കുമരകം: പ്രണയത്തർക്കത്തെ തുടർന്ന് ആൺസുഹൃത്ത് തൂങ്ങി മരിക്കുന്നതു കണ്ട് ഭയന്നോടിയ പെൺകുട്ടിയിൽ നിന്ന് വിശദ മൊഴി എടുത്ത് പൊലീസ്. പെൺകുട്ടിയുമായുള്ള തർക്കത്തെ തുടർന്ന് സുഹൃത്ത് വെച്ചൂർ സ്വദേശി ഗോപി വിജയ് ചീപ്പുങ്കലിൽ ആളൊഴിഞ്ഞ കെട്ടിടത്തിൽ തൂങ്ങിമരിച്ചു. ആ കാഴ്ച കണ്ടാണ് ഓടിപ്പോയതെന്ന് പെൺകുട്ടി പൊലീസിനോടു പറഞ്ഞു. നാടകീയ സംഭവങ്ങളാണ് അന്നുണ്ടായത്.

'നഴ്‌സിങ് പഠനത്തിനു ചേരാൻ ബെംഗളൂരുവിൽ പ്രവേശനം ലഭിച്ചിരുന്നു. ഇതിനെ ഗോപി എതിർത്തു. പോകരുതെന്നു പറഞ്ഞു. തിങ്കളാഴ്ച ചീപ്പുങ്കലിലേക്ക് വിളിച്ചുവരുത്തി. ബെംഗളൂരുവിലേക്കു പോകരുതെന്ന് വീണ്ടും പറഞ്ഞു. പോകുമെന്നു ഞാൻ പറഞ്ഞു. ഉടനെ ആത്മഹത്യക്കുറിപ്പ് എടുത്തു തന്നു. അതിനുശേഷം കുരുക്ക് കഴുത്തിൽ അണിഞ്ഞ് ചാടാൻ പോയി. ഗോപിയെ ആദ്യം പിന്തിരിപ്പിച്ചു. ബഹളം വച്ചെങ്കിലും ആരും വന്നില്ല. വിവരം അറിയിക്കാൻ പുറത്തേക്ക് ഓടി. തിരികെ വന്നപ്പോൾ ഗോപി കയറിൽ തൂങ്ങിക്കിടക്കുന്നതു കണ്ടു-യുവതി പൊലീസിനോട് പറഞ്ഞു.

ഇതുകണ്ട് ഭയന്നുപോയി. എങ്ങോട്ടോ ഓടി. കുറ്റിക്കാട്ടിൽ വീണു. ബോധം കെട്ടു വീണു. രാത്രി പാതി ബോധം തെളിഞ്ഞു.' പെൺകുട്ടി പൊലീസിനോടു വിവരിച്ചു. യുവാവിന്റേതെന്ന് കരുതുന്ന ആത്മഹത്യാക്കുറിപ്പും മൃതദേഹത്തിൽനിന്ന് പൊലീസിന് ലഭിച്ചിരുന്നു. യുവതിയുമായി വഴക്കുണ്ടായെന്നും ഇനി ജീവിച്ചിരിക്കില്ലെന്നും കുറിപ്പിൽ പറയുന്നു. യുവതിയുടെ ബാഗും മൊബൈൽഫോണും മാസ്‌കും ടവ്വലും മൃതദേഹം കണ്ടെത്തിയ പുരയിടത്തിൽതന്നെ അല്പംമാറി ഉപേക്ഷിച്ചനിലയിൽ പൊലീസ് കണ്ടെത്തിയിരുന്നു. സംഭവ ദിവസം പൊലീസും നാട്ടുകാരും മണിക്കൂറുകൾ തിരച്ചിൽ നടത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താനായിരുന്നില്ല. പൊലീസ് നായ മണം പിടിച്ച് പെൺകുട്ടി കിടന്ന ഭാഗത്ത് എത്തിയിരുന്നു. വെള്ളം നിറഞ്ഞ പ്രദേശമായതിനാൽ ഇവിടേക്ക് ആരും ശ്രദ്ധിച്ചില്ല.

