തിരുവനന്തപുരം: രണ്ടാം പിണറായി സർക്കാർ അധികാരത്തിലെത്തിയതിന് പിന്നിൽ കിറ്റിന്റെ സ്വാധീനം വലുതായിരുന്നു. സർക്കാർ അധികാരത്തിലെത്തിയതിന് പിന്നാലെ കിറ്റ് വിതരണം അവസാനിപ്പിച്ചു. പിന്നാലെ ആദ്യത്തെ സർക്കാറിന്റെ സാമ്പത്തിക ധൂർത്തിന്റെ ഫലങ്ങൾ സർക്കാറിനെ സ്വാധീനിച്ചു തുടങ്ങി. ഇപ്പോൾ സംസ്ഥാനം വലിയ കടക്കെണിയിലൂടെയാണ് കടന്നുപോകുന്നത്. പിടിവിട്ടുള്ള ഈ കടമെടുപ്പ് പ്രതിസന്ധി സൃഷ്ടിക്കുമ്പോൾ സംസ്ഥാനത്തെ സാധാരണക്കാരായവർക്ക് ആശങ്കയ്ക്ക് ഇട നൽകുന്ന മറ്റൊരു വാർത്ത കൂടി പുറത്തുവന്നു. കേരളത്തിൽ സാമൂഹികപെൻഷൻ വിതരണംചെയ്യാൻ മാത്രമായി രൂപീകരിച്ച സ്പെഷ്യൽ പർപസ് വെഹിക്കിളായ കേരള സോഷ്യൽ സെക്യൂരിറ്റി പെൻഷൻ ലിമിറ്റഡ്(കെഎസ്എസ്‌പിഎൽ) സംസ്ഥാനത്തിന് വലിയ ബാധ്യതയാവുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

ന്യൂഇന്ത്യൻ എക്സ്പ്രസ് പത്രമാണ് ഇതുസംബന്ധിച്ച വാർത്ത പുറത്തുവിട്ടത്. കെഎസ്എസ്‌പിഎൽ വലിയ കടക്കെണിയിലേക്ക് പോകുന്നതായാണ് ന്യൂ ഇന്ത്യൻ എക്സ്‌പ്രസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. ജൂൺ 2018ൽ കമ്പനി രൂപീകരിച്ചശേഷം 2022വരെ 32,000 കോടി രൂപയാണ് കടമെടുത്തത്. അതിന്റെ പലിശകൂടി കണക്കാക്കിയാൽ 35,000 കോടിയായി അത് ഉയരും. കെഎസ്എസ്‌പിഎല്ലിന് പണം നൽകുന്ന ബാധ്യതയിൽനിന്ന് സർക്കാർ പിന്മാറിയതോടെയാണ് പ്രതിസന്ധി തുടങ്ങിയത്.

52 ലക്ഷം ഗുണഭോക്താക്കൾക്കായി കൃത്യമായി പെൻഷൻ വിതരണം ചെയ്യുന്ന ഈ സംവിധാനം നിന്നുപോകുമോയെന്ന ആശങ്കയാണ് ഉയർന്നിട്ടുള്ളത്. കെഎസ്എസ്‌പിഎൽ, കിഫ്ബി തുടങ്ങിയ സ്ഥാനപങ്ങളുടെ കടങ്ങൾ സംസ്ഥാനത്തിന്റെ പൊതുകടത്തിന്റെ ഭാഗമായി കൂട്ടണമെന്ന കേന്ദ്ര ധനമന്ത്രാലയത്തിന്റെ നിലപാടാണ് സംസ്ഥാനത്തിന്റെ പ്രതിസന്ധിക്ക് ഇടയാക്കിയിരിക്കുന്നത്. അങ്ങനെ കണക്കുകൂട്ടിയാൽ ഇനിയും പണം കടമെടുക്കാൻ സംസ്ഥാനത്തിന് കഴിഞ്ഞില്ലെന്നുവരും. അത് ഈ പദ്ധതിയുടെ മരണമണിയാകുമെന്ന ആശങ്കയാണ് ശക്തമായിരിക്കുന്നത്.

അതേസമയം ഇത് സാങ്കേതികമായ പ്രശ്നം മാത്രമാണെന്നും സർക്കാർ എസ്എസ്‌പിഎല്ലിനെ അനാഥമാക്കില്ലെന്നുമാണ് സർക്കാർ പക്ഷത്തുള്ളവരുടെ വാദം. കടം 35,000കോടിയുണ്ടെങ്കിലും അപ്പപ്പോൾ നൽകുന്ന ബജറ്റ് വിഹിതത്തിലൂടെ പണം കണ്ടെത്താൻ കഴിയുമെന്നും സർക്കാർ വ്യക്തമാക്കുന്നു. സാമൂഹ്യ സുരക്ഷാപെൻഷനുകൾ വിതരണം ചെയ്യാൻ മാത്രമായി രൂപീകരിച്ച ഈ കമ്പനിയുടെ ഡയറക്ടർമാർ ധനമന്ത്രിയും സർക്കാർ ഉദ്യോഗസ്ഥരുമാണ്. ധനമന്ത്രി ബാലഗോപാലാണ് മേധാവി. ധനമന്ത്രാലയത്തിലെ 400ാം നമ്പർ മുറിയാണ് രജിസ്ട്രേഡ് ഓഫിസ്.

