തിരുവനന്തപുരം: ബസ് സർവീസുകൾ കൊണ്ട് മാത്രം കെഎസ്ആർടിസി രക്ഷപെടില്ലെന്ന നിലപാടുകാരനാണ് കോർപ്പറേഷൻ സിഎംഡി ബിജു പ്രഭാകർ. അതുകൊണ്ട് തന്നെ കോർപ്പറേഷൻ വിപുലീകരണം സംബന്ധിച്ച് അദ്ദേഹം മികച്ച നല്ല കുറേ പദ്ധതികൾ മുന്നിൽ വെച്ചെങ്കിലും രാഷ്ട്രീയ എതിർപ്പുകൾ കാരണം പലതും നടപ്പിലായില്ല. കോർപ്പറേഷനെ നയിക്കുന്ന മന്ത്രിക്കും ഉന്നതർക്കും കമ്മീഷൻ കിട്ടുന്ന പരിപാടികളുമായി മുന്നോട്ടാണ് കോർപ്പറേഷൻ ഇപ്പോഴും. ഇതിന് വേണ്ടി വീണ്ടും ബസുകൾ വാങ്ങാനുള്ള പദ്ധതിയാണ് അണിയറയിൽ തയ്യാറാകുന്നത്. നൂറ് കണക്കിന് ബസുകൾ ആവശ്യത്തിന് സ്‌പെയർ പാർട്‌സുകൾ ഇല്ലാതെ കട്ടപ്പുറത്തു നിൽക്കുമ്പോഴുമാണ് പുതിയ ബസുകൾ വാങ്ങാൻ അധികൃതർ തയ്യാറെടുക്കുന്നത്.

72 പേർക്ക് ഒരേസമയം യാത്ര ചെയ്യാവുന്ന, 2 ബസുകളുടെ വലുപ്പമുള്ള വെസ്റ്റിബ്യൂൾ ബസുകൾ 100 എണ്ണം വാങ്ങാൻ കെഎസ്ആർടിസി തീരുമാനിട്ടുണ്ട്. ദേശീയപാതയിലും എംസി റോഡിലും ദീർഘദൂര യാത്രയ്ക്കായി ഈ ബസുകൾ ഓടിക്കുന്നതിനാണു പദ്ധതി. ഇപ്പോൾ കെഎസ്ആർടിസിയുടെ കൈവശം ഒരു വെസ്റ്റിബ്യൂൾ ബസാണ് ഉള്ളത്. അതു തിരുവനന്തപുരം നഗരത്തിൽ മാത്രം സർവീസ് നടത്തുന്നതാണ്.

കേരളത്തിലെ റോഡുകളുടെ സാഹചര്യം അനുസരിച്ച് ദീർഘദൂര സർവീസിന് എന്തൊക്കെ മാറ്റം വരുത്തണമെന്നു ബസ് കമ്പനികളുമായി ചർച്ച നടന്നു. വെസ്റ്റിബ്യൂൾ ബസുകൾ സിഎൻജി ബസുകളാകണമെന്ന വ്യവസ്ഥയും കെഎസ്ആർടിസി മുന്നോട്ടുവച്ചിട്ടുണ്ട്. എത്ര കോടി രൂപയുടെ കരാറാണ് എന്നത് സംബന്ധിച്ച വിവരങ്ങൾ ഇനിയും പുറത്തു വരേണ്ടതുണ്ട്.

കോർപ്പറേഷൻ ശമ്പളം പോലും കൊടുക്കാൻ പണമില്ലാതെ ബുദ്ധിമുട്ടുമ്പോഴാണ് വീണ്ടും ബസുകൾ വാങ്ങിക്കൂട്ടുന്നത് എന്നതാണ് വിചിത്രമായ കാര്യം. നേരത്തെ തിരുവനന്തപുരം നഗരത്തിൽ അടക്കം സിറ്റി ബസുകൾ ഇറക്കിയെങ്കിലും അതും ലാഭകരമല്ലാത്ത അവസ്ഥയിലാണ്. ശമ്പള കുടിശ്ശിക ഇന്ന് മുതൽ വിതരണം ചെയ്യുമെന്ന് സിഎംഡി ബിജു പ്രഭാകർ അറിയിച്ചിട്ടുണ്ട്. വെള്ളിയാഴ്ച മുതൽ ജീവനക്കാരുടെ ബഹിഷ്‌കരണം കാരണം പ്രതിദിന വരുമാനത്തിൽ ഏകദേശം മൂന്നരക്കോടി രൂപയുടെ കുറവുണ്ടായി.

കോവിഡിനു ശേഷമുള്ള റെക്കോർഡ് വരുമാനമാണു കഴിഞ്ഞ തിങ്കളാഴ്ച കെഎസ്ആർടിസിക്ക് ലഭിച്ചത്. 5.79 കോടി രൂപ. വെള്ളിയാഴ്ചയും അതുപോലെ വരുമാനം ലഭിക്കേണ്ടതായിരുന്നു. എന്നാൽ അത് 4.83 കോടിയായി കുറഞ്ഞു. ഇന്നു ഡ്യൂട്ടി ബഹിഷ്‌കരിച്ചാൽ ഇപ്പോഴത്തെ സാമ്പത്തിക പ്രതിസന്ധി കൂടുതൽ രൂക്ഷമാകും. നിലവിൽ ഡ്യൂട്ടി ബഹിഷ്‌കരിക്കുന്ന സംഘടനകൾ അതിൽ നിന്നു പിന്മാറി സർവീസ് നടത്തണമെന്നും സിഎംഡി അഭ്യർത്ഥിച്ചു.

ശമ്പളം നൽകുന്നതിനായി 60 കോടി രൂപയാണ് കെഎസ്ആർടിസി ധനവകുപ്പിനോട് ആവശ്യപ്പെട്ടത്. ധനവകുപ്പ് 30 കോടി നൽകി. ഈ തുക കെഎസ്ആർടിസി നൽകാനുള്ള വായ്പക്കുടിശിക ഇനത്തിൽ ബാങ്കുകൾ ഈടാക്കി. വരുമാനത്തിൽനിന്നു മിച്ചംപിടിച്ച് ജീവനക്കാരുടെ പിഎഫ്, എൽഐസി, നാഷനൽ പെൻഷൻ സ്‌കീം എന്നിവ അടയ്ക്കുകയായിരുന്നു. ധനവകുപ്പ് നൽകാത്ത സ്ഥിതിക്ക് ജീവനക്കാരുടെ പിഎഫ് അടയ്ക്കുന്നതിനും മറ്റുമായി കരുതിയിരുന്ന തുകയെടുത്താണു ശമ്പളം നൽകുന്നത്.