കൊച്ചി: മന്ത്രി കെടി ജലീലിനെ എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് വീണ്ടും ചോദ്യം ചെയ്യും. ഇന്നലെ രാവിലെ 9.30 മുതൽ കൊച്ചി ഓഫിസിൽ മന്ത്രി ജലീലിനെ ചോദ്യം ചെയ്‌തെന്നും സ്വർണക്കടത്തു കേസിൽ മറ്റു വിഷയങ്ങളും ഉൾപ്പെടുമെന്നും ഇഡി ഉന്നതർ അറിയിച്ചിരുന്നു. പല ചോദ്യങ്ങളിലും കൃത്യമായ ഉത്തരം നൽകാതെ ജലീൽ ഒഴിഞ്ഞുമാറി. ചോദ്യം ചെയ്യൽ തൃപ്തികരമായിരുന്നില്ല; ഇന്നലെ നൽകിയ മൊഴി പരിശോധിച്ച ശേഷം വീണ്ടും ചോദ്യം ചെയ്യാനാണ് തീരുമാനം. ജലീലിന്റെ മൊഴി ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലും സസൂക്ഷ്മം പരിശോധിക്കും. അതിന് ശേഷം മന്ത്രിയെ കേസിൽ പ്രതിയാക്കണോ എന്നും തീരുമാനിക്കും.

2020 മാർച്ച് 4നു തിരുവനന്തപുരം യുഎഇ കോൺസൽ ജനറലിന്റെ പേരിലെത്തിയ നയതന്ത്ര പാഴ്‌സലുകളെക്കുറിച്ചായിരുന്നു പ്രധാന ചോദ്യങ്ങൾ. മതഗ്രന്ഥങ്ങളെന്നാണ് മന്ത്രി നൽകിയിരുന്ന വിശദീകരണം. കള്ളക്കടത്തു സംഘം ഈ നയതന്ത്ര പാഴ്‌സലുകളിൽ സ്വർണമോ പണമോ കടത്തിയോ എന്ന് അന്വേഷണ സംഘം പരിശോധിക്കുകയാണ്. കള്ളപ്പണം കറൻസി നോട്ടുകളായി കടത്തിയോ എന്നും അന്വേഷിക്കുന്നു. സ്വർണക്കടത്തു പ്രതികൾ യുഎഇ കോൺസുലേറ്റ് വഴി ജലീലുമായി അടുത്ത ബന്ധമുണ്ടാക്കിയെന്നും അതിന്റെ മറവിൽ കുറ്റകൃത്യം നടത്തിയെന്നുമുള്ള നിഗമനത്തിലാണ് എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ്.

സ്വർണക്കടത്തു കേസിൽ ഒന്നും ഒളിക്കാനില്ലെന്നു പലവട്ടം ആവർത്തിച്ച മന്ത്രി കെ.ടി. ജലീൽ, ഇഡി ചോദ്യം ചെയ്തതു രഹസ്യമാക്കി വയ്ക്കാൻ പാടുപെട്ടു. ഇഡി സമൻസ് അയച്ച വിവരം ഇന്നലെ നിഷേധിച്ച മന്ത്രി, ഇത് പത്രത്തിൽ വായിച്ച അറിവേയുള്ളൂ എന്നാണു പ്രതികരിച്ചത്. ചോദ്യം ചെയ്യലിനു ഹാജരാകാൻ ഇന്നലെ അതിരാവിലെ തിരുവനന്തപുരത്തു നിന്നു കൊച്ചിയിലേക്കു തിരിച്ച മന്ത്രി, നാട്ടിലേക്കു പോകുന്നുവെന്നാണ് ഓഫിസിലും മറ്റും അറിയിച്ചത്. ഉച്ചയ്ക്ക് ഒരു മണിയോടെ ഫോണിൽ ബന്ധപ്പെട്ടപ്പോഴും നാട്ടിലേക്കുള്ള യാത്രയിലാണെന്നും ഒന്നും ഒളിച്ചു വയ്ക്കാനില്ലെന്നുമായിരുന്നു പ്രതികരണം. സ്റ്റേറ്റ് കാർ സുഹൃത്തിന്റെ വീട്ടിൽ നിർത്തിയിട്ട് സ്വകാര്യവാഹനത്തിൽ ചോദ്യം ചെയ്യലിനെത്തിയതും വിവാദമായി.

