തിരുവനന്തപുരം: കേരള സർവ്വകലാശാലയിലെ മലയാള മഹാനിഘണ്ടു മേധാവി
നിയമന വിവാദവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഉന്നതവിദ്യാഭ്യാസ വകുപ്പ് മന്ത്രി ആർ ബിന്ദുവിന്റെ ഓഫീസിലേക്ക് കെഎസ്‌യു പ്രതിഷേധം. മന്ത്രിയുടെ ഓഫീസിലേക്ക് തള്ളിക്കയറാൻ ശ്രമിച്ച പ്രവർത്തകരെ പൊലീസ് തടഞ്ഞു. പൊലീസും പ്രവർത്തകരും തമ്മിൽ ഉന്തും തള്ളും ഉണ്ടായി. പ്രതിഷേധിച്ച പ്രവർത്തകരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.

യോഗ്യതാമാനദണ്ഡങ്ങൾ തിരുത്തി മലയാള മഹാനിഘണ്ടു മേധാവി സ്ഥാനത്ത് പൂർണിമാ മോഹനെ നിയമിച്ച വിവാദത്തിലാണ് കെഎസ്‌യു പ്രതിഷേധം. മഹാ നിഘണ്ടു പദ്ധതിയുടെ തലപ്പത്തിരിക്കാൻ ഡോ.പൂർണ്ണിമക്ക് അർഹതയില്ലെന്ന് കാണിച്ച് സേവ് യൂണിവേഴ്സിറ്റിയും ആർ ബിന്ദുവിന് പരാതി നൽകിയിരുന്നു.

വിഷയത്തിൽ നേരത്തെ ഗവർണർ വൈസ് ചാൻസലറിൽ നിന്നും റിപ്പോർട്ട് തേടിയിരുന്നു. നിയമനത്തിൽ തെറ്റില്ലെന്നായിരുന്നു മന്ത്രിയുടെ നിലപാട്. സിൻഡിക്കേറ്റിനെ തെറ്റിദ്ധരിപ്പിച്ചാണ് പൂർണിമയുടെ നിയമനം നടത്തിയതെന്നാണ് വിമർശനം. കഴിഞ്ഞ ഡിസംബർ 29ന് ചേർന്ന സിൻഡിക്കേറ്റ് യോഗം വിസിയുടെ നിർദ്ദേശനുസരണം അഡിഷണൽ അജണ്ടയായി മലയാളം നിഘണ്ടു വിഭാഗം മേധാവിയെ ഡെപ്യൂട്ടേഷൻ വ്യവസ്ഥയിൽ നിയമിക്കുവാൻ തീരുമാനിച്ചിരുന്നു.

എന്നാൽ യോഗ്യതകളിൽ ഭേദഗതി വരുത്തി സംസ്‌കൃത പ്രൊഫസർമാരിൽ നിന്ന് കൂടി അപേക്ഷ ക്ഷണിക്കുവാനുള്ള വിജ്ഞാപനം പിന്നീട് പുറപ്പെടുവിച്ചു. വിജ്ഞാപനം യൂണിവേഴ്സിറ്റി പഠന വകുപ്പുകളിലോ മാധ്യമങ്ങളിലോ പ്രസിദ്ധീകരിച്ചില്ല. അതിനാൽ അപേക്ഷ സമർപ്പിച്ച പൂർണിമ മോഹനെ മാത്രം ഇന്റർവ്യൂവിന് ക്ഷണിച്ച വിദഗ്ധ സമിതി, യോഗ്യയാണെന്ന് ശുപാർശ ചെയ്തു.മെയ് 7 ന് ചേർന്ന സിൻഡിക്കേറ്റ് യോഗത്തിൽ, പൂർണിമയുടെ പേര് മാത്രമാണ് പരാമർശിച്ചിരുന്നത്.