സിഎജി റിപോർട്ടനുസരിച്ച് കെഎസ്എസ്‌പിഎൽ 2019-20ൽ 6,843 കോടി രൂപ കടമെടുത്തു. 2020-21ൽ 8,604ആയി. ഈ വർഷം 6,700 കോടിയായി. ഈ വർഷത്തെ റിപോർട്ട് ഇനിയും വരാനുണ്ട്. ഇതുവരെ കമ്പനി 10,036 കോടി രൂപ വിതരണം ചെയ്തുകഴിഞ്ഞു. ഒരാൾക്ക് പ്രതിമാസം 1600 രൂപ വീതമാണ് നൽകുക. ഇതിനാവശ്യമായ പണത്തിന്റെ 90 ശതമാനവും കടമെടുത്താണ് കണ്ടെത്തുന്നത്. ഈ വർഷം ആദ്യപാദത്തിൽ 2,500 കോടി രൂപ കടമെടുത്തു.

കിഫ്ബിയായിരിക്കും കേരളത്തെ കടക്കെണിയിലാക്കുകയെന്നാണ് എല്ലാവരും കരുതിയിരുന്നത്. എന്നാൽ അതിനേക്കാൾ വലിയ കുരിശായി മാറിയിരിക്കുകയാണ് കെഎസ്എസ്‌പിഎൽ. കെഎസ്എഫ്ഇ, ബെവ്കൊ, മോട്ടർ വർക്കേഴ്സ് വെൽഫെയർ ഫണ്ട് ബോർഡ് തുടങ്ങിയവരാണ് പ്രധാനമായും പണം നൽകുന്നവർ. കൺസോർഷ്യം 50 ശതമാനം പണം നൽകും. ബാക്കി പണം കെഎസ്എഫ്ഇയാണ് നൽകുന്നത്. സർക്കാർ ഉറപ്പ് നൽകിയില്ലെങ്കിൽ ഇപ്പോൾ പണം നൽകുന്ന സ്ഥാപനങ്ങൾക്ക് പണം നൽകാൻ കഴിയാതെ വരും. ചുരുക്കത്തിൽ ആഗ്രഹമുണ്ടെങ്കിലും നടക്കാത്ത അവസ്ഥയിലാണ് കാര്യങ്ങൾ.

അതേസമയം സംസ്ഥാനത്തിന് കൂച്ചവിലങ്ങിടും വിധത്തിലുള്ള കേന്ദ്രസർക്കാറിൽ നിന്നുള്ളതും. കടം വാങ്ങി മുന്നോട്ടു പോകുന്ന കേരള സർക്കാർ കടുത്ത സാമ്പത്തിക പ്രതിസന്ധികളെയാണ് നേരിടുന്നത്. ഉമ്മൻ ചാണ്ടി സർക്കാർ ഇറങ്ങുമ്പോൾ ഉണ്ടായരുന്നതിനേക്കാൾ ഇരട്ടിയായാണ് കടം വർധിച്ചിരിക്കുന്നത്. സംസ്ഥാനത്തിന്റെ കടം മാർച്ച് 31 വരെയുള്ള കണക്കനുസരിച്ച് 3,32,291 കോടി രൂപയാണെന്ന് സർക്കാർ നിയമസഭയിൽ വ്യക്തമാക്കി. അതേസമയം, കടത്തിന്റെ തോത് ഉയരുന്നത് കുറഞ്ഞിട്ടുണ്ടുമാണ് സർക്കാർ വാദിക്കുന്നത്.

കടവും ധനക്കമ്മിയും ഉയരാൻ പലകാരണങ്ങളുണ്ട്. കോവിഡിനെത്തുടർന്ന് ആഭ്യന്തര ഉത്പാദനം കുറഞ്ഞത്, കടമെടുപ്പ് പരിധി ഉയർത്തിയത്, കേന്ദ്രനികുതിവിഹിതം 2.5 ശതമാനത്തിൽനിന്ന് 1.93 ശതമാനമായി കുറച്ചത്, സംസ്ഥാനത്തിന്റെ തനതുവരുമാനത്തിലുള്ള കുറവ്, ആരോഗ്യ-ക്ഷേമ മേഖലയിലെ അധികച്ചെലവ്, ശമ്പള-പെൻഷൻ പരിഷ്‌കരണം തുടങ്ങിയവയെല്ലാം ഇതിനുകാരണമായെന്ന് സർക്കാർ ചൂണ്ടിക്കാട്ടുന്നു.

കടബാധ്യതയെക്കുറിച്ച് സർക്കാരിന് ആശങ്കയില്ല. ആഭ്യന്തര ഉത്പാദനം കൂട്ടാനാണ് സർക്കാർ ശ്രമിച്ചത്. ഇതിനുള്ള ചെലവിൽ കുറവുവരുത്തിയിട്ടില്ല. അതിനാൽ, ഭാവിയിൽ ആഭ്യന്തരവരുമാനം വർധിക്കുമെന്നാണ് സർക്കാറിന്റെ പ്രതീക്ഷയും. അടിസ്ഥാന സൗകര്യ വികസനത്തിന് അടക്കം എടുക്കുന്ന കടം പോലും ശമ്പളവും പെൻഷനും നൽകാൻ ചെലവഴിക്കുന്ന സംസ്ഥാനമാണ് കേരളം. വികസന പദ്ധതികൾക്കായി കിഫ്ബി വഴി വരുത്തിവയ്ക്കുന്നത് കോടികളുടെ ബാധ്യത വേറെയുമുണ്ട്.