ചട്ടങ്ങൾ ലംഘിച്ച് യുഎഇ കോൺസുലേറ്റുമായി ഇടപാടുകൾ നടത്തിയ സംഭവത്തിലാണ് ഉന്നത വിദ്യാഭ്യാസ മന്ത്രി ജലീലിനെ ചോദ്യം ചെയ്തത്. കേന്ദ്ര സർക്കാർ അനുമതി ഇല്ലാതെ യുഎഇ കോൺസുലേറ്റിൽ നിന്നും റംസാൻ കിറ്റും ഖുറാനും കൈപ്പറ്റി വിതരണം ചെയ്തത് ഗുരുതര പ്രോട്ടോകോൾ ലംഘനമാണെന്ന് നേരത്തെ തെളിഞ്ഞിരുന്നു. യുഎഇ കോൺസുലേറ്റിലേക്ക് ഖുറാന്റെ മറവിൽ എത്തിയ 250 പാക്കറ്റുകളിൽ ചിലത് സി-ആപ്ടിലെ വാഹനം ഉപയോഗിച്ച് മലപ്പുറത്തും തുടർന്ന് കർണാടകത്തിലെ ഭട്കലിലേക്കും അയച്ചിരുന്നു. ഈ പാക്കറ്റുകൾ അടക്കം കഴിഞ്ഞ രണ്ട് വർഷമായി നയതന്ത്ര ചാനൽ വഴി പാക്കേജുകൾ വന്നിട്ടില്ലെന്നാണ് സംസ്ഥാന പ്രോട്ടോകോൾ വിഭാഗം എൻഐഎ, എൻഫോഴ്‌സ്‌മെന്റ്, കസ്റ്റംസ് എന്നിവരെ അറിയിച്ചത്. ഖുറാന്റെ മറവിൽ എത്തിയ 250 പാക്കറ്റുകളിൽ 20 കിലോ സ്വർണം ഉണ്ടായിരുന്നതായി അന്വേഷണ ഏജൻസികൾക്ക് സംശയമുണ്ട്.

യാതൊരുവിധ അനുമതിയുമില്ലാതെ വിദേശ സഹായം സ്വീകരിച്ച സംഭവത്തിൽ മന്ത്രി കെടി ജലീലിനെതിരെ കേന്ദ്ര സർക്കാർ അന്വേഷണം നടത്തിയിരുന്നു. വിദേശ നാണ്യ വിനിമയ ചട്ടം ലംഘിച്ചെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയിരിക്കുന്നത്. മന്ത്രാലയത്തിന് ലഭിച്ച പരാതിയുടെ അടിസ്ഥാനത്തിലാണ് നടപടി. കെടി ജലീൽ നടത്തിയ അനധികൃത ഇടപാടുകളെക്കുറിച്ച് ആഭ്യന്തര മന്ത്രാലയം വിവരശേഖരണം ആരംഭിച്ചിരുന്നു. ജലീലിനെതിരെ വിവിധ കോടതികളിൽ നൽകിയ സ്വകാര്യ അന്യായങ്ങളുടെ തുടർനടപടികൾക്കായി പത്തിലധികം പേർ ആഭ്യന്തര മന്ത്രാലയത്തിന് അപേക്ഷ നൽകിയിരുന്നു. ഇതിന്റെ ഭാഗമായിട്ടാണ് വിവര ശേഖരണം തുടങ്ങിയത്. ഇതിന്റെ തുടർച്ചയാണ് ചോദ്യം ചെയ്യൽ.

യുഎഇ കോൺസുലേറ്റുമായി ബന്ധപ്പെട്ട് ജലീൽ നടത്തുന്ന മറ്റിടപാടുകൾ സംബന്ധിച്ച് കൂടുതൽ തെളിവുകൾ ഇഡിയും കസ്റ്റംസും എൻഐഎയും ശേഖരിച്ചിരുന്നു, റംസാൻ കിറ്റിനൊപ്പം മലപ്പുറം ജില്ലയിൽ വിതരണം ചെയ്യാൻ യുഎഇ കോൺസുലേറ്റ് നൽകിയ ഖുർ ആൻ ആണ് തന്റെ കീഴിലുള്ള സർക്കാർ സ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ കയറ്റി അയച്ചതെന്നാണ് ജലീൽ സ്വയം വെളിപ്പെടുത്തിയത്. ഖുറാൻ പോലെയുള്ള മതഗ്രന്ഥങ്ങൾ ഒന്നും പാഴ്‌സൽ ആയി വന്നിട്ടില്ലെന്നാണു കണ്ടെത്തിയിരിക്കുന്നത്. ഇതേത്തുടർന്ന് കോൺസുലേറ്റുമായുള്ള ചില അവിഹിത ബന്ധങ്ങൾ മന്ത്രിക്ക് ഉണ്ടെന്ന് കാട്ടി കസ്റ്റംസ് കേന്ദ്രസർക്കാരിന് റിപ്പോർട്ട് നൽകി. ഇതാണ് ചോദ്യം ചെയ്യലിലേക്ക് കാര്യങ്ങൾ എത്തിയത്.

