കാസർകോട് : കുമ്പളയിൽ യുവാവിന്റെ കൊലപാതകത്തിന് കാരണമായത് പെൺ സുഹൃത്തിനെ ചൊല്ലിയുള്ള തർക്കമെന്ന് നിഗമനം. വനിതാ സുഹൃത്തുമായുള്ള ബന്ധത്തെച്ചൊല്ലി ഇതിന് മുൻപും ഇരുവരും വാക്കുതർക്കത്തിൽ ഏർപ്പെട്ടതായുള്ള സൂചന പൊലീസിന് ലഭിച്ചു. അങ്ങനെ നാളുകളായുള്ള വൈരാഗ്യം കൊലയിലേക്ക് എത്തി. കേസിൽ മുഖ്യപ്രതി ശ്രീകുമാർ അറസ്റ്റിലായി. ചൊവ്വാഴ്ച തൂങ്ങി മരിച്ച രണ്ട് യുവാക്കൾക്കും കൃത്യത്തിൽ പങ്കെന്ന് പൊലീസ് പറഞ്ഞു. സംഘത്തിൽ ഉൾപ്പെട്ട നാലാമനായി തിരച്ചിൽ ഊർജിതമാക്കിയിട്ടുണ്ട്. ശ്രീകുമാർ കുറ്റസമ്മതം നടത്തിയിട്ടുണ്ട്.

തിങ്കളാഴ്ച രാത്രി ഒൻപതരയ്ക്കും പത്തരയ്ക്കും ഇടയിലാണ് ഈ അരുംകൊല. കൊലയ്ക്കുശേഷം തെളിവ് നശിപ്പിക്കുന്നതിന്റെ ഭാഗമായി പ്രതി ശ്രീകുമാർ വസ്ത്രങ്ങൾ സമീപത്തെ പുഴയിൽ ഉപേക്ഷിച്ചു. പത്ത് വർഷത്തിലേറെയായി സ്വകാര്യ ഓയിൽ മില്ലിലെ ജീവനക്കാരനാണ് മരിച്ച ഹരീഷ്. ഇവിടെ ഡ്രൈവറാണ് ശ്രീകുമാർ. ജോലിസ്ഥലത്തെ തർക്കമാണ് കൊലയിലേക്ക് കാര്യങ്ങൾ എത്തിച്ചത്.നാലാമൻ കൂടി പിടിയിലാകുന്നതോടെ കൃത്യം സംബന്ധിച്ച് കൂടുതൽ വ്യക്തത കൈവരും. കുമ്പള സിഐ. പി.പ്രമോദിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.

ജോലീ കഴിഞ്ഞ് ഹരീഷ് വീട്ടിൽ എത്തേണ്ട സമയം കഴിഞ്ഞിട്ടും കാണാത്തതിനെ തുടർന്ന് വീട്ടുകാർ മൊബൈൽ ഫോണിൽ ബന്ധപ്പെട്ടെങ്കിലും കിട്ടിയില്ല. അതിനിടെ വഴിയാത്രക്കാരാണ് മീറ്ററുകൾ മാത്രം അകലെ രക്തത്തിൽ കുളിച്ച നിലയിൽ ഹരീഷിനെ കണ്ടെത്തുന്നത്. പൊലീസ് സംഘമെത്തി കാസർകോട്ടെ സ്വകാര്യ ആശുപത്രിയിൽ എത്തിച്ചപ്പോഴേക്കും മരണം സംഭവിച്ചു. കൊലപാതകമാണെന്ന് തിരിച്ചറിഞ്ഞ പൊലീസ് പ്രതിക്കായി അന്വേഷണം ഊർജിതമാക്കി. ഏറെ വൈകാതെ തന്നെ പൊലീസ് ശ്രീകുമാർ എന്ന വ്യക്തിയിലേക്ക് എത്തി. സ്ഥാപനത്തിലെ ജീവനക്കാരിൽനിന്ന് ലഭിച്ച മൊഴികൾ അന്വേഷണസംഘത്തിന് സഹായകകരമായി.

