കോഴിക്കോട്: വെള്ളാനകളുടെ സ്വന്തം നാടാണ് കേരളമെന്ന് പറഞ്ഞാൽ അതിൽ യാതൊരു അതിശയോക്തിയുമില്ല. കെട്ടിട നിർമ്മാണങ്ങളുമായി ബന്ധപ്പെട്ട് അടക്കം അഴിമതികൾ നിരവധി കേരളം കണ്ടിട്ടുണ്ട്. പാലാരിവട്ടം പാലം അഴിമതിയിൽ മുൻ മന്ത്രിക്കെതിരെ അടക്കം ഗുരുതര ആരോപണങ്ങളാണ് ഉയർന്നത്. ഇപ്പോൾ കോഴിക്കോട് കെഎസ്ആർടിസി ടെർമിനലാണ് വിവാദങ്ങളുടെ കേന്ദ്രമാകുന്നത്. കോടികളുടെ മുടക്കി കേരള ട്രാൻസ്‌പോർട്ട് ഡവലപ്‌മെന്റ് ഫിനാൻസ് കോർപറേഷൻ (കെടിഡിഎഫ്‌സി) മാവൂർ റോഡിൽ പണിതുയർത്തിയ ഇരട്ട ടെർമിനൽ ഒരു ദിവസം പോലും പ്രവർത്തിച്ചിട്ടില്ലെങ്കിലും ബലപ്പെടുത്തേണ്ട അവസ്ഥയിൽ എത്തിയത് നിർമ്മാണത്തിലെ അപാകതകൾ മൂലമാണ്.

ബസ് സ്റ്റാൻഡും ഇതിൽ നിന്നു കുറെക്കാലത്തേക്കെങ്കിലും മാറ്റേണ്ടി വരുമെന്ന അവസ്ഥയിലേക്കാണ് ഇപ്പോൾ കാര്യങ്ങളുടെ പോക്ക്. കെട്ടിടത്തിന്റെ ഡിസൈനിൽ അടക്കം പാളിച്ചയുണ്ടെന്ന ആക്ഷേപം ശക്തമാണ്. ഭൂനിരപ്പിനും അടിയിലുള്ള രണ്ടു നിലകളിലെ 9 തൂണുകൾക്കു ഗുരുതരമായ വിള്ളലുകളും മറ്റു നൂറോളം തൂണുകൾക്കു ചെറിയ വിള്ളലുകളും സംഭവിച്ചിട്ടുണ്ട്. അതു ബലപ്പെടുത്താൻ 20 കോടി രൂപയ്ക്കടുത്ത് ഇനിയും ചെലവഴിക്കേണ്ടി വരുമെന്ന അവസ്ഥ കോർപ്പറേഷന് അധിക ബാധ്യത സമ്മാനിക്കുന്നതാണ്.

2009 ൽ 54 കോടി രൂപ ചെലവു കണക്കാക്കി പണി തുടങ്ങിയ കെട്ടിടം 2015 ൽ പൂർത്തിയാക്കുമ്പോൾ ചെലവ് 74.63 കോടി ആയി ഉയർന്നിരുന്നു. മാരത്തൺ നിർമ്മാണം കഴിഞ്ഞ് 2015-ൽ ബസ് സ്റ്റാൻഡ് തുറന്നെങ്കിലും നിയമലംഘനങ്ങൾ കാരണം കോർപറേഷൻ അനുമതികൾ ലഭിക്കാതെ വാണിജ്യ സമുച്ചയം (ഇരട്ട ടവർ) തുറക്കാതെ കിടന്നു. ഇപ്പോൽ ബലപ്പെടുത്തലിന്റെ തുക കൂടി ആകുമ്പോൾ 54 കോടിയിൽ തുടങ്ങിയ പദ്ധതി എത്തുന്നതു 94 കോടിയിലേക്ക്. എല്ലാ ചെലവും കെടിഡിഎഫ്‌സി തന്നെ വഹിച്ച്, കെട്ടിടത്തിന്റെ പോരായ്മകളെല്ലാം തീർത്ത്, കരാറുകാരന് കൈമാറണം. അതിനു ശേഷം ഒന്നര വർഷം കൂടി കഴിഞ്ഞേ കരാർ പ്രകാരമുള്ള പ്രതിമാസ വാടക ലഭ്യമായിത്തുടങ്ങുകയുള്ളൂ.

കെഎസ്ആർടിസിയുടെ സ്ഥലത്ത് രണ്ടു ടവറുകളിലെ 14 നിലകളിലായി 3,28,460 ചതുരശ്ര അടി കെട്ടിടം പണിതീർത്തത് കോഴിക്കോട് കോർപറേഷന്റെ പ്രാഥമിക അനുമതികൾ പോലും നേടാതെയാണ്. നിരവധി നിയമലംഘനങ്ങളാണ് കെട്ടിടംപണിയുമായി ബന്ധപ്പെട്ട് ഉയർന്നു കേട്ടത്. നിയമലംഘനങ്ങൾ ചൂണ്ടിക്കാട്ടി നിർമ്മാണം തടയാനും 12 കോടി രൂപ പിഴയടയ്ക്കാനും ഒരിക്കൽ കോർപറേഷൻ നോട്ടിസ് നൽകിയെങ്കിലും സർക്കാർ നിർമ്മാണമായതിനാൽ നിയമലംഘനങ്ങൾക്കു നേരെ കണ്ണടയ്ക്കുകയായിരുന്നു. മദ്രാസ് ഐഐടിയുടെ കൂടി കണ്ടെത്തലുകൾ പുറത്തു വരുന്നതോടെ വെളിപ്പെടുന്നത് കെട്ടിട നിർമ്മാണത്തിലെ പോരായ്മകളും വൻ ക്രമക്കേടുകളുമാണ്.

കെട്ടിടത്തിനു ബലക്ഷയം ഉണ്ടെന്നു നേരത്തേ തന്നെ കണ്ടെത്തിയതിനെ തുടർന്നാണു വിജിലൻസ് അന്വേഷണത്തിനു കഴിഞ്ഞ സർക്കാർ ഉത്തരവിട്ടതും ഐഐടിയെ പഠനത്തിനു ചുമതലപ്പെടുത്തിയതും. ഐഐടി റിപ്പോർട്ടിലെ കണ്ടെത്തലുകളെക്കുറിച്ച് വിജിലൻസ് പരിശോധിക്കുമെന്ന് മന്ത്രി ആന്റണി രാജു പറഞ്ഞു. ഒരു മന്ത്രിയുടെ കീഴിലെ രണ്ടു വകുപ്പുകളായ കെഎസ്ആർടിസിയും കെടിഡിഎഫ്‌സിയും തമ്മിലുള്ള തർക്കങ്ങളാണു പദ്ധതി ദീർഘിപ്പിച്ചത്.