കൊല്ലം: തദ്ദേശ തെരഞ്ഞെടുപ്പിൽ കോൺ​ഗ്രസിന് തലവേ​ദനയായി സീറ്റുമോഹികളുടെ നിര. ഒരു സീറ്റ് പോലും കെ എസ് യു പ്രവർത്തകർക്ക് നൽകിയില്ലെന്ന് ആരോപിച്ച് കെ എസ് യു പ്രവർത്തകർ രം​ഗത്തെത്തി. സീറ്റിനായി കൊല്ലം ഡിസിസിയിൽ കെഎസ് യുവിന്റെ കുത്തിയിരിപ്പ് സമരവും അരങ്ങേറി. ജില്ലാ പ്രസിഡന്റ് വിഷ്ണു വിജയന്റെ നേതൃത്വത്തിലാണ് ഡിസിസി പ്രസിഡന്റിന്റെ ഓഫീസിന് മുന്നിൽ കുത്തിയിരുപ്പ് സമരം ആരംഭിച്ചത്. സ്ഥാനാർത്ഥി നിർണയത്തിൽ കെഎസ് യുവിനെ പാടെ അവഗണിച്ചെന്നാണ് ഇവർ ആരോപിക്കുന്നത്.

ജില്ലാ പഞ്ചായത്തിലും കോർപ്പറേഷനിലുമടക്കം നാല് സീറ്റുകളാണ് കെഎസ് യു ആവശ്യപ്പെട്ടത്. എന്നാൽ ഒരു സീറ്റ് പോലും നൽകിയില്ലെന്ന് നേതാക്കൾ പറയുന്നു. കെഎസ് യു ഇടഞ്ഞ് നിൽക്കുന്ന സാഹചര്യത്തിൽ സീറ്റ് പ്രഖ്യാപനവും വൈകുകയാണ്. രാവിലെയോടെയാണ് നേതാക്കൾ പ്രതിഷേധ സമരം ആരംഭിച്ചത്. പിന്നീട് ഡിസിസി പ്രസിഡന്റ് നേതാക്കളുമായി ചർച്ച നടത്തിയെങ്കിലും നാല് സീറ്റ് എന്ന ആവശ്യത്തിൽ നിന്ന് കെഎസ് യു പിന്നോട്ട് പോയിട്ടില്ല. കെഎസ് യു നേതാക്കൾ പ്രതിഷേധവുമായി ഡിസിസിയിൽ തുടരുകയാണ്.

തദ്ദേശ തെരഞ്ഞെടുപ്പിന് ഇനി ആഴ്‌ച്ചകൾ മാത്രം ബാക്കി നിൽക്കെ കൊല്ലത്തെ സീറ്റ് നിർണയം എങ്ങുമെത്തിയിട്ടില്ല. അതിനിടയിലാണ് വിദ്യാർത്ഥി നേതാക്കളുടെ പ്രതിഷേധം.