ഇന്നലെ രാവിലെ സമീപത്തെ ആളൊഴിഞ്ഞ പൊന്തക്കാട്ടിൽ കണ്ടെത്തി. ഭയന്നോടിയ താൻ ബോധരഹിതയായി കുറ്റിക്കാട്ടിൽ വീണു പോയതാണെന്നു പെൺകുട്ടി മൊഴി നൽകിയതായി ഡിവൈഎസ്‌പി ജെ. സന്തോഷ് കുമാർ പറഞ്ഞു. കോടതിയിൽ ഹാജരാക്കിയ പെൺകുട്ടിയെ വൈകിട്ടോടെ വീട്ടിലെത്തിച്ചു. ചീപ്പുങ്കൽ മാലിക്കായൽ ഭാഗത്ത് പകൽ പോലും ആളുകൾ അധികം പോകാൻ മടിക്കുന്ന സ്ഥലത്താണ് പെൺകുട്ടി രാത്രി ഒറ്റയ്ക്ക് കഴിഞ്ഞത്.

രാവിലെ പാടത്തു പോത്തിനെ കെട്ടാൻ എത്തിയ മാലിക്കായൽ സ്വദേശി വിനോദാണ് പെൺകുട്ടിയെ കണ്ടത്. തുടർന്ന് പൊലീസിൽ വിവരം അറിയിക്കുകയായിരുന്നു. തിങ്കളാഴ്ച രാവിലെ 11 മണിയോടെ കുമരകം ചീപ്പുങ്കൽ മാലിക്കായലിന് സമീപത്ത് ടൂറിസം വകുപ്പിന്റെ കാടുപിടിച്ചുകിടക്കുന്ന തകർന്ന കെട്ടിടത്തിലേക്ക് യുവാവും യുവതിയും കയറിപ്പോകുന്നത് നാട്ടുകാർ കണ്ടിരുന്നു. മണിക്കൂറുകൾ കഴിഞ്ഞിട്ടും ഇരുവരെയും പുറത്തേക്ക് കാണാതായതോടെ നാട്ടുകാർ നടത്തിയ തിരച്ചിലിലാണ് യുവാവിനെ മരത്തിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്.

സംഭവസ്ഥലത്ത് കണ്ടെത്തിയ ബാഗിൽനിന്ന് ലഭിച്ച മൊബൈൽഫോൺ പിന്തുടർന്നു നടത്തിയ അന്വേഷണത്തിൽ യുവതിയെ പൊലീസ് തിരിച്ചറിഞ്ഞു. തുടർന്ന്, വീട്ടുകാരെ വിളിച്ചുവരുത്തി അന്വേഷണസംഘം വിവരങ്ങൾ ശേഖരിച്ചു. എന്നാൽ, യുവതിക്ക് പ്രണയമുണ്ടായിരുന്നതായി അറിയില്ലെന്ന് വീട്ടുകാർ പൊലീസിനോട് പറഞ്ഞു. സംഭവസ്ഥലത്തെത്തിയ പൊലീസ് നായ സമീപത്തെ റിസോർട്ടിന് വശത്തുകൂടി ഓടി പ്രധാനവഴിയിലെ ബസ് സ്റ്റോപ്പിലെത്തി നിന്നു. പിന്നീട് വെള്ളക്കെട്ടുള്ള ഭാഗത്തേക്ക് നായ ഓടിപ്പോയി.

പെൺകുട്ടി വെള്ളത്തിൽ വീണിട്ടുണ്ടാകാമെന്ന നിഗമനത്തിൽ നാട്ടുകാരുടെ സഹായത്തോടെ പൊലീസ് തിങ്കളാഴ്ച വൈകീട്ട് സമീപപ്രദേശത്തെ വെള്ളത്തിൽ തിരച്ചിൽ നടത്തിയെങ്കിലും കണ്ടെത്താനായിരുന്നില്ല.