്രക്കാരുടെ ജീവൻ രക്ഷിച്ചതിനാണ് കെഎസ്ആർടിസി തന്നെ സസ്‌പെൻഡ് ചെയ്തതെന്ന വാദവും ജയദീപ് ഉയർത്തിയിട്ടുണ്ട്. ബസ് ഓടിക്കുന്നതിനിടെ വെള്ളം ഒഴുകിയെത്തുന്നതിന്റെയും ബസിലെ യാത്രക്കാരെ പള്ളി കോമ്പൗണ്ടിലേയ്ക്ക് മാറ്റുന്നതിന്റെയും വീഡിയോകൾ പങ്ക് വച്ചുകൊണ്ടാണ് ജയ്ദീപ് തന്റെ വാദം ഉയർത്തുന്നത്. വാഹനത്തിന്റെ തകരാറിനെക്കുറിച്ച് അധികൃതരെ ബോധിപ്പിക്കുന്ന ഡ്രൈവർ പൂരിപ്പിച്ചു നൽകുന്ന ഫോമിന്റെ ചിത്രവും സംഭവത്തെ പറ്റി ഇന്നത്തെ പത്രങ്ങളിൽ വന്ന വാർത്തകളും ഉൾപ്പെടെ ജയ്ദീപ് ഫേസ്‌ബുക്കിൽ പങ്കുവച്ചിട്ടുണ്ട്.

ഈരാറ്റുപേട്ടയിലേക്കു പോയ കെഎസ്ആർടിസി ബസ് പൂഞ്ഞാർ സെന്റ് മേരീസ് പള്ളിക്കു മുന്നിലെ വലിയ വെള്ളക്കെട്ട് കടക്കാൻ ശ്രമിക്കുന്നതിനിടെയാണ് പകുതിയോളം വെള്ളത്തിൽ മുങ്ങിയത്. തുടർന്ന് ബസിലുണ്ടായിരുന്ന യാത്രക്കാരെ നാട്ടുകാർ ചേർന്ന് പുറത്ത് എത്തിക്കുകയായിരുന്നു. വലിയ വെള്ളക്കെട്ടിലൂടെ ബസ് ഓടിച്ച് യാത്രക്കാരുടെ ജീവന് ഭീഷണിയും ബസിന് നാശനഷ്ടവും വരുത്തിയെന്നാണ് ഡ്രൈവർക്കെതിരെയുള്ള നടപടിക്ക് കാരണമായി കെഎസ്ആർടിസി മാനേജ്‌മെന്റ് പറയുന്നത്.