കൊച്ചി: സ്വർണ്ണ കടത്തു കേസിൽ മന്ത്രി കെടി ജലീൽ രക്ഷപ്പെട്ടു. ഇനി അറിയേണ്ടത് ഡോളർ കടത്തിലെ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ ഭാവി. ജലീൽ പറഞ്ഞതു പോലെ തന്നെ സംഭവിച്ചു. മന്ത്രിയുടെ മൊഴി സത്യമാണെന്ന് തിരിച്ചറിഞ്ഞ് യുഎപിഎ (നിയമവിരുദ്ധപ്രവർത്തന നിരോധന നിയമം) ചുമത്തപ്പെട്ട നയതന്ത്ര പാഴ്‌സൽ സ്വർണക്കടത്തു കേസിൽ മന്ത്രി കെ.ടി. ജലീലിനെ ദേശീയ അന്വേഷണ ഏജൻസി (എൻഐഎ) 114ാം സാക്ഷിയാക്കി. എൻഐഎ 3 ദിവസങ്ങളിലായി 25 മണിക്കൂർ ചോദ്യം ചെയ്ത മുഖ്യമന്ത്രിയുടെ മുൻ പ്രിൻസിപ്പൽ സെക്രട്ടറി എം.ശിവശങ്കർ സാക്ഷിപ്പട്ടികയിലും ഉൾപ്പെട്ടിട്ടില്ല. കേന്ദ്ര ഏജൻസികളുടെ അന്വേഷണത്തിലെ ഏകോപനമില്ലായ്മയാണ് ഇത് ചൂണ്ടിക്കാട്ടുന്നത്.

കസ്റ്റംസും എൻഫോഴ്‌സ്‌മെന്റും കുറ്റക്കാരനെന്ന് പറയുന്ന ശിവശങ്കർ എന്തുകൊണ്ട് എൻഐഎ കേസിൽ പ്രതിയോ സാക്ഷിയോ പോലുമാകുന്നില്ലെന്ന ചോദ്യം വിവാദങ്ങൾക്ക് കാരണമാകും. ലൈഫ് മിഷൻ കേസിൽ സിബിഐയും ഡോളർ കടത്തു കേസിൽ കസ്റ്റംസും പ്രതി ചേർത്ത യൂണിടാക് കമ്പനി ഉടമ സന്തോഷ് ഈപ്പൻ യുഎപിഎ കേസിൽ 41-ാം സാക്ഷിയാണ്. ജലീലിന്റേയും സന്തോഷ് ഇപ്പന്റേയും മൊഴികൾ കേസിന് ബലം നൽകുമെന്നാണ് വിലയിരുത്തൽ. ഡോളർ കടത്തിൽ ഈപ്പനെ മാപ്പുസാക്ഷിയാക്കാനും നീക്കമുണ്ട്. ഇതോടെ സന്തോഷ് ഈപ്പനും കേസുകളിൽ നിന്ന് രക്ഷപ്പെടുകയാണ്. ശിവശങ്കറാണ് നയതന്ത്ര കടത്തിലെ പ്രധാനിയെന്ന് കസ്റ്റംസ് വിശദീകരിച്ചിരുന്നു. ആ നിലപാടിൽ എൻഐഎ എത്തിയിട്ടില്ലെന്നതാണ് വിചത്രമായ കാര്യം.

കേസന്വേഷിക്കുന്ന 4 കേന്ദ്ര ഏജൻസികളിൽ ശിവശങ്കറെ വിശദമായി ആദ്യം ചോദ്യം ചെയ്തത് എൻഐഎയാണ്. കേസിലെ ആദ്യകുറ്റപത്രം സമർപ്പിക്കും മുൻപ് എൻഐഎ കേസിലും ശിവശങ്കർ പ്രതിയാകുമെന്ന ആശങ്ക ഭരണകേന്ദ്രങ്ങളിലുണ്ടായിരുന്നു. സ്വർണക്കടത്ത്, കള്ളപ്പണം വെളുപ്പിക്കൽ, ഡോളർ കടത്ത് കേസുകളിൽ ശിവശങ്കറെ കസ്റ്റംസും എൻഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റും (ഇഡി) പ്രതി ചേർത്തിട്ടുണ്ട്. എന്നാൽ എൻഐഎയ്ക്ക് ഇനിയും ശിവശങ്കറിന്റെ ഭീകര ബന്ധം കണ്ടെത്താനായിട്ടില്ല. ഈ സാഹചര്യത്തിലാണ് പ്രതിപട്ടികയിൽ നിന്ന് മാറ്റി നിർത്തുന്നത്. മൊഴിയും വിശ്വാസ യോഗ്യമല്ലെന്നാണ് ഈ ഘട്ടത്തിലെ വിലയിരുത്തൽ.

