കോഴിക്കോട്: സമസ്തയുടെ മാസികയിൽ പി കെ കുഞ്ഞാലിക്കുട്ടിയെ പരിഹസിച്ച് മന്ത്രി കെടി ജലീൽ. സമസ്ത പ്രസിദ്ധീകരണമായ സത്യധാര മാസികക്ക് നൽകിയ അഭിമുഖത്തിലാണ് മുസ്ലിം ലീ​ഗിനെയും കുഞ്ഞാലിക്കുട്ടിയേയും ജലീൽ രൂക്ഷമായി വിമർശിക്കുന്നത്. പ്രധാനമന്ത്രി ഇ.ഡിയെ ഉപയോഗിച്ച് നേതാക്കളെയെല്ലാം വേട്ടയാടുന്നതുകൊണ്ട് പേടിച്ചാണോ പി.കെ കുഞ്ഞാലിക്കുട്ടി എംപി സ്ഥാനം രാജിവെച്ച് കേരളത്തിലേക്ക് വരുന്നതെന്നായിരുന്നു മന്ത്രി കെ.ടി ജലീലിന്റെ പരിഹാസം.

മുസ്ലിം ലീഗ് വെൽഫെയർ പാർട്ടിയുമായി രഹസ്യ വേഴ്ച തുടരുമെന്നും ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടപ്പെട്ടുവെന്നും അഭിമുഖത്തിൽ ചൂണ്ടിക്കാട്ടുന്നുണ്ട്. ജമാഅത്തെ ഇസ്ലാമിയുടെ വെൽഫെയർ പാർട്ടി ഇസ്ലാമിക രാഷ്ട്രത്തിനുള്ള ആദ്യ ചുവടുവെപ്പാണ്. ആ രൂപത്തിൽ തന്നെകണ്ട് അവരെ എതിർക്കേണ്ടതുണ്ട്. എന്നാൽ ഇതിന് ശ്രമിക്കാതെ ലീഗ് അവരുമായി സഖ്യംചേർന്നു. നിയമസഭാ തിരഞ്ഞെടുപ്പിലും മുസ്ലിം ലീഗ് വെൽഫെയർ പാർട്ടിയുമായി രഹസ്യ വേഴ്ച തുടരും. ലീഗിന് രാഷ്ട്രീയ ഇച്ചാശക്തി നഷ്ടമായെന്നും ജലീൽ പറഞ്ഞു. 

ഏറെക്കാലത്തിന് ശേഷമാണ് സമസ്തയുടെ മാസികയായ സത്യധാരയിൽ ഇത്തരത്തിലുള്ള അഭിമുഖം വരുന്നത്. അതുകൊണ്ടു തന്നെ ഇത് വലിയ രാഷ്ട്രീയ ചർച്ചയ്ക്കും വഴി വെച്ചിട്ടുമുണ്ട്. ലീഗ് സമസ്തയെ സമ്മർദ്ധത്തിലാക്കുന്നുവെന്ന ചർച്ച സജീവമാകുന്നതിനിടെയാണ് സമസ്തയുടെ മുഖപത്രത്തിൽ തന്നെ ലീഗിനെതിരേ ജലീലിന്റെ ലേഖനമെത്തുന്നത്. ലീഗ് സിപിഎമ്മിനെതിരെ ഉയർത്തുന്ന ഓരോ ചോദ്യങ്ങൾക്കും എണ്ണിയെണ്ണി മറുപടിയും ജലീൽ അഭിമുഖത്തിലൂടെ വ്യക്തമാക്കുന്നുണ്ട്.