കസ്റ്റംസ് നൽകിയ റിപ്പോർട്ടിൽ പറയുന്നത് ഇങ്ങനെ- തിരുവനന്തപുരത്തുനിന്ന് സർക്കാർസ്ഥാപനമായ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറത്തേക്കു കൊണ്ടുപോയത് ഖുർ ആൻ ആണെന്നാണ് മന്ത്രി ജലീൽ പറയുന്നത്. എന്നാൽ,മഎന്തായാലും അത്രയധികം പുസ്തകങ്ങൾ ഒന്നിച്ച് എത്തിച്ചുവെങ്കിൽ, രേഖപ്പെടുത്തിയതിനെക്കാൾ കൂടുതൽ ഭാരം കാണും. ഇതുവരെ ഒരു മാർഗത്തിൽക്കൂടിയും അത്രയും ഭാരമുള്ള ഒരു ഇറക്കുമതി കാണുന്നില്ലെന്നായിരുന്നു. ഈ റിപ്പോർട്ട് ധനവകുപ്പ് പരിശോധിച്ചു. അതിന് ശേഷമാണ് ഇഡിയോട് പരിശോധിക്കാൻ ആവശ്യപ്പെട്ടത്. മന്ത്രി നൽകിയ മൊഴി എൻഐഎയും കസ്റ്റംസും പരിശോധിക്കും.

നേരത്തെ, സ്വർണക്കടത്ത് കേസുമായി ബന്ധപ്പെട്ട് മന്ത്രി കെ.ടി. ജലീലിന്റെ കീഴിലുള്ള സ്ഥാപനമായ വട്ടിയൂർക്കാവിലെ കേരള സ്റ്റേറ്റ് സെന്റർ ഫോർ അഡ്വാൻസ്ഡ് പ്രിന്റിങ് ആൻഡ് ട്രെയ്നിങി(സി-ആപ്റ്റ്)ൽ കസ്റ്റംസ് പരിശോധന നടത്തിയിരുന്നു. സി- ആപ്റ്റിലെത്തിയ അന്വേഷണ സംഘം സി.സി.ടി. വി ദൃശ്യങ്ങളും സുപ്രധാനമായ ചില രേഖകളും ശേഖരിച്ചു. ഇതിൽ നിന്നാണ് മതഗ്രന്ധങ്ങളൊന്നും ഇവിടേക്ക് എത്തിച്ചതായുള്ള തെളിവുകൾ ഒന്നും ലഭിച്ചില്ല. എന്നാൽ, രേഖകളിൽ ഉൾപ്പെടാത്ത ചില പാഴ്‌സലുകൾ സി-ആപ്റ്റിന്റെ വാഹനത്തിൽ മലപ്പുറം ജില്ലയിലേക്ക് കൊണ്ടു പോയിട്ടുണ്ട്. അതേസമയം, ഈ വാഹനം മൂവാറ്റുപുഴയിൽ ചില പാഴ്‌സലുകൾ ഇറക്കിയതായുള്ള സൂചനയും അന്വേഷണസംഘത്തിന് ലഭിച്ചിട്ടുണ്ട്. ഇതൊന്നും അറിയില്ലെന്നാണ് മന്ത്രി നൽകുന്ന മൊഴി.

യുഎഇ കോൺസുലേറ്റിൽ നിന്ന് കേന്ദ്ര സർക്കാറിന്റെ അനുമതി ഇല്ലാതെ പണം വാങ്ങിയത് അഞ്ചു വർഷം വരെ തടവും പിഴയും കിട്ടുന്ന കുറ്റമാണ്. ഖുറാൻ കടത്തിയത് നിയമവിരുദ്ധവുമാണ്. ഖുറാന്റെ മറവിൽ സ്വർണ്ണവും രാജ്യവിരുദ്ധ ലഘുലേഘകളും കടത്തിയിട്ടുണ്ടോ എന്നത് എൻഐഎ അന്വേഷിക്കുന്നുണ്ട്. അവിശ്വാസ പ്രമേയ ചർച്ചയക്ക് മറുപടിയായി മുഖ്യമന്ത്രി നിയമസഭയിൽ പറഞ്ഞ വിശദീകരണവും ഫലത്തിൽ ജലീലിന് വിനയായി.മന്ത്രി അറ്റാഷെയുമായി സംസാരിച്ചതും ഖുറാൻ കൊണ്ടുവന്നതും ഒക്കെ നടന്നു വെന്നത് സഭാ രേഖയിലായി. അതുകൊണ്ട് തന്നെ ഇനി നിഷേധിക്കാനും കഴിയില്ല.