ശിവശങ്കറെ എൻഐഎ ഇപ്പോൾ സാക്ഷിയാക്കാതിരിക്കാനുള്ള 3 സാധ്യതകളാണു നിയമവിദഗ്ദ്ധർ ചൂണ്ടിക്കാട്ടുന്നത്. പ്രതികളുടെ നീക്കങ്ങൾ ഒന്നും ശിവശങ്കറിന് അറിയില്ലായിരുന്നു. സാക്ഷിയാക്കാനുള്ള വിവരങ്ങൾ പോലും ശിവശങ്കറിന്റെ മൊഴികളിലില്ല. അതിനിടെ അനുബന്ധ കുറ്റപത്രത്തിൽ പ്രതിയാക്കപ്പെടാൻ സാധ്യതയുള്ള തെളിവുകൾ ശിവശങ്കറിനെതിരെ ലഭിച്ചിട്ടുണ്ടാകാമെന്ന വിലയിരുത്തലുമുണ്ട് അന്വേഷണം പൂർത്തിയാക്കിയ ശേഷം മാത്രമേ അന്തിമ തീരുമാനം ഉണ്ടാകൂ. അനുബന്ധ കുറ്റപത്രത്തിനൊപ്പം സാക്ഷി പട്ടികയിൽ ഉൾപ്പെടുത്താനും സാധ്യതയുണ്ട്. ശിവശങ്കർ പ്രതിയാകുമോ സാക്ഷിയാകുമോ എന്നത് ഏറെ നിർണ്ണായകവുമാണ്.

എൻഐഎ കേസിൽ പ്രതിയായില്ലെങ്കിൽ ബാക്കി കേസുകളിൽ നിന്നെല്ലാം ശിവശങ്കറിന് പുഷ്പം പോലെ ഊരിപ്പോകാനും കഴിയും. നയതന്ത്ര കടത്തിന്റെ തുടർച്ചയാണ് മറ്റ് കേസുകൾ എല്ലാം എന്നതാണ് ഇതിന് കാരണം. ശിവശങ്കറിന് ജാമ്യം കിട്ടയതു പോലും വിവാദത്തിലാണ്. അതിനിടെയാണ് എൻഐഎയുടെ സാക്ഷിപ്പട്ടികയിൽ പോലും ശിവശങ്കർ ഇല്ലെന്ന വാദം വാർത്തകളിൽ നിറയുന്നത്. അതായത് ഒന്നും അറിയില്ലെന്ന് എൻഐഎ പറയുന്ന ശിവശങ്കർ എങ്ങനെ മറ്റ് ഏജൻസികൾക്ക് വില്ലനായി മാറുന്നുവെന്ന ചോദ്യമാണ് ചർച്ചകളിൽ നിറയുന്നത്. ഇതിനൊപ്പം ഡോളർ കടത്തിൽ സ്പീക്കർ ശ്രീരാമകൃഷ്ണന്റെ മൊഴി കേന്ദ്ര ഏജൻസികൾ രേഖപ്പെടുത്തുമോ എന്നതും നിർണ്ണായകമാകും.

നയതന്ത്ര പാഴ്‌സൽ കേസിൽ തിരുവനന്തപുരത്തെ യുഎഇ കോൺസുൽ ജനറലായിരുന്ന ജമാൽ ഹുസൈൻ അൽസാബിയുടെ ഗൺമാനായിരുന്ന കേരള പൊലീസിന്റെ സിവിൽ പൊലീസ് ഓഫിസർ ജയഘോഷ് യുഎപിഎ കേസിൽ 139ാം സാക്ഷിയാണ്. കേസിലെ മുഖ്യപ്രതികളായ പി.എസ്. സരിത്, സ്വപ്ന സുരേഷ്, സന്ദീപ് നായർ എന്നിവർ അറസ്റ്റിലായതിനു പിന്നാലെ ജയഘോഷ് നടത്തിയ ആത്മഹത്യാശ്രമം വാർത്തയായിരുന്നു. കേസിൽ ഇതുവരെ 231 സാക്ഷികളുടെ മൊഴികളാണ് എൻഐഎ രേഖപ്പെടുത്തിയത്.