ഒറ്റയ്ക്കല്ല കൃത്യമെന്ന് മനസ്സിലായതോടെ സുഹൃത്തുക്കൾക്കായി അന്വേഷണസംഘം വലവിരിച്ചു. ഇത് മനസ്സിലാക്കിയ 19 കാരൻ മണിയും 21 കാരൻ റോഷനും വീടിന് സമീപത്തെ റബർ തോട്ടത്തിനുള്ളിൽ തൂങ്ങിമരിച്ചു. സുഹൃത്തുക്കൾക്കൊപ്പം അയൽവാസികളുമാണ് ഇരുവരും. പിടിയിലായ മുഖ്യപ്രതി യുടെ സഹായികളാണ് തൂങ്ങി മരിച്ചവരെന്ന് പൊലീസ് പറഞ്ഞു. ചൊവ്വാഴ്ച രാത്രിയാണ് കുമ്പള ഇൻസ്‌പെക്ടർ പി പ്രമോദും സംഘവും മുഖ്യ പ്രതിയെ കസ്റ്റഡിയിലെടുത്തത്. ഇയാളെ പൊലീസ് ചോദ്യം ചെയ്തുവരികയാണ്. സഹായികളായ കുമ്പള കുണ്ടങ്കാരടുക്ക കോളനി സ്വദേശികളായ മോഹനന്റെ മകൻ മനു എന്ന മണികണ്ഠൻ(25), ചേതന്റെ മകൻ റോഷൻ(23) എന്നിവരാണ് കൃഷ്ണനഗർ ഷെഡിഗുമ്മയിലെ കാട്ടിനുള്ളിൽ തൂങ്ങിമരിച്ചത്.

ഇവരെ പൊലീസ് അന്വേഷിക്കുന്നതിനിടയിൽ ചൊവ്വാഴ്ച രാവിലെ മുതൽ യുവാക്കളെ കാണാതാവുകയായിരുന്നു. വൈകിട്ടാണ് ഇരുവരെയും കാട്ടിനുള്ളിൽ മരക്കൊമ്പിൽ തൂങ്ങി നിൽക്കുന്നതാണ്‌നാട്ടുകാർ കണ്ടത്. സംഭവങ്ങളുടെ നിജസ്ഥിതി അറിയാൻ മുഖ്യപ്രതിയായ ശ്രീകുമാറിനെ പിടികൂടണമെന്ന് ഇന്നലെ പൊലീസ് പറഞ്ഞിരുന്നു. ഹരീഷ് ജോലിചെയ്യുന്ന ഓയിൽ മിൽ അടുത്തകലത്താണ് ശ്രീകുമാർ ഡ്രൈവറായി ജോലിക്കെത്തിയത്. ഹരീഷിനെ വെട്ടിക്കൊന്ന ദിവസം രാത്രി ശ്രീകുമാറും തൂങ്ങിമരിച്ച റോഷനും മനുവും ഒരുമിച്ചുണ്ടായിരുന്നു. മൂന്നുപേരും ചേർന്ന് ശ്രീകുമാറിന്റെ കാറിൽ ചുറ്റിക്കറങ്ങുന്നത് നായ്ക്കാപ്പിലെ ചിലരെല്ലാം കണ്ടിരുന്നു.

സംഘം ചേർന്ന് മദ്യപിച്ച ശേഷം മൂന്നുപേരും കാറിലെത്തി കൊലനടത്തിയെന്നാണ് പറയുന്നത്. അതേസമയം മണൽ ജോലിക്ക് എന്നു പറഞ്ഞതാണ് റോഷനെയും മനുവിനെയും ശ്രീകുമാർ കാറിൽ കയറ്റി കൊണ്ടുപോയതെന്ന് ബന്ധുക്കൾ പൊലീസിന് മൊഴി നൽകിയിട്ടുണ്ട്. ഷെഡിഗുമ്മയിലെ കാട്ടിനുള്ളിലെ ഒളിത്താവളത്തിലാണ് കുമ്പളയിലെ ഗുണ്ടാസംഘം പതിവായി ഒത്തുകൂടാറുള്ളത്. ഇതേ ഒളിത്താവളത്തിൽ തന്നെയാണ് യുവാക്കൾ തൂങ്ങിമരിച്ചത്. മറ്റൊരു ഒളിത്താവളത്തിൽ വച്ചാണ് ശ്രീകുമാറിനെ പൊലീസ് പൊക്കിയത്. അതേസമയം റോഷൻ, മണി എന്നിവരുടെ മരണങ്ങൾക്ക് പിന്നിൽ ശ്രീകുമാറാണെന്ന് ബന്ധുക്കൾ ആരോപിച്ച് രംഗത്തെത്തിയിട്ടുണ്ട്.

