കാസർകോട്: കാസർകോട് ജില്ലയിൽ തെരഞ്ഞെടുപ്പ് ചെലവിനായി ബിജെപിക്ക് പണമെത്തിയതും നേതാക്കൾ കൈകാര്യം ചെയ്തതും അന്വേഷിക്കണമെന്ന ആവശ്യം ശക്തമാകുന്നു. നേതാക്കൾക്കെതിരെ പ്രതിഷേധം കനത്തതോടെ ബിജെപി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി ഓഫീസ് കുമ്പളയിൽ പ്രവർത്തകർ പൂട്ടിയിട്ടു.

കേന്ദ്രത്തിൽ നിന്നുള്ള ഫണ്ടായി 14 കോടി രൂപയാണ് മംഗളൂരുവിൽ നിന്ന് ജില്ലയിലെത്തിയത്. മഞ്ചേശ്വരം മണ്ഡലത്തിൽ 6 കോടിയും കാസർകോട് അഞ്ച് കോടിയുമെത്തി. ഫണ്ട് താഴെത്തട്ടിലേക്ക് എത്തിയില്ലെന്നാണ്പ്രാദേശിക നേതാക്കളും പ്രവർത്തകരും പറയുന്നത്. പാർട്ടിയോടല്ല പണത്തോടാണ് നേതാകൾക്ക് ആക്രാന്തമെന്ന് ഇവർ ആക്ഷേപിക്കുന്നു. തിരുത്തൽ ശക്തിയായി നിൽക്കേണ്ട നേതാക്കളുടെ പാർട്ടിവിരുദ്ധ പ്രവർത്തനങ്ങൾക്ക് ആർഎസ്എസ് നേതാക്കളും കൂട്ടുനിൽക്കുകയാണന്നും ഇവർ ആരോപിക്കുന്നു.

ഓൺലൈനിൽ ചേർന്ന ജില്ലാകമ്മിറ്റി യോഗം ഭൂരിഭാഗം അംഗങ്ങളും ബഹിഷ്‌കരിച്ചതിന് പിന്നാലെ മണ്ഡലം കമ്മിറ്റികളുടെ യോഗങ്ങളും ചേരാനായില്ല. മഞ്ചേശ്വരം കമ്മിറ്റി യോഗവും ഭൂരിഭാഗവും ബഹിഷ്‌കരിച്ചു. തുടർന്നാണ് കുമ്പളയിലെ മണ്ഡലം കമ്മിറ്റി ഓഫീസ് പ്രവർത്തകർ പൂട്ടിയിട്ടത്. മണ്ഡലത്തിൽ ലഭിച്ച പണം ജില്ലാ നേതാക്കൾ കൈക്കലാക്കിയെന്നാണ് ഇവരുടെ ആക്ഷേപം. സംസ്ഥാന പ്രസിഡന്റ് കെ സുരേന്ദ്രൻ മത്സരിച്ച മഞ്ചേശ്വരത്തെ സംഭവവികാസങ്ങൾ ബിജെപി ജില്ലാ നേതൃത്വത്തെ ഞെട്ടിപ്പിച്ചിരിക്കുകയാണ്.

തെരഞ്ഞെടുപ്പിന് ശേഷം ജില്ലാ നേതാക്കൾ, പ്രതിഷേധം ഭയന്നു പ്രദേശിക നേതാക്കളെയും പ്രവർത്തകരെയും കാണാൻ തയ്യാറായിട്ടില്ല. കേന്ദ്രമന്ത്രി വി മുരളീധരന്റെയും കെ സുരേന്ദ്രന്റെയും പിൻബലമാണ് ജില്ലാ നേതൃത്വത്തിന്റെ ശക്തി. ഇതിന്റെ ബലത്തിൽ എല്ലാ പ്രതിഷേധങ്ങളെയും അവഗണിക്കുകയാണ്.

കുഴൽപണ കേസ് അന്വേഷണം സംസ്ഥാന നേതാക്കൾക്കെതിരെ നീളുമ്പോൾ ഈ പിൻബലം എത്ര നാളുണ്ടാകുമെന്നാണ് എതിർവിഭാഗം ചോദിക്കുന്നത്. അന്വേഷണം കണ്ണൂരിലെത്തിയതോടെ കാസർകോടേക്കും നീളുമോയെന്ന ആശങ്കയിലാണ് ജില്ലയിലെ നേതാക്കൾ.