ഒരു സ്ത്രീയുമായുള്ള ബന്ധത്തെ ചൊല്ലിയുള്ള വ്യക്തിവൈരാഗ്യമാണ് കൊലയിലേക്ക് നയിച്ചതെന്നാണ് മുഖ്യപ്രതി നൽകിയ മൊഴി. 5 മാസത്തിലേറെയായി പ്രതി ശ്രീകുമാറിന് കൊല്ലപ്പെട്ട ഹരീഷുമായി വൈരാഗ്യമുണ്ടായിരുന്നു. ഒരുമിച്ചിരുന്ന് മദ്യപിച്ച ശേഷമാണ് നാലംഗ സംഘം കൃത്യം നടത്തിയത്. കൊലപാതകത്തിന്റെ ആസൂത്രണങ്ങൾ നടത്തിയത് മദ്യപാനത്തിനിടെയായിരുന്നു. അതേ സമയം ആത്മഹത്യ ചെയ്ത മണിക്കും റോഷനും കൊല്ലപ്പെട്ട ഹരീഷമായി മുൻപരിചയമോ ബന്ധമോ ഇല്ലെന്ന് പൊലീസ് വ്യക്തമാക്കി. കൊലപാതകത്തിന് ശേഷം ഉപേക്ഷിച്ച വസ്ത്രം കണ്ടെത്താൻ പ്രതി ശ്രീകുമാറുമായി പൊലീസ് തെളിവെടുപ്പ് നടത്തുകയാണ്.

റോഷൻ, മണി എന്നിവരുൾപ്പെടെ നാലംഗസംഘമാണ് കൊലപാതകത്തിൽ നേരിട്ട് പങ്കെടുത്തതെന്നാണ് ശ്രീകുമാറിന്റെ മൊഴി. റോഷന്റേയും മണികണ്ഠന്റേയും മരണം ആത്മഹത്യ തന്നെയെന്ന് പൊലീസ് സ്ഥിരീകരിച്ചു. കേസിൽ പ്രതിയാകുമെന്ന ഭയം കൊണ്ട് ആത്മഹത്യ ചെയ്തതെന്നാണ് പൊലീസ് കണ്ടെത്തൽ. തിങ്കളാഴ്ച രാത്രി 9.30യോടെയാണ് കാറിലെത്തിയ സംഘം വീട്ടിലേക്കുള്ള വഴിയിൽ വച്ച് ഹരീഷിനെ തടഞ്ഞുനിർത്തി ആക്രമിച്ചത്. പോസ്റ്റ്‌മോർട്ടത്തിൽ തലക്കും കഴുത്തിനുമേറ്റ വെട്ടുകളാണ് മരണകാരണമെന്ന് സ്ഥിരീകരിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്തം പുരണ്ട കത്തി കണ്ടെടുത്തിട്ടുണ്ട്. മറ്റൊരു ആയുധം കൂടി കണ്ടെത്താനുണ്ടെന്ന് പൊലീസ് പറഞ്ഞു.

ദരിദ്രകുടുംബത്തിലെ അംഗങ്ങളായ യുവാക്കളുടെ ആത്മഹത്യക്ക് ഉത്തരവാദി ശ്രീകുമാറാണെന്ന് ബന്ധുക്കൾ ആരോപിച്ചു. ഹരീഷിന്റെ കൊലപാതകം നടന്ന തിങ്കളാഴ്ച രാവിലെ വീട്ടിൽ നിന്ന് പോയ ഇവർ രാത്രി പത്തരയോടെയാണ് വീട്ടിലെത്തിയത്. പിന്നീട് മണൽ ജോലിക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്ന് പോവുകയായിരുന്നു.